
വാഷിങ്ടൻ: വ്യാപാര തർക്കം നിലനിൽക്കെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങും തമ്മിൽ കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നു. അടുത്ത മാസം ദക്ഷിണകൊറിയയിൽ വച്ച് നടക്കാനിരിക്കുന്ന അപെക്ക് (ഏഷ്യ – പസഫിക് സാമ്പത്തിക ഇക്കണോമിക് കോ–ഓപ്പറേഷൻ) യോഗത്തിലാണ് ഇരുനേതാക്കളും തമ്മിൽ കൂടിക്കാഴ്ച നടത്തുകയെന്നാണ് റിപ്പോർട്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചർച്ചയും ദക്ഷിണകൊറിയയിൽ വച്ച് നടന്നേക്കുമെന്നാണ് വിവരം. എന്നാൽ ട്രംപ് – ഷി തമ്മിലുള്ള ചർച്ചകളെ കുറിച്ച് വൈറ്റ്ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഒക്ടോബർ അവസാനത്തോടെ ദക്ഷിണ കൊറിയയിലെ ഗ്യോങ്‌ജുവിൽ വച്ചാണ് അപെക് ഉച്ചക്കോടി നടക്കുന്നത്. കഴിഞ്ഞ മാസം ഫോണിലൂടെ ഇരുനേതാക്കളും തമ്മിൽ സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിനിടെ ഷി ചിൻപിങ് ട്രംപിനെയും ഭാര്യയെയും ചൈനയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ദക്ഷിണ കൊറിയൻ സന്ദർശനത്തിന് എത്തുന്ന ട്രംപ് മടക്കയാത്രക്കിടെ ചൈനയിലെത്താനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
ഏപ്രിലിൽ ചൈനീസ് ഇറക്കുമതിക്ക് ട്രംപ് 145 ശതമാനം തീരുവ ചുമത്തിയിരുന്നു. ഇതിന് തിരിച്ചടിയായി ചൈനയും യുഎസ് ഉൽപ്പന്നങ്ങൾക്ക് 125 ശതമാനം തീരുവ ചുമത്തി. എന്നാൽ ചൈനക്കെതിരെ ഉയർന്ന തീരുവകൾ ഈടാക്കുന്നത് നവംബർ വരെ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ് ട്രംപ്.
കഴിഞ്ഞയാഴ്ച യുഎസിൽ എത്തിയ ദക്ഷിണ കൊറിയൻ പ്രസിഡന്റ് ലീ ജെയ് മ്യുങ്, അപെക് ഉച്ചകോടിയിൽ പങ്കെടുക്കാൻ ട്രംപിനെ ക്ഷണിച്ചിരുന്നു. ദക്ഷിണ കൊറിയൻ സന്ദർശനത്തിനിടെ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്താൻ ട്രംപ് തയ്യാറേക്കുമെന്നും സൂചനകളുണ്ട്. .