മുല്ലപ്പൂവ് കൈവശം വച്ചു; നടി നവ്യ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ | Jasmine Flower

ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവള അധികൃതരാണ് പിഴ ചുമത്തിയത്
Navya
Published on

മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായരിൽ നിന്നും 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴശിക്ഷ ഈടാക്കി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ രാജ്യാന്തര വിമാനത്താവള അധികൃതർ. വിക്ടോറിയയിലെ മലയാളി അസോസിയേഷന്റെ ഓണപ്പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം. ഓണപ്പരിപാടിയില്‍ സംസാരിക്കവേയാണ് നവ്യ തൻ്റെ ദുരനുഭവം പങ്കുവച്ചത്. 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂവാണ് തന്റെ പക്കല്‍ ഉണ്ടായിരുന്നതെന്ന് നവ്യ പറഞ്ഞു. 1,980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. 'മുല്ലപ്പൂവ് കൊണ്ടുപോകാന്‍ പാടില്ല' എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്നും നവ്യ വ്യക്തമാക്കി.

"ഇങ്ങോട്ട് വരുന്നതിന് മുമ്പ് അച്ഛനാണ് എനിക്ക് മുല്ലപ്പൂവ് വാങ്ങിത്തന്നത്. രണ്ട് കഷ്ണങ്ങളാക്കി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ ചൂടാൻ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്കും അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് രണ്ടാമത്തെ കഷ്ണം ചൂടാമെന്നും അത് ഹാന്‍ഡ്ബാഗില്‍ വെക്കാനും അച്ഛൻ പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ മുല്ലപ്പൂവ് എന്റെ ഹാന്‍ഡ് ബാഗില്‍ വച്ചു. എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1,980 ഡോളര്‍ (ഒന്നേകാൽ ലക്ഷത്തോളം രൂപ) പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത്." - നവ്യ നായർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com