നേരത്തെ കാലത്തെ വിരമിച്ച് വിശ്രമജീവിതം നയിക്കണം എന്ന് ആഗ്രഹിക്കുന്ന പുതിയ തലമുറയ്ക്ക് മുന്നിൽ മാതൃകയായി ഒരു 91 വയസ്സുകാരൻ. സിംഗപ്പൂരിൽ നിന്നുള്ള ഒരു 91 -കാരനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നത്. വിരമിക്കാൻ തയ്യാറല്ലാത്ത ഈ 91 -കാരനും ഓസ്‌ട്രേലിയൻ സഞ്ചാരിയായ ജാഡൻ ലെയ്ംഗും തമ്മിലുള്ള ഒരു കൊച്ചുസംഭാഷണമാണ് ഇപ്പോൾ വൈറലായി മാറുന്നത്. (Aged Man)
സിംഗപ്പൂരിലെ ഒരു ബാത്ത്റൂമിൽ ജോലി ചെയ്യുന്ന വളരെ പ്രായമായ ഒരാളെ താൻ കണ്ടുവെന്നും അയാൾക്ക് ഉച്ചഭക്ഷണത്തിനുള്ള പണം നൽകാൻ താൻ തീരുമാനിച്ചുവെന്നും പറഞ്ഞുകൊണ്ടാണ് ലെയ്ംഗ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
'സുഖമാണോ?' എന്നാണ് ലെയ്ംഗ് ആദ്യം തന്നെ അദ്ദേഹത്തോട് ചോദിക്കുന്നത്. 'കുഴപ്പമില്ല' എന്നായിരുന്നു ആ മനുഷ്യന്റെ പുഞ്ചിരിയോടെയുള്ള മറുപടി. 'നിങ്ങളുടെ ദിവസം എങ്ങനെ?' എന്നായിരുന്നു അടുത്ത ചോദ്യം. എന്നാൽ, ആ മനുഷ്യൻ കേട്ടത് തെറ്റിപ്പോയി. അതിനാൽ തന്നെ മറുപടിയായി '91 വയസ്സ്' എന്നാണ് പറയുന്നത്. അപ്പോഴാണ് ശരിക്കും ലെയ്ംഗ് ഞെട്ടുന്നത്. അത് വിശ്വസിക്കാൻ പ്രയാസമാണ് എന്നും ഈ പ്രായത്തിലും നിങ്ങൾ ജോലി ചെയ്യുന്നു എന്നുമെല്ലാം അതേ അമ്പരപ്പോടെ യുവാവ് 91 -കാരനോട് പറയുന്നതും വീഡിയോയിൽ കാണാം.
താൻ വൈകുന്നേരം 7 മണി വരെ ജോലി ചെയ്യുമെന്നും, എല്ലാ ദിവസവും ഏകദേശം 12 മണിക്കൂർ ഷിഫ്റ്റുകളിൽ ജോലി ചെയ്യുമെന്നും അദ്ദേഹം ലെയ്ംഗിനോട് വിശദീകരിക്കുന്നു. ഈ പ്രായത്തിലും ഇത്ര ആരോഗ്യത്തോടെയിരിക്കാൻ എങ്ങനെ കഴിയുന്നുവെന്ന് ചോദിക്കുമ്പോൾ. അദ്ദേഹം പറയുന്നത്, 'സാധാരണ ഭക്ഷണം' എന്നാണ്. വ്യായാമത്തെക്കുറിച്ച് ചോദിച്ചപ്പോൾ 'ഒരിക്കലും വ്യായാമം ചെയ്യാറില്ല' എന്നാണ് ഉത്തരം. ലെയിംഗ് പൊട്ടിച്ചിരിക്കുന്നു. 'നിങ്ങൾ ജീവിതത്തിൽ ഒരിക്കലും വ്യായാമം ചെയ്തിട്ടില്ലേ?' എന്നാണ് അത്ഭുതത്തോടെ ലെയ്ംഗ് ആ മനുഷ്യനോട് ചോദിക്കുന്നത്.
അനേകം പേരാണ് വീഡിയോയ്ക്ക് താഴെ കമ്മന്റുകളുമായി എത്തിയത്. ഇത്രയും പ്രായമായിട്ടും അധ്വാനം തുടർന്ന് കൊണ്ടിരിക്കുന്നതാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തിന്റെ പിന്നിലെ രഹസ്യമെന്ന് വീഡിയോയ്ക്ക് താഴെ പലരും കുറിച്ച്.