ഇസ്ലാമാബാദ്: പാകിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി ജനറൽ അസിം മുനീർ. പാക് ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനായി അദ്ദേഹത്തെ ഔദ്യോഗികമായി നിയമിച്ചു. പാക് പ്രസിഡൻ്റ് ആരിഫ് അൽവി സർദാരിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. നവംബർ 12-ന് പാസാക്കിയ 27-ാമത് ഭരണഘടനാ ഭേദഗതിയെ തുടർന്നാണ് ഈ സുപ്രധാന നീക്കം.(Asim Munir appointed as Pakistan's first Chief of Defense Force)
സർവ സൈന്യങ്ങളെയും ഏകീകരിക്കുക, നിർണായക സാഹചര്യങ്ങളിൽ തീരുമാനമെടുക്കുക, സൈനിക മേധാവിക്ക് സർക്കാരിനേക്കാൾ അധികാരം ഉറപ്പാക്കുക എന്നിവയാണ് സി.ഡി.എഫ്. ആയി അസിം മുനീറിൻ്റെ കർത്തവ്യം. ഈ പദവിയിലൂടെ കേസുകളിൽ നിന്നും വിചാരണയിൽ നിന്നും അസിം മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും.
ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ പദവി ഏറ്റെടുക്കുന്നത് തടയാനാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് രാജ്യം വിട്ടതെന്ന റിപ്പോർട്ടുകൾ ശക്തമാവുകയാണ്. സി.ഡി.എഫ്. ഇതിന് പിന്നാലെ ഷെഹ്ബാസ് ആദ്യം ബഹ്‌റൈനിലേക്കും പിന്നീട് ലണ്ടനിലേക്കും പോയതായി നാഷണൽ സെക്യൂരിറ്റി അഡ്വൈസറി ബോർഡ് മുൻ അംഗം തിലക് ദേവാഷർ വെളിപ്പെടുത്തിയിരുന്നു (എ.എൻ.ഐ. റിപ്പോർട്ട്).
സി.ഡി.എഫ്. മേധാവിയാകുന്ന വിജ്ഞാപനത്തിൽ ഒപ്പിടേണ്ട ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള പാക് പ്രധാനമന്ത്രിയുടെ മനഃപൂർവ നീക്കമാണ് ഇതെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഷെഹ്ബാസ് ഷെരീഫിൻ്റെ ഈ 'തന്ത്രപരമായ അഭാവം' പാക്കിസ്ഥാൻ സൈന്യത്തിനകത്തും രാഷ്ട്രീയ മണ്ഡലങ്ങളിലും വൻ ചർച്ചയായി മാറിയിരിക്കുകയാണ്.
അസിം മുനീറിൻ്റെ കരസേനാ മേധാവി കാലാവധി നവംബർ 29-ന് അവസാനിച്ചിരുന്നു. ഇതേത്തുടർന്ന് പാകിസ്ഥാന് ഔദ്യോഗിക സൈനിക മേധാവിയില്ലാതെ വരുമെന്ന ഗുരുതരമായ അവസ്ഥയിലായിരുന്നു നീക്കം. ആണവായുധ നിയന്ത്രണത്തിനുള്ള നാഷണൽ കമാൻഡ് അതോറിറ്റിയും (NCA) നേതൃത്വമില്ലാതെ പ്രവർത്തിക്കുന്ന അപൂർവ സാഹചര്യമുണ്ടായിരുന്നു. ആണവശേഷിയുള്ള രാജ്യത്തിന് ഇത്തരമൊരു ശൂന്യത അത്യന്തം അപകടകരമാണെന്ന് രാഷ്ട്രീയ-സുരക്ഷാ നിരീക്ഷകർ ചൂണ്ടിക്കാട്ടി.
27-ാം ഭരണഘടനാ ഭേദഗതിയിലൂടെ സൃഷ്ടിച്ച സി.ഡി.എഫ്. പദവി അസിം മുനീറിന് അഞ്ച് വർഷത്തേക്കാണ് നൽകിയിരിക്കുന്നത്. പുതിയ നിയമനത്തോടെ പാകിസ്ഥാൻ സൈനിക, രാഷ്ട്രീയ രംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്.