കാബൂൾ: അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിൽ തുർക്കിയിലെ ഇസ്താംബൂളിൽ വെച്ച് നടന്ന ഏറ്റവും പുതിയ സമാധാന ചർച്ചകൾ പരാജയപ്പെട്ടു. ചർച്ചകൾ സ്തംഭിക്കാൻ കാരണം പാകിസ്ഥാന്റെ നിസ്സഹകരണ നിലപാടാണെന്ന് ആരോപിച്ച് ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ (താലിബാൻ) ശക്തമായ പ്രസ്താവന പുറത്തിറക്കി.(Afghanistan-Pakistan peace talks stalled due to Pakistan's non-cooperation, says Taliban)
തുർക്കിയുടെയും ഖത്തറിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകളെ പാകിസ്ഥാൻ ഗൗരവമായി സമീപിച്ചില്ലെന്നാണ് താലിബാന്റെ മുഖ്യ ആരോപണം. നവംബർ 6, 7 തീയതികളിലാണ് സമാധാന ചർച്ചകൾ ഇസ്താംബൂളിൽ നടന്നത്. ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ നവംബർ എട്ടിന് താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ് ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി.
പാകിസ്ഥാന്റെ 'അവിവേകവും നിസ്സഹകരണവും' കാരണമാണ് ചർച്ചകൾ ഫലം കാണാതെ പോയതെന്ന് പ്രസ്താവനയിൽ എടുത്തുപറയുന്നു. നവംബർ 6, 7 തീയതികളിലെ ചർച്ചകളിൽ സദുദ്ദേശ്യത്തോടെയാണ് അഫ്ഗാൻ പ്രതിനിധികൾ പങ്കെടുത്തതെന്നും പാകിസ്ഥാൻ വിഷയത്തെ ഗൗരവമായി സമീപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും താലിബാൻ വ്യക്തമാക്കി.
ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കുകയും മധ്യസ്ഥത വഹിക്കുകയും ചെയ്ത തുർക്കിക്കും ഖത്തറിനും താലിബാൻ സർക്കാർ നന്ദി അറിയിച്ചു. മുൻപും പലതവണ ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ നടന്നിട്ടുണ്ട്. എന്നാൽ അതിർത്തി തർക്കങ്ങളും സുരക്ഷാ വിഷയങ്ങളും കാരണം കാര്യമായ പുരോഗതിയില്ലാതെ പലപ്പോഴും സ്തംഭിക്കുകയായിരുന്നു. ഈ പ്രസ്താവന ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വിള്ളലുണ്ടാക്കിയേക്കാം.