
നമ്മൾ മനുഷ്യരുടെ ശരാശരി ആയുസ്സ് ഏകദേശം 73 വർഷമാണ്. എന്നിരുന്നാലും ഇത് രാജ്യം, ലിംഗഭേദം, സാമൂഹിക സാമ്പത്തിക സ്ഥിതി ജീവിത ശൈലിയെ ആശ്രയിച്ച് ഗണ്യമായി വ്യത്യാസപ്പെടുന്നു. മനുഷ്യരുടെ ആയുസ്സ് ഒരു നൂറ്റാണ്ടിൽ ഒതുങ്ങുമ്പോൾ, ഇന്നും നമ്മുടെ ഭൂമിയിൽ ആയിരത്തിലധികം വർഷം ആയുസ്സുള്ള ജീവികൾ ഉണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പരിണാമത്തിലൂടെ കോടിക്കണക്കിന് വർഷങ്ങളായി നമ്മുടെ ഭൂമി കടന്നു പോകുന്നു, എന്നാൽ പരിണാമത്തെയും കാലത്തെയും തോൽപ്പിച്ച അനേകം അത്ഭുത ജീവികളുണ്ട് നമ്മുടെ ഭൂമിയിൽ. ചില ജീവികളെ സംബന്ധിച്ചടുത്തോളം മനുഷ്യരുടെ ആയുസ്സ് ഒരു നിമിഷം പോലുമാണ്. ആയിരങ്ങൾക്കപ്പുറം, പതിനായിരങ്ങൾക്കപ്പുറം വർഷങ്ങൾ മരണത്തോട് 'നോ' പറഞ്ഞ് ജീവികളുടെ രഹസ്യമെന്താണ്? അത്തരം ചില വിസ്മയ ജീവികളെ കുറിച്ച് അറിഞ്ഞാലോ.
ഗ്ലാസ് സ്പോഞ്ചുകൾ
ഗ്ലാസ് സ്പോഞ്ചുകളെ ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന മൃഗങ്ങളായി കണക്കാക്കപ്പെടുന്നു. 10,000 മുതൽ 15,000 വർഷം വരെയാണ് ഗ്ലാസ് സ്പോഞ്ചുകളുടെ (Glass sponge) ആയുസ്സ്. അന്റാർട്ടിക്കയിലെ റോസ് കടലിൽ കണ്ടെത്തിയ ഒരു ഗ്ലാസ് സ്പോഞ്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ജീവിയായിരിക്കാമെന്നും കരുതുന്നുത്. ശാസ്ത്രജ്ഞർ കിഴക്കൻ ചൈനാ കടലിൽ ഏകദേശം 11,000 വർഷം പഴക്കമുള്ള ഒരു ഗ്ലാസ് സ്പോഞ്ചിന്റെ അസ്ഥികൂടം കണ്ടെത്തിയിട്ടുണ്ട്. അതായത്, അവസാനത്തെ മഞ്ഞുയുഗത്തിൽ പോലും ഇവ ജീവിച്ചിരുന്നിരിക്കാം. പലരും ഇവയെ പാറകളായും സസ്യങ്ങളായും തെറ്റിദ്ധരിക്കാറുണ്ടെങ്കിലും, വാസ്തവത്തിൽ ഇവ ജന്തുരാജ്യത്തിലെ അംഗങ്ങളാണ്. സമുദ്രത്തിൽ എത്ര ഗ്ലാസ് സ്പോഞ്ചുകൾ ഉണ്ടെന്ന് കൃത്യമായി കണക്കാക്കാൻ പ്രയാസമാണെങ്കിലും, മനുഷ്യൻ്റെ പ്രവർത്തനങ്ങൾ അവയുടെ ആവാസവ്യവസ്ഥയെ സാരമായി നശിപ്പിക്കുന്നു. മനുഷ്യന്റെ അനിയന്ത്രിതമായ മത്സ്യബന്ധനം, ബോട്ടം ട്രോളിംഗ്, ഡീപ് സീ മൈനിംഗ്, സമുദ്രതാപനവും അമ്ലീകരണവും ഇവയുടെ നിലനിൽപ്പിനെ ഭീഷണിയിലാക്കുന്നു.
കറുത്ത പവിഴം
സമുദ്രത്തിന്റെ അടിത്തട്ടിൽ ജീവിക്കുന്ന കറുത്ത പവിഴം അഥവാ ബ്ലാക്ക് കോറലുകൾ (Black coral) ഭൂമിയിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന ജീവികളിൽ ഒന്നാണ്. ചില പവിഴ വർഗ്ഗങ്ങൾക്ക് 5,000 വർഷം വരെ ജീവിക്കാൻ സാധിക്കും എന്നാണ് കണ്ടെത്തൽ. ഹവായിക്കടുത്തുള്ള ആഴക്കടലിൽ കാണപ്പെടുന്ന രണ്ട് പവിഴങ്ങൾക്കാണ് ഏറ്റവും കൂടുതൽ പഴക്കം രേഖപ്പെടുത്തിയിട്ടുള്ളത്. ഇവയിൽ ഒന്നിന് 4,270 വർഷം പഴക്കമുണ്ടായിരുന്നു. ലിയോപാഥസ് ജനുസ്സിലെ കറുത്ത പവിഴപ്പുറ്റുകളാണ് ഇപ്പോൾ ലോകത്തിലെ ഏറ്റവും കൂടുതൽ കാലം ജീവിക്കുന്ന പവിഴപ്പുറ്റുകളായി അറിയപ്പെടുന്നത്.
