
നമ്മുടെ ഭൂമിയിലെ ജീവജാലങ്ങളുടെ ആയുസ്സ് ഏറെ സങ്കിർണമായ ഒരു ഘടകമാണ്. ചിലർ നൂറ്റാണ്ടുകളോളം പ്രകൃതിയിൽ നിലനിൽക്കുമ്പോൾ, മറ്റു ചിലരുടെ ആയുസ്സ് ഏതാനും ദിവസങ്ങളിലോ നിമിഷങ്ങളിലോ ഒതുങ്ങുന്നു. ആവാസവ്യവസ്ഥയിലെ വെല്ലുവിളികൾ അതിജീവിക്കാനും പ്രത്യുൽപാദനം ഉറപ്പാക്കുന്നതിനും പ്രകൃതി തന്നെ രൂപകൽപ്പന ചെയ്ത അതിജീവന തന്ത്രങ്ങളാണ് ഈ ഹ്രസ്വജീവിതങ്ങൾക്ക് പിന്നിൽ. നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ് എന്ന് മനുഷ്യനെ പഠിക്കുന്ന ഒട്ടനവധി ഹ്രസ്വജീവിതമുള്ള ജീവികളുണ്ട്. ജനിച്ച് നിമിഷ നേരത്തിനുള്ളിൽ വളർന്ന്, പ്രത്യുത്പാദനം പൂർത്തിയാക്കിയ ശേഷം സ്വന്തം ജീവനോട് വിടപറയുന്നു ജീവികൾ. നമ്മുടെ ഭൂമിയിൽ ഏറ്റവും ചുരുങ്ങിയ കാലം ജീവിക്കുന്ന അഞ്ചു ജീവികൾ ഏതൊക്കെയെന്ന് നോക്കിയാലോ. (Animals with the shortest lifespans)
ജലജീവികളുടെ കൂട്ടത്തിൽ ലോകത്തിലെ ഏറ്റവും ചെറിയ ആയുസ്സുള്ള ജീവികളിൽ ഒന്നാണ് ഈയലുകൾ അല്ലെങ്കിൽ മെയ്‌ഫ്ലൈസ് (Ephemeroptera). മുതിർന്ന ഈയലുകളുടെ ശരാശരി ആയുസ്സ് ഏകദേശം ഒരു ദിവസത്തോളം മാത്രമാണ്, എങ്കിലും ഇവയുടെ ലാർവ ഘട്ടം ജലത്തിൽ മാസങ്ങളോളം നീണ്ടു നിന്നേക്കാം. ഇവയെ ശുദ്ധജലത്തിൽ മാത്രമാണ് കാണുവാൻ കഴിയുക. ഈയലുകളുള്ള വെള്ളം ശുദ്ധവും, മലിനമാകാത്തതും, ഉയർന്ന അളവിൽ ഓക്സിജൻ അടങ്ങിയതുമാണെന്ന് സൂചിപ്പിക്കുന്നു. അതിനാൽ തന്നെ ജല ആവാസവ്യവസ്ഥയുടെ ആരോഗ്യം നിർണ്ണയിക്കുന്നതിൽ ഗവേഷകരെ ഈ ചെറു പ്രാണി സഹായിക്കുന്നു. ചില ഈയലുകൾക്ക് 10,000-ത്തിലധികം മുട്ടകൾ ഇടാൻ കഴിയും.
വെള്ളത്തിലും കടൽജലത്തിലും ജീവിക്കുന്ന, സൂക്ഷ്മമായ ഈ ജീവികളുടെ ശരാശരി ആയുസ്സ് ഏകദേശം 10 ദിവസം മാത്രമാണ്. ബാക്ടീരിയയും പായലുമാണ് ഇവയുടെ പ്രധാന ഭക്ഷണം. അത് കൊണ്ട് തന്നെ ജലസ്രോതസ്സുകളിൽ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ ഗാസ്ട്രോട്ട്രിക്സ് പ്രധാന പങ്ക് വഹിക്കുന്നു. ഗാസ്ട്രോട്ട്രിക്സ് പലപ്പോഴും ഹെർമാഫ്രോഡിറ്റിക് (Hermaphroditic) ആണ്, അതായത് ഒരു ജീവിയിൽ തന്നെ ആണും പെണ്ണുമായിട്ടുള്ള പ്രത്യുത്പാദന ഭാഗങ്ങൾ ഉണ്ടാകും. ചില ജീവിവർഗ്ഗങ്ങൾ രണ്ട് ഭാഗങ്ങളും ഉപയോഗിച്ച് പ്രത്യുത്പാദനം നടത്തുന്നു.
