
ലണ്ടൻ: ട്രെയിനിൽ കുട്ടികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് മുന്നിൽ യുവാവിന്റെ നഗ്നതാ പ്രദർശനം. കിഴക്കൻ ലണ്ടനിലെ ഹാമർസ്മിത്ത് ആൻഡ് സിറ്റി ലൈനിൽ ഇന്നലെ വൈകിട്ട് 3.30 നായിരുന്നു സംഭവം. വെളുത്ത ടീ ഷർട്ടും പാന്റ്സും ഹെഡ്‌ഫോണും ധരിച്ച് ട്രെയിനിൽ പ്രവേശിച്ച യുവാവ്, അപ്ടൻ പാർക്കിൽ ട്രെയിൻ എത്തിയതോടെ ബഹളം വയ്ക്കാൻ തുടങ്ങി. തുടർന്ന് പാന്റ് അഴിച്ചിട്ട് ബെൽറ്റ് കഴുത്തിൽ തൂക്കിയാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്.
ട്രെയിനിൽ നിന്ന് ഇറങ്ങിപ്പോകാനും പാന്റ് ധരിക്കാനും സഹയാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും യുവാവ് തയാറായില്ല. തുടർന്ന് ഇയാളെ പിടികൂടാൻ സഹയാത്രക്കാർ ശ്രമിച്ചതോടെ യുവാവ് ഇവരെ ബെൽറ്റ് ഉപയോഗിച്ച് ആക്രമിച്ചു. ബെൽറ്റ് പിടിച്ചുവാങ്ങിയ ശേഷം സഹയാത്രക്കാർ യുവാവിനെ കീഴ്പ്പെടുത്തി. ട്രെയിനിൽ നിന്ന് ബലമായി യുവാവിനെ പിടിച്ച് പുറത്തിറക്കിയ സഹയാത്രക്കാർ ഇയാളെ പിന്നീട് പൊലീസിന് കൈമാറി.
യുവാവിന് സഹയാത്രക്കാരിൽ നിന്ന് മർദനമേറ്റതായിട്ടും റിപ്പോർട്ടുണ്ട്. കേസിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. യുവാവിന്റെ മാനസികനില പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.