

ഇസ്ലാമാബാദ്: കഴിഞ്ഞ മാസം അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ ഉണ്ടായ സംഘർഷങ്ങളെത്തുടർന്ന്, അഫ്ഗാൻ കുടിയേറ്റക്കാരെ നാടുകടത്താനുള്ള ശ്രമങ്ങൾ പാകിസ്ഥാൻ അധികൃതർ ശക്തമാക്കി. അഫ്ഗാനികൾ നടത്തുന്ന കടകളിലും വാടക വീടുകളിലും പോലീസ് റെയ്ഡുകൾ വർദ്ധിപ്പിച്ചതായി ഡിഡബ്ല്യു ന്യൂസ് റിപ്പോർട്ട് ചെയ്തു. (Afghan Refugees)
രാജ്യമെമ്പാടും പടർന്ന ഭീതി
അതിർത്തി പ്രദേശങ്ങളിൽ മാത്രമല്ല, തലസ്ഥാനമായ ഇസ്ലാമാബാദിലും സമീപത്തുള്ള റാവൽപിണ്ടിയിലും ഈ നീക്കം അനുഭവപ്പെടുന്നുണ്ട്. നിയമപരമായ പ്രത്യാഘാതങ്ങൾ ഭയന്ന് ഭൂവുടമകൾ അഫ്ഗാൻ കുടിയാന്മാരെ കുടിയിറക്കുകയോ പാട്ടക്കരാർ പുതുക്കാൻ വിസമ്മതിക്കുകയോ ചെയ്തിട്ടുണ്ട്. ഇത് അഫ്ഗാൻ കുടുംബങ്ങളെ പുതിയ വീടുകൾ കണ്ടെത്താൻ നിർബന്ധിതരാക്കി. പാകിസ്ഥാനിൽ താമസിക്കുന്ന അഫ്ഗാൻ പൗരന്മാരും വിസ പുതുക്കുന്നതിൽ വലിയ തടസ്സങ്ങൾ നേരിടുന്നു. ഈ പ്രക്രിയ ചെലവേറിയതും അനിശ്ചിതത്വമുള്ളതും പലപ്പോഴും വൈകുന്നതുമാണ്.
"അറസ്റ്റിനെയും പോലീസ് അതിക്രമങ്ങളെയും ഭയന്ന് ഞങ്ങൾ ഒളിവിലാണ്. കുടുംബങ്ങൾ ചിതറിപ്പോയി, ഒരിടത്തും സ്ഥിരമായി താമസിക്കാൻ കഴിയുന്നില്ല. ഞങ്ങളുടെ ബിസിനസ്സുകൾ നിലച്ചു, കുട്ടികൾ സ്കൂളിൽ പോകുന്നത് നിർത്തി, അടുത്ത പടിയെക്കുറിച്ച് ആലോചിക്കാൻ പോലും സമയമില്ല,"- ഡിഡബ്ല്യു ന്യൂസിനോട് ഒരു അഫാഗാൻ പൗരൻ നടത്തിയ വെളിപ്പെടുത്തലാണ്.
കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ, പാകിസ്ഥാനിൽ സ്ഥിരതാമസമാക്കിയ നിരവധി അഫ്ഗാനികൾ ഇസ്ലാമാബാദിലും റാവൽപിണ്ടിയുടെ വിവിധ ഭാഗങ്ങളിലുമുള്ള തങ്ങളുടെ വീടുകളിൽ പോലീസ് പരിശോധന നടത്തുന്നതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
സഹായം നൽകുന്നവർ കുറ്റവാളികൾ
നിയമപരമായി പാകിസ്ഥാനിൽ താമസിക്കാൻ ശ്രമിക്കുന്നവർ നേരിടുന്ന റെയ്ഡുകൾക്കും അനന്തമായ ഉദ്യോഗസ്ഥ തടസ്സങ്ങൾക്കും പുറമേ, അഫ്ഗാൻ കുടിയേറ്റക്കാരെ സഹായിക്കുന്ന ആരെയും, വീടുകളോ കടകളോ വാടകയ്ക്ക് നൽകുന്നവരെപ്പോലും, സർക്കാർ കുറ്റവാളികളായി കണക്കാക്കുമെന്ന് മുന്നറിയിപ്പ് നൽകുന്ന നോട്ടീസുകൾ പാകിസ്ഥാൻ പോലീസ് ഇപ്പോൾ പള്ളികളിൽ പതിക്കാൻ തുടങ്ങിയിട്ടുണ്ട്. ഏകദേശം 3 ദശലക്ഷം അഫ്ഗാൻ പൗരന്മാർ ഇപ്പോഴും പാകിസ്ഥാനിൽ താമസിക്കുന്നുണ്ടെന്ന് യുഎൻഎച്ച്സിആർ കണക്കാക്കുന്നു, അതിൽ ഏകദേശം 1.4 ദശലക്ഷം പേർക്ക് ശരിയായ രേഖകളുണ്ട്.
Summary: Following recent border clashes, Pakistani authorities have intensified efforts to repatriate Afghan migrants, leading to an increase in police raids on Afghan-run shops and rented homes across the country, including Islamabad and Rawalpindi.