

ഇസ്രായേൽ ഗാസയിലെ വെടിനിർത്തൽ ധാരണകൾ കർശനമായി പാലിക്കണമെന്നും, മാനുഷിക സഹായങ്ങളുമായി വരുന്ന ട്രക്കുകൾ തടയരുതെന്നും ഐക്യരാഷ്ട്രസഭ (യു.എൻ.) ആവശ്യപ്പെട്ടു. വെടിനിർത്തൽ കരാറിൽ പറഞ്ഞതിലും വളരെ കുറഞ്ഞ എണ്ണം ട്രക്കുകൾ മാത്രമേ നിലവിൽ ഗാസയിലേക്ക് കടത്തിവിടുന്നുള്ളൂ എന്ന് യു.എൻ. ചൂണ്ടിക്കാട്ടി.
വെസ്റ്റ് ബാങ്കിൽ അതിക്രമം തുടരുന്നു
ഗാസയിൽ സഹായം ലഭിക്കാതെ ആളുകൾ ഇപ്പോഴും ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമം അനുഭവിക്കുന്നു. ഇസ്രായേൽ സൈനിക സാന്നിധ്യം കാരണം നിരവധി പേർക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ അതിക്രമം തുടരുകയാണ്.
വെള്ളിയാഴ്ചയും ഒരു 18-കാരൻ ഇസ്രായേൽ സൈന്യത്തിൻ്റെ വെടിയേറ്റ് മരിച്ചെന്ന് യു.എൻ. സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസിൻ്റെ ഉപവക്താവ് ഫർഹാൻ ഹഖ് പറഞ്ഞു. നബ്‌ലുസിലെ അസ്‌കർ ക്യാമ്പിൽ മുഹമ്മദ് അഹ്മദ് അബു ഹനീൻ ആണ് വെള്ളിയാഴ്ച കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം ഹെബ്രോണിൽ ഫുട്‌ബോൾ കളിക്കുകയായിരുന്ന പത്തുവയസ്സുകാരൻ മുഹമ്മദ് അൽ ഹല്ലാഖിനെയും ഇസ്രായേൽ സൈനികർ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു.
ലോക രാജ്യങ്ങളുടെ പ്രതികരണം
ഗാസയിലെ വെടിനിർത്തൽ ധാരണകൾ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കൽ അമേരിക്കയുടെ പ്രധാന മുൻഗണനയാണെന്ന് നിലവിൽ ഇസ്രായേലിലുള്ള യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ പറഞ്ഞു.ഇസ്രായേൽ വെടിനിർത്തൽ ധാരണകൾ പാലിക്കുന്നുണ്ടെന്ന് മധ്യസ്ഥ രാജ്യങ്ങൾ ഉറപ്പാക്കണമെന്ന് തുർക്കി പ്രസിഡൻ്റ് റജബ് ത്വയ്യിബ് ഉർദുഗാൻ ആവശ്യപ്പെട്ടു.