ഈ ഭൂമിയിൽ നമ്മെ അത്ഭുതപ്പെടുത്തുന്ന പലതും ഉണ്ട്. അവ മനുഷ്യനിർമ്മിതവുമാകാം. പ്രപഞ്ച സൃഷ്ടിയുമാകാം. മനുഷ്യനിർമ്മിതമായവ നമ്മളിൽ വലിയ അത്ഭുതമൊന്നും ഉണ്ടാക്കിയേക്കില്ല. എന്നാൽ പ്രപഞ്ചസൃഷ്ടികളായ ചില അത്ഭുതങ്ങൾ നമ്മെ മറ്റൊരു ലോകത്തേക്കാകും കൂട്ടിക്കൊണ്ടു പോകുക. അവയ്ക്ക് പിന്നിൽ ഒരു ചാരിത്രവും ഒളിഞ്ഞിരിപ്പുണ്ടാകാം. അങ്ങനെയുള്ള പ്രപഞ്ചത്തിലെ ഒരു അത്ഭുതമാണ് "മേഘങ്ങൾക്കിടയിൽ ഒഴുകുന്ന ദ്വീപ്". ദശലക്ഷക്കണക്കിനു വർഷങ്ങളായി ഒറ്റപ്പെട്ട ഒരു ലോകം. അമേരിക്കയിലാണ് ഈ ദ്വീപ് ഉള്ളത്.
ത്രികോണാകൃതിയുള്ള ഒരു പീഠഭൂമിയാണിത്. തെക്കേ അമേരിക്കയിൽ ബ്രസീൽ, വെനസ്വേല, ഗയാന രാജ്യങ്ങളുടെ അതിർത്തിയിലാണ് ഈ പീഠഭൂമി സ്ഥിതി ചെയ്യുന്നത്. ഈ പീഠഭൂമിക്കു ചുറ്റും എപ്പോഴും മേഘങ്ങളുണ്ടാകും. അതിനാൽ ഇതിനെ 'റോറെയ്മ', 'ആകാശത്ത് ഒഴുകുന്ന ദ്വീപ്' എന്നും വിശേഷിപ്പിക്കാറുണ്ട്.
ചുറ്റുമുള്ള പുൽമേട്ടിൽ നിന്ന് ഏകദേശം 2.8 കിലോമീറ്റർ പൊക്കത്തിലാണ് റോറെയ്മ സ്ഥിതി ചെയ്യുന്നത്. തറനിരപ്പിൽ ഒരു വലിയ മേശ കിടക്കുന്നതുപോലെ റോറെയ്മ ഉയർന്നുനിൽക്കുന്നു അതിനാൽ ഇതിനെ മൗണ്ട് റോറെയ്മ എന്നാണ് വിളിക്കുന്നത്. ഇത്തരത്തിലുള്ള ഭൗമഘടനകൾ 'ടെപുയി' എന്നാണ് അറിയപ്പെടുന്നത്. പുൽമേട്ടിലെ തദ്ദേശീയരുടെ വിശ്വാസപ്രകാരം ടെപുയികൾ പുണ്യസ്ഥലങ്ങളാണ്. മൗണ്ട് റോറെയ്മ ഇവരുടെ വിശ്വാസപ്രകാരം അദ്ഭുതശേഷികളുള്ള ഒരു മരത്തിന്റെ കുറ്റിയാണത്രേ! ലോകത്തിലെ എല്ലാ പഴങ്ങളും പച്ചക്കറികളും ഉൽപാദിപ്പിച്ചിരുന്ന ഒരു മഹത്തായ മരമായിരുന്നു ഇവിടെ നിന്നത്. എന്നാൽ മാകുനെയ്മ എന്ന ദിവ്യശക്തികളുള്ള നായകൻ ഈ മരം മറിച്ചിട്ടു. ഇങ്ങനെയാണ് കുറ്റി രൂപപ്പെട്ടത് എന്നാണ് വിശ്വാസം.
ആദിമകാലത്തുണ്ടായിരുന്ന കൂറ്റൻ മണൽപ്രദേശം കാലാന്തരത്തിൽ പാറയാകുകയും ഇതിന്റെ പല ഭാഗങ്ങളും പിന്നീട് ദ്രവിക്കുകയും ചെയ്തായിരിക്കാം ടെപുയികൾ ഉണ്ടായതെന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. ഈ മേഖലയിൽ നൂറിലേറെ ടെപുയികളുണ്ട്. വളരെ അപൂർവ ജീവജാലങ്ങളും സസ്യങ്ങളും അടങ്ങിയ പ്രത്യേകമായ ഒരു ജൈവവ്യവസ്ഥ റോറെയ്മയിലുണ്ട്. ചുറ്റുമുള്ള മേഖലയിൽനിന്ന് ഏകദേശം 7 മുതൽ 9 കോടി വർഷങ്ങളായി ഇടകലരാതെ സംരക്ഷിക്കപ്പെട്ടിട്ടുള്ളതാണ് ഈ ജൈവ വ്യവസ്ഥ. റോറെയ്മയിൽ മാത്രമല്ല, ടെപുയികളിലെല്ലാം തന്നെ ഇത്തരം വ്യത്യസ്തമായ ജൈവവ്യവസ്ഥയാണുള്ളത്.
അപൂർവമായ ഓർക്കിഡുകളും മാംസഭോജികളായ ചെടികളുമൊക്കെ റോറെയ്മയിലുണ്ട്. ചിലയിനം തവളകളെയും പല ടെപുയികളും പൊതുവായി കാണപ്പെടാറുണ്ട്. ഈ തവളകൾക്ക് വിവിധ ടെപുയികളിൽ എത്താനുള്ള കഴിവുണ്ടെന്നുള്ളതാണ് ഇതിനർത്ഥം. കൂടാതെ, തേൻ കുടിക്കുന്ന പക്ഷികൾ, റോറെയ്മ ബ്ലാക് ഫ്രോഗ് തുടങ്ങിയ അപൂർവജീവികളും ഈ മേഖലയിലുണ്ട്.