
2001, സെപ്റ്റംബർ 11, അതൊരു സാധാരണ ചൊവ്വാഴ്ചയായിരുന്നു. പതിവ് പോലെ അമേരിക്കയിലെ മറ്റൊരു സാധാരണ ദിനം. ഉറക്കച്ചടവിൽ നിന്നും അമേരിക്ക കണ്ണ് തുറന്നത് ലോകത്തെ തന്നെ മാറ്റിമറിച്ച ഒരു ദുരന്തത്തിലേക്കായിരുന്നു. സമയം രാവിലെ 8:40 കഴിഞ്ഞു കാണും, തലയെടുപ്പോടെ ആകാശം മുട്ടിനിൽകുന്ന ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിനെ ലക്ഷ്യമാക്കി ഒരു വിമാനം ദുരെ നിന്നും പറന്ന് അടുക്കുന്നു. കൃത്യം 8:45 ഓടെ അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 11, വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചുകയറുന്നു. നിമിഷങ്ങൾക്കുള്ളിൽ നോർത്ത് ടവർ കത്തിയെരിയാൻ തുടങ്ങി. കണ്ടുനിന്നവർ ആദ്യം കരുതിയത് അതൊരു അപകടമായിരുന്നു എന്നാണ്. എന്നാൽ, ഈ മുൻവിധിയെ തച്ചുടച്ചുകൊണ്ടു കൃത്യം പതിനേഴ് മിനിറ്റുകൾക്ക് ശേഷം വീണ്ടുമൊരു വിമാനം കൂടി വേൾഡ് ട്രേഡ് സെന്ററിന് നേരെ പറന്ന് അടുക്കുന്നു. കണ്ണടച്ചു തുറക്കും മുന്നേ ആ വിമാനം വേൾഡ് ട്രേഡ് സെന്ററിലെ സൗത്ത് ടവറിലേക്ക് ഇടിച്ചു കയറി. അതോടെയാണ് ഇതൊരു അപകടമല്ല മറിച്ച് ഒരു ഭീകരാക്രമണമായിരുന്നു എന്ന് മനസിലാകുന്നത്. അധികം വൈകിയില്ല യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനം സ്ഥിതി ചെയുന്ന വിർജീനിയയിലെ ആർലിംഗ്ടണിലെ പെന്റഗണിലേക്കും മറ്റൊരു വിമാനം ഇടിച്ചിറങ്ങി. (9/11 Remembrance Day)
ഇന്ന് സെപ്റ്റംബർ 11, അമേരിക്കയുടെ ഇരുണ്ട ദിനമായ 9/11 ഭീകരാക്രമണത്തിന് ഇന്ന് 24 വയസ്സ് തികയുന്നു. അമേരിക്കയിലെ ഓരോ മനുഷ്യനും ഞെട്ടലോടുകൂടിയെ ഈ ദിനത്തെ ഓർക്കാൻ കഴിയൂ. അൽ-ഖ്വയ്ദയുടെ ചാവേറുകൾ അമേരിക്കയെ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ അന്ന് ജീവൻ നഷ്ടമായത് 2996 മനുഷ്യർക്കാണ്. പെന്റഗണും ട്വിൻ ടവറും ഇന്നും ഭീകരാക്രമണത്തിന്റെ വേധിപ്പിക്കുന്ന ഏടുകളായി കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ നീറുന്നു.
സെപ്റ്റംബർ 11 ന് രാവിലെ 5 മണി കഴിഞ്ഞു കാണും, അന്താരാഷ്ട്ര ഭീകര സംഘടനയായ അൽ ഖ്വയ്ദയിലെ പത്തൊൻപത് ചാവേറുകൾ തീർത്തും സാധാരണക്കാരെ പോലെ അമേരിക്കയിലെ മൂന്ന് വിമാനത്താവളങ്ങളിൽ കയറിപ്പറ്റുന്നു. വാഷിംഗ്‌ടൺ, ന്യൂ യോർക്ക്, ബോസ്റ്റൺ എന്നിവിടങ്ങളിൽ നിന്നും പറന്നുയർന്ന നാലു യാത്ര വിമാനങ്ങൾക്ക് ഉള്ളിൽ യാത്രക്കാരെ പോലെ അവർ കയറിപ്പറ്റി. ശേഷം ലോകം കണ്ടത് മാനവികതയ്ക്ക് മേൽ ചാവേറുകൾ നടത്തിയ അക്രമണങ്ങളായിരുന്നു. രാവിലെ 8:46 ഓടെ 110 നിലകൾ ഉള്ള വേൾഡ് ട്രേഡ് സെന്ററിലെ നോർത്ത് ടവറിലേക്ക് ഒരു വിമാനം ഇടിച്ചുകയറി. ബോസ്റ്റണിൽ നിന്നും പറന്നു ഉയർന്ന വിമാനമായിരുന്നു അത്, വിമാനത്തിൽ ഉണ്ടായിരുന്നത് 76 യാത്രക്കാർ. തൊട്ടു പിന്നാലെ സൗത്ത് ടവറിനു നേരെയും ബോസ്റ്റണിൽ നിന്നും പറന്നുയർന്ന അടുത്ത വിമാനം കൂടി ഇടിച്ചു കയറയുന്നു. ഈ വിമാനത്തിൽ 51 യാത്രക്കാരുണ്ടായിരുന്നു. യുഎസ് പ്രതിരോധ വകുപ്പിന്റെ ആസ്ഥാനം സ്ഥിതി ചെയുന്ന വിർജീനിയയിലെ ആർലിംഗ്ടണിലെ പെന്റഗണിലേക്കും ആക്രമണം നടത്തി. രാവിലെ 10:03, ഭീകരർ റാഞ്ചിയ നാലാമത്തെ വിമാനം പെൻസിൽവാനിയ നഗരത്തിലെ ഒരു മൈതാനത്ത് തകർന്നു വീണു.