പാൻട്രി മോത് (Pantry moth) എന്നും വിളിക്കപ്പെടുന്ന ഇന്ത്യൻ മീൽ മോത് (Plodia interpunctella) വളരെ ചുരുങ്ങിയ കാലം ജീവിക്കുന്ന ഒരു ചെറുപ്രാണിയാണ്. ഇവയുടെ ജീവിതദൈർഘ്യം 5 മുതൽ 25 ദിവസത്തോളം നീളുന്നു. ഭക്ഷ്യ സംഭരണശാലകളിലെ മാവ്, ധാന്യങ്ങൾ എന്നിവയാണ് ഇവയുടെ പ്രധാന ഭക്ഷണം. അന്റാർട്ടിക്ക ഒഴികെയുള്ള എല്ലാ ഭൂഖണ്ഡങ്ങളിലും ഇവ വസിക്കുന്നു. പൂർണ്ണ വളർച്ച കൈവരിച്ച് ഏകദേശം മൂന്ന് ദിവസത്തിന് ശേഷം, ഈ നിശാശലഭങ്ങൾ ഇണചേരുകയും 400 മുട്ടകൾ വരെ ഇടുകയും ചെയ്യുന്നു. ഏകദേശം ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ ഈ മുട്ടകൾ വിരിയുന്നു.
മനോഹരമായ പച്ച നിറത്തിലുള്ള, ചന്ദ്രക്കലയുടെ ആകൃതിയിലുള്ള ചിറകുകളുള്ള ലൂനാ മോത് (Actias luna). ശരാശരി ഒരു ആഴ്ച മാത്രമാണ് ഇവരുടെ ആയുസ്സ്. 7.6 മുതൽ 11.4 സെന്റീമീറ്റർ വരെ നീളമുള്ള വിശാലമായ ചിറകുകളാണ് ഇവയുടെത്ത്. പ്രായപൂർത്തിയായ ലൂണ നിശാശലഭത്തിന് വായയോ ദഹനവ്യവസ്ഥയോ ഇല്ല. കാറ്റർപില്ലർ ഘട്ടത്തിൽ ശേഖരിച്ച ഊർജ്ജത്തിലാണ് ഇവ ജീവിക്കുന്നത്. ഈ ചെറിയ ജീവികൾ വവ്വാലുകൾ, മൂങ്ങകൾ, പക്ഷികൾ എന്നിവയുടെ ഭക്ഷണം കൂടിയാണ്. പെൺ ലൂണ മോതുകൾ അവയുടെ ചെറിയ ആയുസ്സിൽ 200 മുതൽ 400 വരെ മുട്ടകൾ ഇടുന്നു.
നമ്മുടെ ചുറ്റുപാടിലും അടുക്കളകളിലും കാണപ്പെടുന്ന ഈച്ചകൾ (Drosophila melanogaster) ചൂടുള്ള സാഹചര്യങ്ങളിൽ ശരാശരി 10 മുതൽ 14 ദിവസം വരെ ജീവിക്കുന്നു. എന്നാൽ, നിയന്ത്രിത താപനിലയിൽ ഇവയ്ക്ക് 2 മാസം വരെ ജീവിക്കാൻ കഴിയും. ഇവയുടെ ഹ്രസ്വജീവിതം കാരണം ശാസ്ത്രീയ ഗവേഷണങ്ങൾക്ക് ഇവയെ വ്യാപകമായി ഉപയോഗിക്കാറുണ്ട്. ചെറിയ ജീവകാലം നയിക്കുന്നതിനാൽ ഇവ വളരെ വേഗത്തിൽ പ്രജനനം നടത്തുന്നു. ഒരു പെൺ ഈച്ച ശരാശരി 500 മുട്ടകൾ വരെ ഇടുന്നു.
Summary: Many creatures on Earth live extraordinarily short lives, some lasting only a few minutes or days. Despite their brief existence, these tiny animals play vital roles in maintaining ecological balance, such as controlling bacteria and algae populations or indicating clean water.