

വാഷിങ്ടൺ: ഇറാൻ - അമേരിക്ക സംഘർഷം ഒരു പൂർണ്ണ യുദ്ധത്തിലേക്ക് നീങ്ങുന്നത് ഒഴിവാക്കാൻ നിർണ്ണായക ഇടപെടലുമായി അറബ് രാഷ്ട്രങ്ങൾ. ഇറാനെതിരെയുള്ള സൈനിക നടപടിയിൽ നിന്ന് തൽക്കാലം പിന്മാറാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചതിന് പിന്നിൽ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ ശക്തമായ സമ്മർദ്ദമാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.(Arab nations dissuade US from military action against Iran)
അമേരിക്ക ഇറാനെ ആക്രമിച്ചാൽ അതിന്റെ പ്രത്യാഘാതം പശ്ചിമേഷ്യയിലാകെ പടരുമെന്ന് സൗദി അറേബ്യ, ഖത്തർ, ഒമാൻ, ഈജിപ്ത് എന്നീ രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.യുദ്ധം ആരംഭിച്ചാൽ ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ഇറാൻ ലക്ഷ്യമിടുമെന്ന ഭയം അറബ് രാഷ്ട്രങ്ങൾ ട്രംപിനെ അറിയിച്ചു.
മേഖലയിലെ എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ അത് ആഗോള സമ്പദ്‌വ്യവസ്ഥയെയും ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയെയും തകിടം മറിക്കുമെന്ന് സൗദി ആശങ്കപ്പെടുന്നു. പതിറ്റാണ്ടുകളായുള്ള ശത്രുത അവസാനിപ്പിച്ച് 2023-ൽ ഇറാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിച്ച സൗദി അറേബ്യയുടെ നിലപാട് ഈ ചർച്ചകളിൽ നിർണ്ണായകമായി.
ഇറാനുമായി അടുത്ത ബന്ധമുള്ള ഒമാനും ഖത്തറും, അമേരിക്കയുമായി സുഹൃദ്ബന്ധമുള്ള സൗദിയും ഈജിപ്തും സംയുക്തമായാണ് സമാധാന നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചത്. സൈനിക നീക്കത്തിന് ഒരുങ്ങിയ ട്രംപ്, അറബ് രാജ്യങ്ങളുടെ മുന്നറിയിപ്പ് കണക്കിലെടുത്താണ് നിലപാട് മയപ്പെടുത്തിയത്.