രണ്ടു മണിക്കൂറിനുള്ളിൽ വേൾഡ് ട്രേഡ് സെന്റർ നിലംപൊത്തി. ഒന്നിന് പിറക്കേ ഒന്നായി അരങ്ങേറിയ ഭീകരാക്രമണങ്ങളിൽ ആയിരക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടമായി. 19 തീവ്രവാദികൾ ഉൾപ്പെടെ 2977 മനുഷ്യർ കൊല്ലപ്പെട്ടു. ഭീകരർ റാഞ്ചിയ വിമാനങ്ങളിലെ എല്ലാ യാത്രക്കാരും കൊല്ലപ്പെട്ടിരുന്നു. 9/11 ലെ ഭീകരാക്രമണത്തിൽ 77 രാജ്യങ്ങളിലെ പൗരന്മാർക്കാണ് ജീവൻ നഷ്ടമായത്. ആധുനിക ലോകത്തെ നടുക്കിയ 9/11 ഭീകരാക്രമണത്തിന്റെ ഗുഡാലോചനകൾ നടന്നത് അഫ്ഗാനിസ്ഥാനിലയിരുന്നു. വിമാനം റാഞ്ചിയ സംഘത്തിൽ വിമാനം പറത്തുവാൻ പ്രേതകം പരിശീലനം ലഭിച്ച ഒരു ചാവേർ കൂടിയുണ്ടായിരുന്നു. ലോകത്തിലെ വലിയ ശക്തി എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയ്ക്ക് നേരെയുണ്ടായ ഭീകരാക്രമണം ഭൂഗോളത്തെ തന്നെ ഭീതിയിലാഴ്ത്തിയിരുന്നു.
9/11 ഭീകരാക്രമണം നടന്ന് 24 വർഷങ്ങൾക്ക് ഇപ്പുറം, തകർന്ന വേൾഡ് ട്രേഡ് സെന്ററിന്റെ സ്ഥാനത്ത് മറ്റൊരു ഭീമൻ കെട്ടിടം ഉയർന്നു. ഇന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ആയിരത്തോളം മനുഷ്യരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. 9/11 ആക്രമണത്തെത്തുടർന്ന്, അടിക്ക് തിരിച്ചടി എന്നവണ്ണം അമേരിക്കയും ഭീകരാക്രമണത്തിന് എതിരായി ശക്തമായി പ്രതികരിച്ചു. യുഎസ് ഗവൺമെൻ്റ് ഭീകരവാദത്തിനെതിരായ ആഗോള യുദ്ധം അധവാ 'വാര്‍ ഓണ്‍ ടെററിന് ' തുടക്കം കുറിച്ചു. ഇതേ തുടർന്ന് 2001-ൽ അഫ്ഗാനിസ്ഥാനിലും 2003-ൽ ഇറാഖിലും തീവ്രവാദ ശൃംഖലകൾ തകർത്തു. ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിവസമായി 9/11 മാറി, ഇത്രയും വർഷങ്ങൾക്ക് ഇപ്പുറവും അൽ ഖ്വയ്ദയെ പോലെ ഒട്ടനവധി ഭീകര സംഘാടനകൾ രൂപം കൊണ്ട്. വർഗീയത അളവുകോലാക്കി മനുഷ്യ ജീവനെ വേട്ടയാടുന്നത് ഇന്നും തുടരുന്നു.
Summary: On September 11, 2001, the United States faced one of the deadliest terrorist attacks in history. Four hijacked planes struck the World Trade Center, the Pentagon, and a field in Pennsylvania, killing nearly 3,000 people and leaving the world in shock. The tragic events of 9/11 reshaped global security and remain etched in history as a day of sorrow and remembrance.