റഷ്യ- ഉക്രെയ്‌ൻ യുദ്ധം: '36 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കൂലിപ്പടയാളികൾ റഷ്യയ്‌ക്കുവേണ്ടി പോരാടുന്നു, പണവും പൗരത്വവാഗ്ദാനവും നൽകി കുടുക്കിയത് 1,400-ൽ അധികം പേരെ': ഉക്രെയ്ൻ | Ukraine
ഉക്രെയ്‌നിനെതിരായ യുദ്ധത്തിൽ 36 ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള 1,400-ലധികം ആളുകൾ റഷ്യയ്‌ക്കുവേണ്ടി പോരാടുന്നതായി ആരോപണം ഉന്നയിച്ച് ഉക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ. റഷ്യയുടെ നീക്കത്തിനെതിരായി സർക്കാരുകൾ പൗരന്മാർക്ക് മുന്നറിയിപ്പ് നൽകണമെന്നും അദ്ദേഹം പറഞ്ഞു. എക്സിൽ കുറിച്ച പോസ്റ്റിലാണ് സിബിഹ റഷ്യയ്ക്ക് എതിരായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. (Ukraine)
റഷ്യൻ സർക്കാർ ആഫ്രിക്കൻ പൗരന്മാരെ പണം വാഗ്ദാനം ചെയ്തുകൊണ്ടോ കബളിപ്പിച്ചോ "മരണ വാറണ്ട്" പോലുള്ള സൈനിക കരാറുകളിൽ ഒപ്പിടാൻ പ്രലോഭിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇങ്ങനെയുള്ള കൂലിപ്പടയാളികളും ഒരു മാസത്തിനുള്ളിൽ തന്നെ കൊല്ലപ്പെടുമെന്നും, യഥാർത്ഥ റിക്രൂട്ട്മെന്റുകളുടെ എണ്ണം 1,436 കവിയാൻ സാധ്യതയുണ്ടെന്നും സിബിഹ മുന്നറിയിപ്പ് നൽകി.
നിരവധി ആഫ്രിക്കൻ സർക്കാരുകൾ തങ്ങളുടെ പൗരന്മാർ റഷ്യൻ സേനയിൽ ചേരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. "നല്ല ശമ്പളമുള്ള തൊഴിൽ കരാറുകൾ" എന്ന വ്യാജേന കൂലിപ്പട്ടാളക്കാരായി ചേർന്ന 17 പൗരന്മാരെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ദക്ഷിണാഫ്രിക്ക അറിയിച്ചിട്ടുണ്ട്. കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയോട് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കുകയും യുദ്ധത്തിലേക്ക് നിയമവിരുദ്ധമായി റിക്രൂട്ട് ചെയ്യപ്പെട്ട പൗരന്മാരെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങൾ കൂടാതെ, ചൈന, താജിക്കിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, പാകിസ്ഥാൻ, ക്യൂബ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും 20,000 ത്തോളം ആളുകളെ റഷ്യൻ സൈന്യത്തിലേക്ക് റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നതായി ഉക്രേനിയൻ ഉദ്യോഗസ്ഥർ ആരോപിച്ചു.
Summary: Ukrainian Foreign Minister Andrii Sybiha alleges that over 1,400 individuals from 36 African nations are fighting for Russia, having been lured by money or deception into "suicidal" military contracts.

