
മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത ഇടമുണ്ടോ ഭൂമിയിൽ? ഇല്ല അല്ലെ. നമ്മുടെ ഭൂമിയിൽ അങ്ങോളം ഇങ്ങോളം നിഗൂഢതകൾ നിറഞ്ഞ ഒട്ടനവധി ഇടങ്ങളുണ്ട്. മനുഷ്യൻ കണ്ടും കെട്ടും അറിയുന്ന ഇടങ്ങൾ ഏറെയാണ്. എന്നാൽ ഒരു സാധാരണ മനുഷ്യന് ഒരിക്കലും പ്രവേശിക്കാൻ കഴിയാത്തൊരിടമുണ്ട് - അമേരിക്കയുടെ നെവാഡ മരുഭൂമിയിൽ ഒളിഞ്ഞിരിക്കുന്ന ഏരിയ 51 (Area 51). ഒട്ടനവധി രഹസ്യങ്ങൾ കൊണ്ട് നിറഞ്ഞയിടം അതാണ് ഏരിയ 51. അന്യഗ്രഹ ജീവികളുടെ വിഹാര കേന്ദ്രമെന്നാണ് ഇവിടം പരക്കെ അറിയപ്പെടുന്നത്. അമേരിക്ക തങ്ങളുടെ ആയുധങ്ങൾ വികസിപ്പിക്കുന്നത് ഇവിടെയാണ് എന്നും പറയപ്പെടുന്നു. അന്യഗ്രഹജീവികളുടെ പോക്ക് വരവ് കാരണമാണ് ഇവിടേക്ക് സാധാരണക്കാരനെ പ്രവേശിപ്പിക്കാത്തത് അത്രേ. മരുഭൂമി പോലെ വരണ്ട് ഏരിയ 51 നെ കുറിച്ച് പ്രചരിക്കുന്നത് കഥകൾക്ക് ഒട്ടും പഞ്ഞമില്ല.
അമേരിക്കയുടെ പ്രശസ്തമായ വ്യോമസേനാ താവളമാണ് ഏരിയ 51. നെവാഡ മരുഭൂമിയിലെ വരണ്ട തടാകമായ ഗ്രൂം തടാകത്തിലാണ് അന്യഗ്രഹജീവികളുടെ പറുദീസയുള്ളത്. ലാസ് വെഗാസിൽ നിന്ന് ഏകദേശം 85 മൈൽ (135 കിലോമീറ്റർ) വടക്കായിട്ടാണ് ഏരിയ 51 സ്ഥിതിചെയ്യുന്നത്. ഏരിയ 51 നുള്ളിൽ നടക്കുന്നത് അതീവ രഹസ്യമാണ്. ചുറ്റിനും മുന്നറിയിപ്പ് അടയാളങ്ങൾ, ഇരുപത്തിനാലു മണിക്കൂറും കൈയിൽ ആയുധമേന്തി ചുറ്റിനും കാവൽ നിൽക്കുന്ന ഗാർഡുകൾ. നെവാഡയിലൂടെ പോകുന്ന സ്‌റ്റേറ്റ് ഹൈവേ 375ല്‍ നിന്നും ഉള്ളിലേക്ക് പോകുന്ന ഒരു മണ്‍പാതയുണ്ട്. സാധാരണ യാത്രക്കാർ അത്ര കണ്ട ശ്രദ്ധിക്കുക പോലും ചെയ്യാത്ത ഈ പാതയുടെ അവസാനത്തിലാണ് ഏരിയ 51ലേക്കുള്ള കവാടം. ചുറ്റും വിജനമാണെങ്കിലും ഇവിടേക്ക് അതിക്രമിച്ച് കടക്കാം എന്ന് സ്വപനത്തിൽ പോലും വിചാരിക്കണ്ട.
