ഫ്ലോറിഡ: ഹൈവേയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ചെറുവിമാനം ഇടിച്ചിറങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഫ്ലോറിഡയിലെ ബ്രെവാർഡ് കൗണ്ടിയിലുള്ള ഇന്റർസ്റ്റേറ്റ് 95-ൽ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. യു.എസ്. മാധ്യമങ്ങളും ഈ വീഡിയോ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.(A plane made an emergency landing on top of a moving car in Florida!)
അടിയന്തര സാഹചര്യമുണ്ടായതിനെ തുടർന്നാണ് വിമാനം തിരക്കേറിയ ഹൈവേയിലേക്ക് അപ്രതീക്ഷിതമായി ഇറങ്ങേണ്ടിവന്നതെന്ന് ബ്രെവാർഡ് കൗണ്ടി ഫയർ റെസ്‌ക്യൂ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. റോഡിൽ ലാൻഡ് ചെയ്യാനുള്ള ശ്രമത്തിനിടെ അതുവഴി സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു ടൊയോട്ട കാമ്പ്ര കാറിന് മുകളിലേക്ക് വിമാനം ഇടിക്കുകയും തുടർന്ന് റോഡിലേക്ക് നിരങ്ങി വീഴുകയുമായിരുന്നു.
കാർ ഓടിച്ചിരുന്ന 57 വയസ്സുള്ള വ്യക്തിക്ക് പരിക്കേറ്റു. ഇദ്ദേഹത്തെ ചികിത്സയ്ക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. വിമാനത്തിൽ ഉണ്ടായിരുന്ന 27 വയസ്സുള്ള പൈലറ്റും സഹയാത്രികനും പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി ഫ്ലോറിഡ ഹൈവേ പട്രോൾ ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തെക്കുറിച്ചും കൂട്ടിയിടിയെക്കുറിച്ചും അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിമാനവും കാറും നീക്കം ചെയ്യുന്നതിനായി ഐ-95-ലെ ഗതാഗതം താത്കാലികമായി തടസ്സപ്പെട്ടു