വാഷിങ്ടണ്‍ : റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യയ്ക്കുമേല്‍ അധിക തീരുവ ചുമത്തിയ നടപടി അമേരിക്കയ്ക്കു തന്നെ തിരിച്ചടിയാകുമെന്ന് യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍. ഇന്ത്യയ്ക്ക് മേൽ 50 ശതമാനം തീരുവ ചുമത്തിയ തീരുമാനം ഇരു രാജ്യങ്ങൾക്കിടയിൽ വിള്ളലുണ്ടാക്കിയെന്ന് ജോണ്‍ ബോള്‍ട്ടന്‍ സിഎൻഎന്നിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.
ട്രംപിന്റെ അധിക തീരുവ നടപടി ഇന്ത്യയെ ചൈനയുമായും റഷ്യയുമായും കൂടുതല്‍ അടുപ്പിക്കും.അത് അമേരിക്കയ്ക്ക് ഒരു തരത്തിലും ഗുണം ചെയ്യില്ലെന്ന് ബോൾട്ടൻ പറഞ്ഞു.റഷ്യക്കെതിരെയുള്ള നടപടി എന്ന നിലയ്‌ക്കാണ് ഇന്ത്യക്ക് മേൽ രണ്ടാമതും അമേരിക്ക തീരുവ ചുമത്തിയത്.
ചൈനയുമായി കരാര്‍ ഒപ്പിടാനുള്ള തിരക്കുമൂലം ട്രംപ് യുഎസിന്റെ താല്‍പര്യങ്ങളെ ബലികഴിക്കുകയാണ്. ഇതുവഴി റഷ്യയ്ക്ക് അവരുടെ അജന്‍ഡ നടപ്പാക്കാനും യുഎസ് ചുമത്തിയ ഉയര്‍ന്ന തീരുവയെ ഉപയോഗപ്പെടുത്താനും സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേ സമയം, തീരുവ പ്രഖ്യാപനങ്ങളിലൂടെ ട്രംപ് ലോകത്തോടു വ്യാപാരയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും അത് അയാളെ സ്വയം നശിപ്പിക്കുമെന്നും യുഎസ് സാമ്പത്തിക ശാസ്ത്രജ്ഞനും ജോൺ ഹോപ്കിൻസ് സർവകലാശാലയിലെ പ്രഫസറുമായ സ്റ്റിവ് ഹാങ്ക് അഭിപ്രായപ്പെട്ടു. തീരുവ ചുമത്താനുള്ള ട്രംപിന്റെ തീരുമാനം തികഞ്ഞ അസംബന്ധവും അടിസ്ഥാന രഹിതവുമാണെന്നും അതിന്റെ പിന്നിലെ സാമ്പത്തിക ശാസ്ത്രം തെറ്റാണെന്നും ഹാങ്ക് എൻഡിടിവിയോടു പറഞ്ഞു.
25 ശതമാനം തീരുവയായിരുന്നു ഇന്ത്യയ്ക്കുമേല്‍ അമേരിക്ക ആദ്യം പ്രഖ്യാപിച്ചിരുന്നത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനെതിരായ താക്കീത് അംഗീകരിക്കാന്‍ ഇന്ത്യ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് 25 ശതമാനം കൂടി അധികമായി ചുമത്തി. ഇതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് യുഎസിൽ 50 ശതമാനം തീരുവയായി. അമേരിക്കയുടെ ഈ തീരുവ പ്രഖ്യാപനത്തോട് ശക്തമായ ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്.