അമിതമായ മത്സ്യബന്ധനം, പവിഴ ഖനനം, മലിനീകരണം എന്നിവകരണം, വെറും ഒമ്പത് വർഷം കൊണ്ട് സമുദ്രത്തിലെ 14% ത്തോളം പവിഴപുറ്റുകൾ നശിച്ചിരിക്കുന്നു.
ജയന്റ് ബാരൽ സ്പോഞ്ചുകൾ
കരീബിയൻ കടലിൽ കാണപ്പെടുന്ന ഭീമാകാരൻ ബാരൽ സ്പോഞ്ചുകളാണ് (Giant barrel sponges) ഏറ്റവും കൂടുതൽ ആയുസ്സ് കൂടിയ ജീവികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഇവയ്ക്ക് ഒരു വലിയ വീപ്പയുടെ (ബാരലിന്റെ) രൂപമാണ്. 1.8 മീറ്ററിലധികം വ്യാസത്തിലും 2.4 മീറ്ററിലധികം ഉയരത്തിലും ഈ സ്പോഞ്ചിനം വളരാറുണ്ട്. സമുദ്രത്തിന്റെ ആഴം കുറഞ്ഞ പ്രദേശങ്ങളിൽ അവ തവിട്ട്-ചുവപ്പ് നിറത്തിലും, ആഴമേറിയ പ്രദേശങ്ങളിലും ഗുഹകളിലും പിങ്ക് അല്ലെങ്കിൽ വെള്ള നിറത്തിലുമാണ് കാണപ്പെടുന്നത്. സമുദ്രജലത്തിലെ മാലിന്യം നീക്കം ചെയ്ത് ജലത്തിന്റെ ഗുണനിലവാരം നിലനിർത്തുന്നതിലും, നിരവധി ചെറുജീവികൾക്ക് ആവാസ വ്യവസ്ഥ നൽകുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുന്നു. 2,300 വർഷത്തിലധികം ആണ് ജയന്റ് ബാരൽ സ്പോഞ്ചുകളുടെ ആയുസ്സ്. അവയുടെ വലിയ ശരീരവും അസാധാരണമായ ദീർഘായുസ്സും കാരണം അവയെ 'കടലിലെ ചുവപ്പു മരങ്ങൾ' എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നു.
ലോകത്തിൽ ഏറ്റവും കൂടുതൽ കാലം ജീവിച്ചിരിക്കുന്ന കശേരുക്കളാണ് ഗ്രീൻലാൻഡ് സ്രാവുകൾ (Greenland sharks). ഏറ്റവും പ്രായം കൂടിയ ഗ്രീൻലാൻഡ് സ്രാവിന് 400 വർഷം പഴക്കമുണ്ട്. ഇവയ്ക്ക് 500 വർഷത്തോളം ജീവിക്കാൻ കഴിയുമെന്നാണ് കണ്ടെത്തലുകൾ. ആർട്ടിക്, വടക്കൻ അറ്റ്ലാന്റിക് സമുദ്രങ്ങളിലെ തണുത്തതും ആഴമേറിയതുമായ വെള്ളത്തിലാണ് ഗ്രീൻലാൻഡ് സ്രാവുകൾ പ്രധാനമായും കാണപ്പെടുന്നത്. ഗ്രീൻലാൻഡ് സ്രാവുകൾക്ക് 7 മീറ്റർ വരെ നീളവും 1,400 കിലോഗ്രാമിലധികം ഭാരവും ഉണ്ടാകാം. ചെറു മത്സ്യങ്ങൾ, ഈലുകൾ, മറ്റ് സ്രാവുകൾ എന്നിവയെ ഇവ ഭക്ഷിക്കുന്നു. 156 വയസ്സാകുമ്പോഴാണ് പെൺ ഗ്രീൻലാൻഡ് സ്രാവുകൾ പ്രജനനത്തിന് തയ്യാറാകുന്നത്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (IUCN) റെഡ് ലിസ്റ്റിൽ ഗ്രീൻലാൻഡ് സ്രാവുകൾ "വൾനറബിൾ" (Vulnerable) വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഗ്രീൻലാൻഡ് സ്രാവുകൾ വംശനാശഭീഷണി നേരിടുന്നുണ്ടെന്ന് സൂചിപ്പിക്കുന്നു.