

ഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങൾ ഏതൊക്കെയാണ്? ഒരു തുള്ളി വെള്ളത്തിനായി ഭൂമി ദാഹിക്കുന്ന ഇടങ്ങൾ ഏറെയാണ്. ധ്രുവപ്രദേശങ്ങളിലെ മഞ്ഞുമരുഭൂമികളെ മാറ്റിനിർത്തിയാൽ നമ്മുടെ ഭൂമിയിൽ മഴ മുഖം തിരിക്കുന്നോരിടമുണ്ട്, അതാണ് അറ്റക്കാമ മരുഭൂമി (Atacama Desert). വരണ്ട പാറക്കെട്ടുകളും ഉപ്പുവെള്ള തടാകങ്ങളും നിറഞ്ഞ ഈ പ്രദേശം വെറും ഒരു മരുഭൂമി എന്നതിൽ ഉപരി, ശാസ്ത്ര രഹസ്യങ്ങളും അത്ഭുതങ്ങളും ഒളിപ്പിച്ചുവെച്ചിരിക്കുന്ന ഒരു അത്ഭുത ഭൂമിയാണ്. ഭൂമിയിലെ "ചൊവ്വ ഗൃഹം" എന്ന് വിളിപ്പേരുള്ള ലോകത്തിലെ ഏറ്റവും വരണ്ട പ്രദേശമാണ് അറ്റക്കാമ.
തെക്കേ അമേരിക്കയിലെ വടക്കൻ ചിലിയിലാണ് അറ്റകാമ മരുഭൂമി സ്ഥിതി ചെയ്യുന്നത്. ആൻഡീസ് പർവതനിരകൾക്കും പസഫിക് സമുദ്രത്തിനും ഇടയിൽ ഏകദേശം 1,600 കിലോമീറ്ററിലായി വ്യാപിച്ചു കിടക്കുന്ന ഈ പീഠഭൂമിയുടെ പ്രധാന സവിശേഷത, ലോകത്തിലെ ഏറ്റവും കുറഞ്ഞ മഴ ലഭിക്കുന്ന രണ്ടാമത്തെ സ്ഥലമാണിത് എന്നതാണ്. മഴ നിഴൽ പ്രദേശം (Rain Shadow Effect) എന്ന പ്രതിഭാസമാണ് അറ്റക്കാമയുടെ ഈ കൊടുംവരൾച്ചയ്ക്ക് പിന്നിലെ പ്രധാന കാരണം. അറ്റക്കാമയുടെ കിഴക്ക് ഭാഗത്തുള്ള ആൻഡീസ് പർവതനിരകൾ പസഫിക് സമുദ്രത്തിൽ നിന്നുള്ള ഈർപ്പത്തെ തടയുന്നു. തണുത്ത ഹംബോൾട്ട് പ്രവാഹം തീരദേശത്തിന്റെ താപനില കുറച്ചു കൊണ്ട് മേഘരൂപീകരണം ഇല്ലാതാക്കുന്നു, ഇത് മഴ ലഭിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഈ മൂന്ന് ഘടകങ്ങളും കൂടിച്ചേരുമ്പോൾ, അറ്റകാമയിൽ മഴ വളരെ അപൂർവമാണ്. ശരാശരി വാർഷിക മഴ 15 മില്ലിമീറ്റർ (0.6 ഇഞ്ച്) മാത്രമാണ്. ചില പ്രദേശങ്ങളിൽ വർഷങ്ങളായി മഴ ലഭിക്കാത്ത ചരിത്രമുണ്ട്.
അറ്റകാമ മരുഭൂമിയിലെ ചില പ്രദേശങ്ങളിൽ, കഴിഞ്ഞ നാനൂറ് വർഷത്തിൽ ഒരിക്കൽ പോലും ഒരു തുള്ളി മഴ പോലും പെയ്തിട്ടില്ല എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. മണ്ണ് വളരെ വരണ്ടതായതിനാൽ, ഈ മരുഭൂമിയിൽ ചത്ത ജീവികൾ പോലും നൂറുകണക്കിന് വർഷങ്ങളായി കേടുകൂടാതെയിരിക്കുന്നു, അതുകൊണ്ടാണ് അറ്റകാമയെ "ഭൂമിയിലെ ഏറ്റവും പ്രകൃതിദത്തമായ മമ്മിഫിക്കേഷൻ മ്യൂസിയം" എന്ന് വിശേഷിപ്പിക്കുന്നത്. അറ്റകാമയുടെ ഭൂപ്രകൃതി ശരിക്കും സവിശേഷമാണ്, ഉപ്പ് പരപ്പുകൾ, കാറ്റ് കൊത്തിയെടുത്ത പാറക്കൂട്ടങ്ങൾ. ഒറ്റനോട്ടത്തിൽ ഹോളിവുഡ് സിനിമ സെറ്റ് പോലെ ഇവിടം തോന്നിയേക്കാം.
