ഇസ്ലാമാബാദ്: അഫ്‌ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടത്തിന് കടുത്ത അന്ത്യശാസനം നൽകി പാക്കിസ്ഥാൻ. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കാൻ പാകിസ്ഥാൻ മുന്നോട്ട് വെച്ച വ്യവസ്ഥകൾ അംഗീകരിക്കാൻ വിസമ്മതിക്കുന്നപക്ഷം, അഫ്ഗാനിസ്ഥാനിൽ 'ഭരണമാറ്റത്തിനുള്ള പ്രചാരണം' നേരിടാൻ തയാറായിക്കൊള്ളാനാണ് മുന്നറിയിപ്പ്.(Accept the conditions, Pakistan-Taliban relations are deteriorating)
2021-ലെ താലിബാൻ ഭരണമാറ്റത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന ബന്ധത്തിൽ ഏറ്റവും രൂക്ഷമായ സംഘർഷമാണ് ഇപ്പോൾ രൂപപ്പെട്ടിരിക്കുന്നത്. തുർക്കിയുടെ മധ്യസ്ഥതയിൽ പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും വ്യവസ്ഥകളിൽ ധാരണയാകാത്തതിനെ തുടർന്ന് ചർച്ചകൾ വഴിമുട്ടി നിൽക്കുകയാണ്.
ആശങ്കകൾ പരിഹരിക്കാൻ താലിബാൻ വിസമ്മതിക്കുന്നതാണ് പ്രശ്നപരിഹാരത്തിന് തടസ്സമെന്നാണ് പാകിസ്ഥാന്റെ ആരോപണം. അഫ്‌ഗാൻ ഭരണകൂടത്തിനു മുന്നിൽ പാക്കിസ്‌ഥാൻ ചില വ്യവസ്ഥകൾ വച്ചു. പാക്കിസ്ഥാനെതിരെ പതിവായി ആക്രമണം നടത്തുന്ന തെഹ്‌രികെ താലിബാൻ പാക്കിസ്ഥാനെതിരെ (ടിടിപി) കർശന നടപടി സ്വീകരിക്കുക.
തീവ്ര ടിടിപി ഭീകരരെ പാക്കിസ്‌ഥാന് കൈമാറുക. അതിർത്തി കടന്നുള്ള ഭീകരവാദം തടയാൻ അതിർത്തിയിൽ ബഫർ സോൺ സ്‌ഥാപിക്കുക. തർക്കമുള്ള അതിർത്തി മേഖലയായ ഡ്യൂറൻഡ് രേഖയിൽ സംഘർഷം വ്യാപിപ്പിക്കില്ലെന്ന് ഉറപ്പുനൽകുക. വ്യാപാരവും ഉഭയകക്ഷി സഹകരണവും സാധാരണ നിലയിലാക്കുക. ഉന്നതവൃത്തങ്ങൾ നൽകുന്ന വിവരം അനുസരിച്ച്, തുർക്കി വഴിയാണ് പാക്കിസ്ഥാൻ തങ്ങളുടെ ഈ അന്ത്യശാസനം താലിബാന് കൈമാറിയത്.
2021-ൽ താലിബാൻ അഫ്‌ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്ത ശേഷമാണ് പാക്കിസ്‌ഥാനുമായുള്ള ബന്ധത്തിൽ ഉലച്ചിലുണ്ടായത്. അതിർത്തിയിൽ സംഘർഷം രൂക്ഷമായതോടെ, പാക്കിസ്‌ഥാൻ അഫ്‌ഗാനിസ്ഥാനിൽ വ്യോമാക്രമണം നടത്തുകയും ഇതിന് അഫ്‌ഗാൻ സേന തിരിച്ചടിക്കുകയും ചെയ്തിരുന്നു. ഏറ്റുമുട്ടലുകളിൽ നിരവധി പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് ആളുകൾക്ക് പരുക്കേൽക്കുകയും ചെയ്തു.
പാക്കിസ്ഥാനെ എതിർക്കുകയും ആക്രമണങ്ങൾ നടത്തുകയും ചെയ്യുന്ന ടിടിപിക്ക് എതിരെ നടപടിയെടുക്കാൻ താലിബാൻ സ്ഥിരമായി വിസമ്മതിക്കുന്നതാണ് പാക്കിസ്ഥാന്റെ പ്രധാന ആരോപണം. താലിബാനെ പതിറ്റാണ്ടുകളായി പിന്തുണച്ചിരുന്ന പാക്കിസ്‌ഥാൻ, അഫ്‌ഗാനിൽ ഭരണം തിരിച്ചുപിടിക്കുന്നതിന് അവർക്ക് സജീവമായി സഹായങ്ങൾ നൽകിയിരുന്നു. എന്നാൽ നിലപാട് മാറ്റത്തിന് പിന്നിൽ മറ്റ് കാരണങ്ങളുണ്ടെന്നാണ് വിലയിരുത്തൽ.
അഫ്‌ഗാൻ മുൻ പ്രസിഡന്റുമാരായ ഹമീദ് കർസായി, അഷ്‌റഫ് ഗനി, നോർത്തേൺ റെസിസ്റ്റൻസ് ഫ്രന്റ് നേതാവ് അഹമ്മദ് മസൂദ്, തുടങ്ങിയ പ്രമുഖരായ നിരവധി അഫ്ഗാൻ ജനാധിപത്യ, പ്രതിപക്ഷ നേതാക്കളുമായി പാക്കിസ്‌ഥാൻ രഹസ്യാന്വേഷണ വിഭാഗം ആശയവിനിമയം നടത്തിയെന്നാണ് വിവരം. താലിബാൻ ഇന്ത്യയുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചതാണ് പാക്കിസ്ഥാന്റെ നിലപാടുമാറ്റത്തിന് പിന്നിലെ പ്രധാന ഘടകമെന്നാണ് രാഷ്ട്രീയ വിലയിരുത്തൽ.