സെന്റ് കിറ്റ്സ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ഏകദിനത്തിൽ 90 റൺസിന്റെ തകർപ്പൻ വിജയം കുറിച്ച് ഓസ്ട്രേലിയൻ വനിതകൾ (Australia vs West Indies Women’s ODI). ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. സെന്റ് കിറ്റ്സിലെ വാർണർ പാർക്കിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് 179 റൺസിന് എല്ലാവരും പുറത്തായി.
65 റൺസെടുത്ത ബെത്ത് മൂണിയുടെ കരുത്തിലാണ് ഓസ്ട്രേലിയ മാന്യമായ സ്കോർ ഉയർത്തിയത്. പ്ലെയർ ഓഫ് ദി മാച്ച് ജോർജിയ വെയർഹാം (3/29), ആഷ് ഗാർഡ്നർ (3/34) എന്നിവരുടെ സ്പിൻ കരുത്തിന് മുന്നിൽ വിൻഡീസ് നിര തകർന്നടിയുകയായിരുന്നു. താൽക്കാലിക ക്യാപ്റ്റൻ താലിയ മഗ്രാത്ത് ബാറ്റിംഗിലും (24 റൺസ്) ബൗളിംഗിലും (2 വിക്കറ്റ്) തിളങ്ങി. പതിവ് ക്യാപ്റ്റൻ സോഫി മോളിന്യൂക്സിന് പരിക്കേറ്റതിനാലാണ് മഗ്രാത്ത് ടീമിനെ നയിച്ചത്.
വെസ്റ്റ് ഇൻഡീസിനെതിരെ ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയ നേടുന്ന തുടർച്ചയായ 15-ാം വിജയമാണിത്. 2013-ലെ ലോകകപ്പ് ഫൈനൽ മുതലുള്ള ആധിപത്യം ഓസ്ട്രേലിയ ഇപ്പോഴും തുടരുന്നു. ഈ വർഷം ഇംഗ്ലണ്ടിലും വെയ്ൽസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള മികച്ച തയ്യാറെടുപ്പായിട്ടാണ് ഈ പരമ്പരയെ കാണുന്നതെന്ന് താലിയ മഗ്രാത്ത് പറഞ്ഞു. പരമ്പരയിലെ ആദ്യ മത്സരത്തിൽ 103 റൺസിനായിരുന്നു ഓസീസിന്റെ വിജയം.

