

ഏഡൻ: യെമനിലെ തെക്കൻ വിഘടനവാദി നേതാവായ ഐദറൂസ് അൽ സുബൈദി (Aidarous al-Zubaidi) ഒളിവിൽ പോയതോടെ രാജ്യം വീണ്ടും രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക്. സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ റിയാദിൽ നടക്കേണ്ടിയിരുന്ന സമാധാന ചർച്ചകളിൽ നിന്ന് വിട്ടുനിന്ന സുബൈദി, അജ്ഞാത കേന്ദ്രത്തിലേക്ക് മാറിയതായാണ് റിപ്പോർട്ടുകൾ. ഇതിന് പിന്നാലെ സുബൈദിയെ രാജ്യദ്രോഹക്കുറ്റം ചുമത്തി യെമനിലെ സൗദി അനുകൂല ഗവൺമെന്റ് ഔദ്യോഗിക പദവികളിൽ നിന്ന് പുറത്താക്കി.
സൗദി അറേബ്യയും യുഎഇയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയ തെക്കൻ യെമനിലെ പ്രതിസന്ധി പരിഹരിക്കാനാണ് ചർച്ചകൾ തീരുമാനിച്ചിരുന്നത്. എന്നാൽ, റിയാദിലേക്കുള്ള വിമാനത്തിൽ കയറാതെ സുബൈദി വൻ സൈനിക നീക്കം നടത്തിയതായി സൗദി സഖ്യസേന ആരോപിക്കുന്നു. സുബൈദിയുടെ ജന്മനാടായ അൽ-ദാലിയ പ്രവിശ്യയിൽ സൗദി അറേബ്യ ഇതിനോടകം വ്യോമാക്രമണം നടത്തിക്കഴിഞ്ഞു.
യെമനിൽ ഹൂതികൾക്കെതിരെ ഒന്നിച്ചു പോരാടിയ സൗദി അറേബ്യയും യുഎഇയും ഇപ്പോൾ വിപരീത ചേരികളിലാണ്. യുഎഇ പിന്തുണയ്ക്കുന്ന സതേൺ ട്രാൻസിഷണൽ കൗൺസിലും സൗദി പിന്തുണയ്ക്കുന്ന ഗവൺമെന്റ് സേനയും തമ്മിലുള്ള പോരാട്ടം സഖ്യകക്ഷികൾക്കിടയിലെ വിള്ളൽ രൂക്ഷമാക്കിയിട്ടുണ്ട്. സായുധ കലാപത്തിന് പ്രേരിപ്പിച്ചു, ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി സുബൈദിയെ പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറാൻ യെമൻ പ്രസിഡൻഷ്യൽ കൗൺസിൽ ഉത്തരവിട്ടു.
സൗദിയുടെ സമ്മർദ്ദത്തെത്തുടർന്ന് യുഎഇ കഴിഞ്ഞയാഴ്ച യെമനിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിച്ചതായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുബൈദി പുതിയ ഭരണഘടന പ്രഖ്യാപിച്ചതും സ്വതന്ത്ര തെക്കൻ യെമൻ എന്ന ആവശ്യം ഉയർത്തിയതും.
യെമനിലെ വിഭവസമൃദ്ധമായ ഹദ്‌റാമൗത്ത് (Hadramout) പ്രവിശ്യയുടെ നിയന്ത്രണത്തെച്ചൊല്ലിയാണ് പ്രധാനമായും തർക്കം ഉടലെടുത്തത്. സുബൈദിയുടെ ഒളിവിൽ പോകലും സൗദി അറേബ്യയുടെ തുടർച്ചയായ വ്യോമാക്രമണങ്ങളും പത്ത് വർഷത്തിലേറെയായി തുടരുന്ന യെമൻ ആഭ്യന്തര യുദ്ധത്തെ കൂടുതൽ സങ്കീർണ്ണമാക്കാനാണ് സാധ്യത.
Aidarous al-Zubaidi, leader of Yemen's Southern Transitional Council (STC), has fled to an unknown location after skipping scheduled peace talks in Riyadh. In response, the Saudi-backed Yemeni government stripped him of his official positions and charged him with high treason. This development marks a significant escalation in the rift between Saudi Arabia and the UAE, threatening the decade-long coalition against Houthi rebels and potentially leading to a new wave of internal conflict in southern Yemen.