മരുഭൂമിയുടെ ചില ഭാഗങ്ങൾ ചൊവ്വയുടെ ഉപരിതലത്തോട് ഏറെ സാമ്യമുണ്ട്. ഭൂമിയിലെ ഏറ്റവും കുറഞ്ഞ വാസയോഗ്യമായ പ്രദേശങ്ങളിലൊന്നാണ് അറ്റകാമ. ഇക്കാരണത്താൽ, നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ ചൊവ്വയിലേക്കുള്ള ദൗത്യങ്ങൾക്കുള്ള ഉപകരണങ്ങൾ പരീക്ഷിക്കുന്നതിനായി ഈ പ്രദേശത്തെ ഒരു പരീക്ഷണ കേന്ദ്രമായി ഉപയോഗിക്കുന്നു. ഇത് കൂടാതെ, വരണ്ട കാലാവസ്ഥയും തെളിഞ്ഞ ആകാശവും കാരണം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച സ്ഥലങ്ങളിൽ ഒന്നാണ് അറ്റകാമ. ലോകത്തിലെ ഏറ്റവും വലിയ ജ്യോതിശാസ്ത്ര നിരീക്ഷണാലയങ്ങളിലൊന്നായ അറ്റകാമ ലാർജ് മില്ലിമീറ്റർ/സബ്മില്ലിമീറ്റർ അറേ (ALMA) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.
ഭൂമിയിലെ വരണ്ട പ്രദേശം എന്ന് പറയുമ്പോഴും, ഇവിടെ ജീവന്റെ തുടിപ്പ് ഒട്ടുമില്ല എന്ന് കരുതേണ്ട. അപൂർവ്വമായി മാത്രം പെയ്യുന്ന കനത്ത മഴക്കാലത്ത്, മരുഭൂമിയുടെ വലിയൊരു ഭാഗം വർണ്ണാഭമായ പൂക്കളാൽ മൂടപ്പെട്ടിരിക്കും, "ഡെസിയേർട്ടോ ഫ്ലോറിഡോ" എന്നറിയപ്പെടുന്ന ഒരു പ്രതിഭാസമാണിത്. 500-ലധികം സസ്യജാലങ്ങൾ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. ഏതാനം ദിവസങ്ങൾക്ക് മുൻപ് അറ്റകാമയിൽ വസന്തം എത്തിയിരുന്നു. അറ്റകാമയിൽ പൂക്കളുടെ വസന്തകാലം കാണുവാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്. തീരത്തിനടുത്തുള്ള ചില പ്രദേശങ്ങളിൽ, പസഫിക് സമുദ്രത്തിൽ നിന്നുള്ള കട്ടിയുള്ള മൂടൽമഞ്ഞ് രൂപം കൊള്ളുന്നു. ഇതിനെ കമഞ്ചക എന്ന് വിശേഷിപ്പിക്കുന്നു. ഇതാണ് ഈ മരുഭുമിയിലെ ഈർപ്പത്തിന്റെ പ്രധാന സ്രോതസ്സ്. ഇത് ലൈക്കണുകൾ, പായലുകൾ, ചിലതരം കള്ളിച്ചെടികൾ എന്നിവയുടെ വളർച്ചയെ സഹായിക്കുന്നു. ഈ മരുഭൂമിയിലെ ഏറ്റവും വരണ്ട പ്രദേശങ്ങളിൽ പോലും, ഭൂമിയിലെ ആദിമ ജീവരൂപങ്ങളോട് സാമ്യമുള്ള സൂക്ഷ്മാണുക്കളുടെ സാന്നിധ്യം ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്.
തെക്കൻ അറ്റകാമയിൽ, മനുഷ്യരൂപങ്ങൾ, മൃഗങ്ങൾ, സൂര്യ ചിഹ്നങ്ങൾ എന്നിവ ചിത്രീകരിക്കുന്ന അറ്റകാമയിലെ ജിയോഗ്ലിഫ്സ് എന്നറിയപ്പെടുന്ന ഭീമൻ മണൽ ശിൽപങ്ങൾ കണ്ടെത്തിയിട്ടുണ്ട്. 9-ാം നൂറ്റാണ്ടിനും 15-ാം നൂറ്റാണ്ടിനും ഇടയിൽ ആൻഡിയൻ സംസ്കാരത്തിലെ ഗോത്രങ്ങളാണ് ഇവ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നിരുന്നാലും, അവയുടെ യഥാർത്ഥ ഉദ്ദേശ്യം ഒരു രഹസ്യമായി ഇന്നും തുടരുന്നു. ചിലർ അവ നക്ഷത്രാരാധനയുടെ ഭാഗമായിരുന്നുവെന്ന് പറയുന്നു, മറ്റുചിലർ അവ സഞ്ചാരികളെ നയിക്കാൻ നിർമ്മിച്ചതാണെന്ന് വിശ്വസിക്കുന്നു.
Summary: The Atacama Desert in northern Chile is the driest place on Earth, where some regions haven’t seen rain for centuries. Known as the “Mars on Earth,” this vast plateau hides scientific wonders and eerie mysteries. Between its salt plains, wind-sculpted rocks, and endless silence, the desert reveals both the limits of life and the boundless curiosity of humankind.