ഫ്ലോറിഡ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം നിർണ്ണായക ഘട്ടത്തിലേക്ക്. ദൗത്യത്തിന്റെ വിക്ഷേപണ വാഹനമായ എസ്.എൽ.എസ് റോക്കറ്റും ഓറിയോൺ പേടകവും ശനിയാഴ്ച പുലർച്ചെ കെന്നഡി സ്പേസ് സെന്ററിലെ വെഹിക്കിൾ അസംബ്ലി ബിൽഡിംഗിൽ നിന്ന് ലോഞ്ച് പാഡ് 39B-യിലേക്ക് മാറ്റി.(Artemis II rocket reaches launch pad)
ശനിയാഴ്ച രാവിലെ 7:04-ന് ആരംഭിച്ച നീക്കം ഏകദേശം 12 മണിക്കൂർ എടുത്താണ് പൂർത്തിയാക്കിയത്. സെക്കൻഡിൽ അര മീറ്ററിൽ താഴെ വേഗത്തിൽ ചലിക്കുന്ന കൂറ്റൻ 'ക്രോളർ ട്രാൻസ്പോർട്ടർ' വഴിയാണ് 4 മൈൽ ദൂരമുള്ള ലോഞ്ച് പാഡിലേക്ക് റോക്കറ്റിനെ എത്തിച്ചത്. ഫെബ്രുവരി രണ്ടാം വാരത്തിന് മുന്നോടിയായി റോക്കറ്റിൽ ഇന്ധനം നിറച്ചുള്ള അന്തിമ പരിശോധനയായ 'വെറ്റ് ഡ്രെസ് റിഹേഴ്സൽ' നടക്കും.
നിലവിലെ പ്ലാൻ അനുസരിച്ച് ഫെബ്രുവരി 6-നാണ് വിക്ഷേപണം ലക്ഷ്യമിടുന്നത്. സാങ്കേതിക തടസ്സങ്ങളുണ്ടായാൽ ഫെബ്രുവരി 11 വരെ നീളുന്ന വിക്ഷേപണ ജാലകം ലഭ്യമാണ്. 50 വർഷത്തിലേറെ നീണ്ട ഇടവേളയ്ക്ക് ശേഷം ചന്ദ്രനിലേക്ക് മനുഷ്യർ പോകുന്ന ആദ്യ ദൗത്യമാണിത്. 10 ദിവസം നീളുന്ന ഈ യാത്രയിൽ നാലംഗ സംഘം ചന്ദ്രനെ വലംവെച്ച് ഭൂമിയിലേക്ക് തിരികെ എത്തും. ഓറിയോൺ പേടകത്തിന്റെ ലൈഫ് സപ്പോർട്ട് സിസ്റ്റങ്ങൾ പരിശോധിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.
റീഡ് വൈസ്മാൻ (കമാൻഡർ, നാസ), വിക്ടർ ഗ്ലോവർ (പൈലറ്റ്, നാസ) - ചന്ദ്രനിലേക്ക് പോകുന്ന ആദ്യ ആഫ്രിക്കൻ വംശജൻ, ക്രിസ്റ്റീന കോച്ച് (മിഷൻ സ്പെഷ്യലിസ്റ്റ്, നാസ) - ചന്ദ്രനിലേക്ക് പോകുന്ന ആദ്യ വനിത, ജെറമി ഹാൻസെൻ (മിഷൻ സ്പെഷ്യലിസ്റ്റ്, കനേഡിയൻ സ്പേസ് ഏജൻസി) എന്നിവരാണ് ബഹിരാകാശ യാത്രികർ.