ടൗലൂസ്: എയർബസ് എ320 സീരീസ് വിമാനങ്ങളുടെ പുറംചട്ടയിലെ പാനലുകളിൽ നിർമ്മാണ തകരാർ കണ്ടെത്തിയതിനെത്തുടർന്ന് വൻതോതിലുള്ള പരിശോധനയ്ക്ക് കമ്പനി ഒരുങ്ങുന്നു. ഈ തകരാർ നിർമ്മാണത്തിലിരിക്കുന്നതും നിലവിൽ സർവീസ് നടത്തുന്നതുമായ നൂറുകണക്കിന് വിമാനങ്ങളെ ബാധിക്കുമെന്നാണ് റിപ്പോർട്ട്. ഇത് വിമാനങ്ങളുടെ വിതരണത്തെ സാരമായി ബാധിക്കുമെന്ന് എയർബസ് സി.ഇ.ഒ. ഗില്ലൂം ഫോറി വ്യക്തമാക്കി.(Airbus A320 aircraft to undergo inspection, supply will be affected)
റോയിട്ടേഴ്‌സ് റിപ്പോർട്ട് അനുസരിച്ച്, ആകെ 628 വിമാനങ്ങളിൽ പരിശോധന വേണ്ടിവരുമെന്നാണ് വിലയിരുത്തൽ. ഇതിൽ 168 വിമാനങ്ങൾ നിലവിൽ വിവിധ എയർലൈനുകൾക്കായി സർവീസ് നടത്തുന്നവയാണ്. 245 വിമാനങ്ങൾ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്.
വിമാനത്തിന്റെ മുൻഭാഗത്തെ ലോഹപാളികൾക്ക് ആവശ്യമുള്ളത്ര കനം ഇല്ലാത്തതാണ് പ്രശ്നം. സ്പെയിൻ ആസ്ഥാനമായുള്ള സോഫിടെക് എയ്‌റോ എന്ന കമ്പനിയാണ് ഈ ഭാഗങ്ങൾ നിർമ്മിച്ചു നൽകിയിരുന്നത്. ഇത് അടിയന്തരമായി വിമാനങ്ങൾ തിരിച്ചുവിളിക്കേണ്ട തരത്തിലുള്ള സുരക്ഷാ ഭീഷണിയല്ല എന്നാണ് കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചന.
അടുത്തിടെ സോഫ്റ്റ്‌വെയർ തകരാറിനെത്തുടർന്ന് ആയിരക്കണക്കിന് വിമാനങ്ങൾ അടിയന്തരമായി തിരിച്ചുവിളിച്ചിരുന്നു. എന്നാൽ നിലവിലെ ഫ്യൂസ്ലേജ് തകരാർ അത്ര ഗൗരവമുള്ളതല്ലെങ്കിലും, അറ്റകുറ്റപ്പണികൾക്കും പരിശോധനകൾക്കും കൂടുതൽ സമയം ആവശ്യമായി വരും. ഇത് വിതരണ ഷെഡ്യൂളുകളെ ബാധിക്കുമെന്നാണ് എയർബസ് സി.ഇ.ഒ.യുടെ മുന്നറിയിപ്പ്.