ജോലി നഷ്ടപ്പെട്ടതിനെത്തുടർന്ന് ഊബർ ഓടിക്കാൻ തുടങ്ങിയ ഇന്ത്യൻ വംശജനും നിലവിൽ യുഎസ് പൗരനുമായ യുവാവിന്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് സ്ഥാപകൻ. റൊണാൾഡ് നെതാവത് എന്ന യുവാവാണ് പോസ്റ്റ് ഷെയർ ചെയ്തത്. ഊബർ ഡ്രൈവറുമായി നടത്തിയ സംഭാഷണത്തിൽ നിന്നും അയാൾ 40 വയസ്സ് കഴിഞ്ഞ ഒരു ഇന്ത്യക്കാരനാണെന്നും ഏകദേശം 20 കൊല്ലങ്ങൾക്ക് മുമ്പ് അമേരിക്കയിൽ എത്തിയ ആളാണെന്നും റൊണാൾഡിന് മനസിലാവുകയായിരുന്നു. ടെക്നോളജി മേഖലയിൽ നല്ലൊരു കരിയർ കെട്ടിപ്പടുത്തിട്ടും ജോലിയിൽ നിന്നും പിരിച്ചുവിടപ്പെട്ടതിനെ തുടർന്നാണ് അയാൾ ഊബർ ഓടിക്കാൻ തുടങ്ങിയത്. (Uber driver)
ആന്റിം ലാബ്‌സിലെ ഫൗണ്ടിംഗ് റിസർച്ച് എഞ്ചിനീയറായ നെതാവത്, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് (ട്വിറ്റർ) തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. തന്റെ ഊബർ ഡ്രൈവർ പ്രോജക്ട് മാനേജ്‌മെന്റിൽ 25 വർഷത്തെ പരിചയമുള്ള ഒരു ഇന്ത്യക്കാരനാണെന്ന് പോസ്റ്റിൽ നെതാവത് വിശദീകരിക്കുന്നു. 2007 -ലാണ്, ഡ്രൈവർ എച്ച്-1ബി വിസയിൽ അമേരിക്കയിൽ എത്തിയത്. വെരിസോൺ, ആപ്പിൾ തുടങ്ങിയ ചില മുൻനിര കമ്പനികളിൽ ജോലി ചെയ്തിരുന്ന അദ്ദേഹം ഒരു ഐടി സ്ഥാപനത്തിന്റെ സിടിഒ ആയി പോലും മാറിയിരുന്നു. യുഎസിലെ 15 വർഷത്തെ സേവനത്തിന് ശേഷമാണ് അയാൾക്ക് യുഎസ് പൗരത്വം ലഭിച്ചത്.
എന്നിരുന്നാലും, അടുത്തിടെ കോഗ്നിസന്റ് അദ്ദേഹത്തെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. അതോടെ തന്റെ കരിയർ മാറ്റുന്നതിനെ കുറിച്ച് അയാൾ ചിന്തിക്കാൻ തുടങ്ങി. മറ്റൊരു പ്രോജക്ട് മാനേജർ തസ്തികയിലേക്ക് പോകുന്നതിന് പകരം, ആ ഇന്ത്യൻ-അമേരിക്കൻ യുവാവ് ഊബർ ടാക്സിയോടിക്കാനാണ് തീരുമാനിച്ചത്. അവിശ്വസനീയമായ കാര്യമായിട്ടാണ് ഈ അനുഭവം നെതാവത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഇത്രയും വലിയ കമ്പനികളിൽ, ഇത്രയും വലിയ റോളുകൾ കൈകാര്യം ചെയ്തിരുന്ന ഒരാൾ ഊബർ ഓടിക്കാൻ തീരുമാനിച്ചതിനെ കുറിച്ചും പോസ്റ്റിൽ നെതാവത് അമ്പരപ്പോടെയാണ് കുറിച്ചിരിക്കുന്നത്. ഡ്രൈവറുടെ ലിങ്ക്ഡ്ഇൻ പ്രൊഫൈലിന്റെ സ്ക്രീൻഷോട്ടും തെളിവിനായി നെതാവത് പങ്കുവച്ചിരിക്കുന്നു. H-1B വിസയെ കുറിച്ച് ചർച്ചകളുയരാൻ പോസ്റ്റ് കാരണമായി.