യു-2, എസ്ആർ-71 ബ്ലാക്ക്ബേർഡ് രഹസ്യാന്വേഷണ വിമാനങ്ങൾ ഉൾപ്പെടെയുള്ള വിമാനങ്ങളുടെ പരീക്ഷണ വികസന കേന്ദ്രമായിട്ടാണ് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള ശീതയുദ്ധകാലത്ത് ഏരിയ 51 സൃഷ്ടിക്കപ്പെട്ടത്. 1955 ൽ ഏരിയ 51 പ്രവർത്തനം ആരംഭിച്ചെങ്കിലും, 2013 ഓഗസ്റ്റിൽ മാത്രമാണ് ഏരിയ 51 നെ സിഐഎ (സെൻട്രൽ ഇൻ്റലിജൻസ് ഏജൻസി) ഔദ്യോഗികമായി അംഗീകരിച്ചത്. സി.ഐ.എയുടെ വെളിപ്പെടുത്തലിന് നാല് മാസങ്ങൾക്ക് ശേഷം, ഏരിയ 51 നെ കുറിച്ച് പരസ്യമായി പരാമർശിക്കുന്ന ആദ്യത്തെ അമേരിക്കൻ പ്രസിഡന്റായി പ്രസിഡന്റ് ഒബാമ മാറിയിരുന്നു. നെവാഡ ടെസ്റ്റ് ആൻഡ് ട്രെയിനിംഗ് റേഞ്ച് (Nevada Test and Training Range) എന്നാണ് ഏരിയ 51 ന്റെ ശെരിക്കുമുള്ള പേര്.
1949 ൽ അമേരിക്കയുടെ ആദ്യ ചന്ദ്രദൗത്യം പൂർത്തിയാക്കി ചിത്രങ്ങൾ ഇവിടെ നിന്നാണ് പകർത്തിയിരിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഏരിയ 51 നെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ വിരളമാണെങ്കിലും, അത്യാധുനിക വിമാനങ്ങൾ വികസിപ്പിക്കുന്നതിനായി യുഎസ് സൈന്യം ഏരിയ 51 ഉപയോഗിക്കുന്നത് തുടരുകയാണെന്ന് വിശ്വസിക്കപ്പെടുന്നു. ഏകദേശം 1,500 പേർ അവിടെ ജോലി ചെയ്യുന്നുണ്ടെന്ന് കരുതപ്പെടുന്നു. പ്രതേകം തിരഞ്ഞെടുത്തവർ മാത്രമാണ് ഏരിയ 51 ൽ പ്രവർത്തിക്കുന്നത്. ലാസ് വെഗാസിൽ നിന്നും പ്രതേകം തയ്യാറാക്കിയ ഹെലികോപ്റ്ററുകളിലാണ് ഇവിടേക്ക് ഉദ്യോഗസ്ഥർ എത്തുന്നത്. ഇതല്ലാതെ മറ്റൊരു വിമാനവും ഏരിയ 51 ന് മുകളിലൂടെ പറക്കാറില്ല.
ഏരിയ 51 ൽ അന്യഗ്രഹജീവികളും പറക്കുംതളികകളും ഉണ്ടോ?
ഏരിയ 51 നെ ചുറ്റിപ്പറ്റിയുള്ള രഹസ്യം നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങൾക്ക് ആക്കം കൂട്ടിയിട്ടുണ്ട്. 1947-ൽ ന്യൂ മെക്സിക്കോയിലെ റോസ്വെല്ലിൽ തകർന്നുവീണ ഒരു അന്യഗ്രഹ ബഹിരാകാശ പേടകവും അതിന്റെ പൈലറ്റുമാരുടെ മൃതദേഹങ്ങളും ഈ സ്ഥലത്തുണ്ടെന്ന അവകാശവാദമാണ് ഏറ്റവും പ്രസിദ്ധമായ വാദം. അന്യഗ്രഹജീവികൾ ഇല്ലായിരുന്നുവെന്നും തകർന്ന പേടകം ഒരു കാലാവസ്ഥാ ബലൂണാണെന്നും യുഎസ് സർക്കാർ വിവാദത്തിന് പിന്നാലെ അറിയിച്ചിരുന്നു.
ഏരിയ 51 സമീപത്തായി അന്യഗ്രഹജീവികളുടെ പേടകങ്ങൾ കണ്ടതായി അവകാശപ്പെടുന്നവർ നിരവധി. ചിലർ പറയുന്നത് അന്യഗ്രഹജീവികൾ അവരെ തട്ടിക്കൊണ്ടുപോയി, ഭൂമിയിലേക്ക് തിരികെ കൊണ്ടുവരുന്നതിനു മുമ്പ് പരീക്ഷണം നടത്തിയെന്നും പറയുന്നവരും ഏറെ.