

ന്യൂയോർക്ക്: ലോകമെമ്പാടുമുള്ള സ്ത്രീകളും പെൺകുട്ടികളും നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് യു.എൻ. പുറത്തുവിട്ടു. 'സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇല്ലാതാക്കാനുള്ള അന്താരാഷ്ട്ര ദിനമായ' ഇന്ന് പുറത്തുവന്ന പഠനറിപ്പോർട്ട് പ്രകാരം, 2024-ൽ ലോകമെമ്പാടുമുള്ള ഏകദേശം 50,000 സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവനെടുത്തത് അവരുടെ പങ്കാളിയോ അടുത്ത കുടുംബാംഗങ്ങളോ ആണ്. യു.എൻ. വിമൻ, യു.എൻ. ഓഫീസ് ഓൺ ഡ്രഗ്‌സ് ആൻ്റ് ക്രൈംസ് (UNODC) എന്നിവ സംയുക്തമായി നടത്തിയ പഠനത്തിലെ കണ്ടെത്തലുകൾ അതീവ ഗൗരവതരമാണ്.(A woman is killed by someone close in every 10 minutes, Shocking UN report)
കഴിഞ്ഞ വർഷം (2024) ലോകത്താകെ 83,000 സ്ത്രീകളും പെൺകുട്ടികളും കൊല്ലപ്പെട്ടു എന്നാണ് റിപ്പോർട്ട് പറയുന്നത്. ഇവരിൽ 60 ശതമാനത്തോളം വരുന്ന (50,000) സ്ത്രീകളെയും പെൺകുട്ടികളെയും വധിച്ചത് അടുത്ത ബന്ധുക്കളാണ്. ഓരോ പത്ത് മിനിറ്റിലും ഒരു സ്ത്രീ ഉറ്റവരാൽ കൊല്ലപ്പെടുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. പ്രതിദിനം ശരാശരി 137 സ്ത്രീകളാണ് ലോകത്താകെ കൊല്ലപ്പെടുന്നത്. അതേസമയം, ലോകത്താകെ കൊല്ലപ്പെടുന്ന പുരുഷന്മാരിൽ 11 ശതമാനം മാത്രമാണ് ഉറ്റവരാൽ കൊല്ലപ്പെടുന്നതെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഉറ്റബന്ധുക്കൾ കൊലപ്പെടുത്തുന്ന സ്ത്രീകളുടെ എണ്ണം ലക്ഷത്തിൽ കണക്കാക്കുമ്പോൾ ഏറ്റവും കൂടുതൽ ആഫ്രിക്കയിലാണ് (3.0). ഇതിന് പിന്നാലെ അമേരിക്ക (1.5), ഓഷ്യാനിയ (1.4), ഏഷ്യ (0.7), യൂറോപ്പ് (0.5) എന്നിങ്ങനെയാണ് കണക്കുകൾ.
2023-ൽ 51,100 പേരാണ് ഇത്തരത്തിൽ കൊല്ലപ്പെട്ടതെങ്കിലും, 2024-ലെ കണക്കുകൾ കുറവാണെന്ന് കണ്ട് കൊലപാതകങ്ങൾ കുറഞ്ഞെന്ന് അർത്ഥമാക്കാനാവില്ലെന്ന് യു.എൻ. ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് സംബന്ധിച്ച് വിശദീകരിക്കാൻ യു.എൻ. സംഘം ഇന്ന് ന്യൂയോർക്കിൽ മാധ്യമപ്രവർത്തകരെ കാണും.