നോർത്തേൺ അയർലൻഡിൽ മലയാളി കുടുംബത്തിന് നേരെ വീണ്ടും വംശീയ അതിക്രമം: ലിമവാഡിയിൽ കാർ അഗ്നിക്കിരയാക്കി | Racist attack

ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.
നോർത്തേൺ അയർലൻഡിൽ മലയാളി കുടുംബത്തിന് നേരെ വീണ്ടും വംശീയ അതിക്രമം: ലിമവാഡിയിൽ കാർ അഗ്നിക്കിരയാക്കി | Racist attack
Published on

ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ ലണ്ടൻഡെറി കൗണ്ടിയിൽ ഇന്ത്യൻ കുടുംബത്തിന് നേരെ വീണ്ടും വംശീയ അതിക്രമം റിപ്പോർട്ട് ചെയ്തു. ലണ്ടൻഡെറിയിലെ ലിമവാഡിയിൽ താമസിക്കുന്ന ഒരു മലയാളി കുടുംബത്തിൻ്റെ കാർ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. ലിമവാഡിയിലെ ഐറിഷ് ഗ്രീൻ സ്ട്രീറ്റ് ഏരിയയിൽ താമസിക്കുന്ന കുടുംബത്തിൻ്റെ കാർ പുലർച്ചെ ഏകദേശം രണ്ട് മണിയോടെയാണ് അഗ്നിക്കിരയാക്കിയത്.(Another racist attack on a Malayali family in Northern Ireland)

കാർ പൂർണ്ണമായി കത്തി നശിച്ചെന്ന് നോർത്തേൺ അയർലൻഡ് പോലീസ് സ്ഥിരീകരിച്ചു. തീപിടിത്തത്തിൽ വീടിൻ്റെ വേലിക്കും അടുത്തുള്ള ടെലിഫോൺ പോസ്റ്റിനും കേടുപാടുകൾ സംഭവിച്ചു. സംഭവം സംബന്ധിച്ച് റിപ്പോർട്ട് ലഭിച്ചതായി പോലീസ് സ്ഥിരീകരിച്ചു. സി.സി.ടി.വി., മൊബൈൽ ദൃശ്യങ്ങൾ ശേഖരിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യക്കാരെ ലക്ഷ്യമിട്ടുള്ള സമാന ആക്രമണങ്ങൾ പ്രദേശത്ത് വർദ്ധിച്ചു വരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ ആഴ്ചയും ഒരു ഇന്ത്യൻ കുടുംബത്തിൻ്റെ കാറിൻ്റെ നാല് ടയറുകളും കുത്തിക്കീറിയ നിലയിൽ കണ്ടെത്തിയിരുന്നു.

തുടർച്ചയായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ, മലയാളി സമൂഹങ്ങളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകൾ അംഗങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച് ഡി.യു.പി. കൗൺസിലർ ആരോൺ ക്യാലൻ രംഗത്തെത്തി.

"ഇത്തരം അതിക്രമങ്ങൾക്കു നമ്മുടെ സമൂഹത്തിൽ സ്ഥാനമില്ല. അക്രമം നടത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരും. ലിമവാഡി എല്ലാവരെയും സ്വാഗതം ചെയ്യുന്ന നഗരമാണ്. വംശീയ, വർഗ്ഗീയ അക്രമങ്ങൾക്കെതിരെ അവിടുത്തെ താമസക്കാർ ഒറ്റക്കെട്ടായി നിൽക്കും," അദ്ദേഹം പ്രതികരിച്ചു. ഇത് കുടിയേറ്റക്കാർക്കെതിരായ ആക്രമണമാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, രാജ്യത്തിൻ്റെ പല ഭാഗത്തും സമാനമായ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് മലയാളി ഗ്രൂപ്പുകളിലെ സന്ദേശത്തിൽ പറയുന്നു.

Related Stories

No stories found.
Times Kerala
timeskerala.com