

അമേരിക്കയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ സ്ത്രീ, ഒരു വലിയ വീട് പരിപാലിക്കുന്നതിലെ ബുദ്ധിമുട്ടുകളെക്കുറിച്ച് പറഞ്ഞുകൊണ്ട് പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു വലിയ വീട് വൃത്തിയാക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള വെല്ലുവിളികളെക്കുറിച്ച് അവർ തമാശയായി പറഞ്ഞ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായി. (USA Home)
'ഇത് വളരെ മനോഹരമായി കാണപ്പെടുന്നു, അല്ലേ' എന്നുപറഞ്ഞുകൊണ്ട് ആരംഭിക്കുന്ന ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പിന്നീടവർ താൻ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് സോഷ്യൽ മീഡിയയിൽ വാചാലയായി. പ്രധാനമായും ഇവർ ചൂണ്ടിക്കാണിച്ചത് വീട് സുരക്ഷിതമായി കൊണ്ടുപോകാനുള്ള മെയിൻറനൻസ് പണികളെക്കുറിച്ചും വീട്ടുമുറ്റത്തെ പുല്ലു ചെത്തുന്നതിനെക്കുറിച്ചും ഒക്കെയായിരുന്നു ഇവർ പറഞ്ഞത്. വീടു കാണുമ്പോൾ വളരെ മനോഹരമായി തോന്നാമെങ്കിലും അത് നന്നായി സൂക്ഷിക്കാൻ അത്ര എളുപ്പമല്ല എന്നാണ് ഇവർ വീഡിയോയിൽ പങ്കുവെക്കുന്നത്. സ്വന്തമായി ഒരു വീട് നേടിയെടുക്കുന്നതോടെ ഉത്തരവാദിത്വങ്ങൾ കൂടുമെന്നും അവർ ചൂണ്ടിക്കാട്ടി.
'യുഎസിലെ വലിയ വീടിന്റെ യാഥാർത്ഥ്യം' എന്ന് കുറിപ്പോടെ പങ്കുവെച്ചിരിക്കുന്ന ഈ വീഡിയോയിൽ 'വലിയ വീട്, വലിയ വേദന' എന്നാണ് അവർ വ്യക്തമാക്കാൻ ശ്രമിക്കുന്നത്. അമിതാഭ് ബച്ചന്റെ ചിത്രമായ ബാഗ്ബനിലെ ഒരു ജനപ്രിയ ഗാനം സ്ത്രീ ആലപിക്കുന്നതും വീഡിയോയിൽ കാണാം. പോസ്റ്റ് വൈറലായതോടെ നിരവധി ആളുകൾ അഭിപ്രായ പ്രകടനങ്ങൾ നടത്തി. ഒരാൾ തനിക്ക് ആ വേദന വളരെയധികം ഇഷ്ടമാണ് എന്നായിരുന്നു പറഞ്ഞത്. മറ്റൊരാൾ കുറിച്ചത് യുവതിയുടെ വാക്കുകൾ സത്യമാണ് എന്നായിരുന്നു. അതേസമയം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കമന്റ് 'ഇത്തരത്തിൽ ഒരു ജോലി ഏറ്റെടുക്കേണ്ടി വന്നാൽ താൻ പൂർണ്ണ മനസ്സോടെ ചെയ്യും' എന്നായിരുന്നു.