നമ്മുടെ വാഹനം മറ്റൊരു വാഹനത്തിൽ ഇടിക്കുകയാണെന്ന് കരുതുക. ആ വാഹനത്തിൻറെ ഡ്രൈവർ അത് അറിഞ്ഞില്ലെങ്കിൽ എങ്ങനെയും രക്ഷപ്പെട്ടു പോകാൻ ശ്രമിക്കുന്നവരാണ് അധികം പേരും. എന്നാൽ തികച്ചും വ്യത്യസ്തമായ ഒരു പ്രതികരണമാണ് ഓസ്ട്രേലിയയിൽ നടന്നത്. ഒരു ഷോപ്പിംഗ് സെന്‍ററിലെ പാർക്കിംഗ് സ്ഥലത്ത് വെച്ച് ഒരു ഇന്ത്യക്കാരന്‍റെ കാറിൽ മറ്റൊരു കാർ ചൊറുതായെന്ന് ഇടിച്ചു. പിന്നീട് സംഭവിച്ചത് ഒരു വ്യക്തിയെന്ന നിലയിൽ നമ്മളെല്ലാവരും അറിയേണ്ട ഒന്നാണ്. (Indian)
കാറുടമയ്ക്ക് ഇൻഷുറൻസ് കേസ് നൽകാനായി ഡ്രൈവറുടെ അഡ്രസ്സും മറ്റ് വിവരങ്ങളും ഇൻഷുറൻസ് വിശദാംശങ്ങളും സഹിതം 'നിങ്ങളുടെ കാറിന്‍റെ ഇടതുവശത്ത് തട്ടിയതിൽ ക്ഷമിക്കണം' എന്ന് എഴുതിയ കുറിപ്പ് കാറിൽ പതിപ്പിക്കുകയായിരുന്നു. ദേവംഗ് സേഥി എന്ന യുവാവ് പങ്കുവെച്ചതാണ് ഈ വീഡിയോ. സേഥി കയ്യെഴുത്ത് കുറുപ്പിന്‍റെ ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചു. പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ അബദ്ധത്തിൽ ഇടിച്ച ആളുടെതായിരുന്നു കുറിപ്പെന്നും അദ്ദേഹം വിശദീകരിച്ചു.
സമാനമായ സംഭവങ്ങൾ ഇന്ത്യയിൽ ഉണ്ടാകുമ്പോൾ ആളുകൾ വിവരങ്ങളൊന്നും നൽകാതെ ഓടിച്ചുപോകാറാണ് പതിവെന്നും സേഥി പറയുന്നു. ഓസ്‌ട്രേലിയൻ ഡ്രൈവർ ഉത്തരവാദിത്തം ഏറ്റെടുക്കുകയും മറ്റേ കക്ഷിക്ക് നാശനഷ്ടങ്ങൾ പരിഹരിക്കുന്നത് എളുപ്പമാക്കുകയും ചെയ്തു. 'ഓസ്‌ട്രേലിയക്കാർ ക്യൂട്ടാണ്, ഒരുപക്ഷേ അതൊരു ടൂറിസ്റ്റ് ആയിരിക്കാം' എന്ന തലക്കെട്ടോടെ സേഥി പങ്കുവെച്ച ഈ പോസ്റ്റ് അതിവേഗം ശ്രദ്ധനേടി. ഡ്രൈവർ കാണിച്ച സത്യസന്ധതയെയും പൗരബോധത്തെയും വീഡിയോ കണ്ട നിരവധി പേർ പ്രശംസിച്ചു. 'അതെ ഇത് ഇവിടെ സാധാരണമാണ്, ആളുകൾ സത്യസന്ധരാണ്' എന്നായിരുന്നു ഒരു പ്രതികരണം. ഇത്തരം പെരുമാറ്റം ഉത്തരവാദിത്വബോധവും മറ്റുള്ളവരോടുള്ള കരുതലുമാണ് കാണിക്കുന്നതെന്നുമുള്ള കമൻറുകളുമുണ്ടായിരുന്നു.