ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ഫ്രീ സ്റ്റേറ്റ് പ്രവിശ്യയിൽ മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ അനാവരണം ചെയ്തു. ഒരു നൂറ്റാണ്ടിലേറെ കാലം ഇന്ത്യക്കാരോട് വർണവിവേചനം പുലർത്തുകയും അകറ്റിനിർത്തുകയും ചെയ്ത ഓറഞ്ച് ഫ്രീ സ്റ്റേറ്റ് എന്നറിയപ്പെട്ടിരുന്ന പ്രവിശ്യയിലാണ് ഗാന്ധിജിയുടെ വെങ്കല പ്രതിമ സ്ഥാപിച്ചത്. പത്മഭൂഷൺ ജേതാവായ ശിൽപി റാം വി സുതർ രൂപകൽപന ചെയ്ത പ്രതിമ ഇന്ത്യൻ സാംസ്കാരിക മന്ത്രാലയമാണ് സംഭാവന ചെയ്തത്. കഴിഞ്ഞ 11ന് ഇന്ത്യൻ ഹൈക്കമ്മിഷണർ പ്രഭാത്കുമാർ അനാവരണം നിർവഹിച്ചു.
വർണവിവേചനം അവസാനിപ്പിച്ച് 1994 ൽ നെൽസൺ മണ്ടേല അധികാരത്തിൽ എത്തുന്ന കാലം വരെ ഇവിടെ ഇന്ത്യക്കാർക്ക് നിരോധനമേർപ്പെടുത്തിയിരുന്നു. ഇവിടെയുള്ള ബോവർ യുദ്ധ സ്മാരകമായ മ്യൂസിയത്തിലാണ് പ്രതിമ സ്ഥാപിച്ചത്. 1899–1902 കാലഘട്ടത്തിൽ ബ്രിട്ടനും ദക്ഷിണാഫ്രിക്കയും തമ്മിൽ നടത്തിയ ബോവർ യുദ്ധത്തിലെ ഇന്ത്യക്കാരുടെ പങ്ക് വ്യക്തമാക്കുന്ന ഡോക്യുമെന്ററിയും ഇതോടൊപ്പം പുറത്തിറക്കി. അന്ന് ബ്രിട്ടിഷ് സൈന്യത്തിൽ ധാരാളം ഇന്ത്യക്കാരുണ്ടായിരുന്നു.