വെറും നേരമ്പോക്കിനും ബോറടി മാറ്റാനുമായി ഒരു നഴ്‌സ് കൊലപ്പെടുത്തിയത് 300 ഓളം രോഗികളെ; നാസി ക്രൂരതകള്‍ക്ക് ശേഷം ജര്‍മനിയെ ഞെട്ടലിലാഴ്ത്തിയ നീൽസ് ഹൂഗല്‍ എന്ന മരണത്തിന്റെ മാലാഖയുടെ കഥ|Niels Högel

Niels Högel
Published on

നഴ്‌സുമാർ ഭൂമിയിലെ മാലാഖമാർ. മാനവികതയ്ക്ക് മുന്നിൽ കരുണയുടെയും കരുതലിന്റെയും പ്രതീകങ്ങളായി മാറിയ നഴ്‌സുമാരെ നമ്മുടെ സമൂഹം ഏറെ ആദരവോടെയാണ് നോക്കി കാണുന്നത്. കേരളത്തിൽ നിപ്പ പടർന്നപ്പോൾ സ്വന്തം ജീവൻ പോലും ബലി നൽകി രോഗിയെ ശുശ്രുഷിച്ച സിസ്റ്റർ ലിനി എന്നും മലയാളികളുടെ ഓർമ്മയിൽ മായാതെ നിറഞ്ഞു നിൽക്കും. നമ്മുടെ നാട്ടിൽ ഒരായിരം സിസ്റ്റർ ലിനിമാരുണ്ട്, മനുഷ്യത്വത്തിന്റെ മാലാഖാമാരായി ഇവർ ജീവന്റെ കാവൽക്കാരാണ്. എന്നാൽ നിങ്ങൾ നീൽസ് ഹൂഗല്‍ (Niels Högel) എന്ന നഴ്സിനെ പറ്റി കേട്ടിട്ടുണ്ടോ. സ്വന്തം ബോറടിമാറ്റുവാനായി ഹൂഗല്‍ കൊലപ്പെടുത്തിയത് 300 ഓളം രോഗികളെ. സമാനതകളില്ലാത്ത സീരിയൽ കില്ലർ, യുദ്ധാനന്തര ജർമനിയെ വിറപ്പിച്ച കൊലയാളി നീൽസ് ഹൂഗളിന്റെ നരവേട്ടയുടെ കഥ രക്തം മരവിപ്പിക്കുന്നതാണ്.

1976 ഡിസംബർ 30 ന്, പടിഞ്ഞാറൻ ജർമനിയിലെ ലോവർ സാക്സണിയിലെ വിൽഹെംഷാവൻ എന്ന തീരദേശ നഗരത്തിലാണ് നീൽസ് ഹൂഗളിന്റെ ജനനം. ഹൂഗലിന്റെ പിതാവ് ഒരു നഴ്‌സായിരുന്നു. സ്കൂൾ പഠനം പൂർത്തിയാക്കിയ ശേഷം പിതാവിനെ പോലെ നഴ്‌സാകാനായിരുന്നു ഹൂഗളിന്റെയും തീരുമാനം. നഴ്‌സ് പഠനമൊക്കെ പൂർത്തിയായ ശേഷം 1999 ൽ ഓൾഡൻബർഗ് പട്ടണത്തിലെ ഒരു ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നു. വളരെ സൗമ്യ ശീലനായ യുവാവ്, എല്ലാവരെയും മനസ്സറിഞ്ഞ് സഹായിക്കുന്ന നഴ്‌സ്, ഇതായിരുന്നു ആദ്യകാലങ്ങളിൽ ഹൂഗളിനെ സഹപ്രകർത്തകർ വിശേഷിപ്പിച്ചിരുന്നത്. ജോലിയിൽ പ്രവേശിച്ച ആദ്യകാലങ്ങളിൽ ഒരു സാധാരണ നഴ്സിനെ പോലെ തന്നെയായിരുന്നു അയാളുടെ പെരുമാറ്റവും പ്രവർത്തിയും.

2001 ആഗസ്റ്റിൽ, ഹൂഗൽ ജോലിചെയ്തിരുന്ന ആശുപത്രിയിലെ ഡോക്ടർ അടിയന്തരമായി ഒരു യോഗം ചേരുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ജീവൻ രക്ഷയ്ക്കുള്ള ശ്രമങ്ങളും മരണങ്ങളും അസാധാരണമായി വർധിച്ചതിനെ കുറിച്ചാണ് ആ യോഗത്തിൽ ചർച്ച ചെയ്തത്. ഈ കേസുകളുടെ പൊതുസ്വഭാവം എന്നവണ്ണം ഇവയിൽ എല്ലാത്തിലും ഹൂഗൽ സജീവസാനിധ്യമായിരുന്നു. യോഗത്തിനു ശേഷം മൂന്ന് ആഴ്ചത്തേക്ക് ജോലിയിൽ നിന്നും വിട്ടു നിൽക്കുവാൻ ഹൂഗലിനോട് ആവശ്യപ്പെടുന്നു. ഇങ്ങനെ മൂന്ന് ആഴ്ചത്തേക്ക് ഹൂഗൽ ജോലിയിൽ നിന്നും പൂർണ്ണമായും വിട്ടു നിന്നപ്പോൾ, നേരെത്തെക്കാൾ രോഗികളുടെ മരണസംഖ്യ നന്നേ കുറഞ്ഞിരുന്നു. അതോടെ ഹൂഗൽ നിലവിൽ ജോലിചെയ്തിരുന്ന വാർഡിൽ നിന്നും അനസ്തേഷ്യോളജി വാർഡിലേക്ക് മാറ്റി.

അനസ്‌തീഷിയ വകുപ്പിന്റെ മേധാവിയായ ഡോക്ടർക്കും ഹൂഗളിന്റെ പെരുമാറ്റത്തിൽ എന്തോ പന്തികേണ്ട തോന്നി. രോഗികളുടെ അടിയന്തിര സാഹചര്യങ്ങളിലൊക്കെയും ഹൂഗലിന്റെ സാന്നിധ്യം ഡോക്ടറിൽ സംശയം ജനിപ്പിക്കുന്നു. അനസ്‌തീഷിയ വാർഡിൽ ഏതെങ്കിലും ഒരു രോഗിയുടെ നില ഗുരുതരമായാൽ ഹൂഗൽ ഉടനടി അവിടേക്ക് എത്തുന്നു. ഹൂഗൽ മുൻപ് നിന്നിരുന്ന വാർഡിന് സമാന സാഹചര്യങ്ങൾ ഇവിടെയും ആവർത്തിക്കുന്നു. അത്രകണ്ട് വലിയ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാത്ത രോഗികൾ പോലും മരണപ്പെടുന്നു. അതോടെ വീണ്ടും ഹൂഗൽ ഡോക്ട്ടർമാരുടെ സംശയദൃഷ്ടിയിൽ പതിയുന്നു. നിലവിലെ ജോലി സ്ഥാനം രാജിവച്ച് മൂന്ന് മാസത്തേക്ക് കൂടി പൂർണ്ണ വേതനം ലഭിക്കുന്ന നിലയിൽ തുടരുകയോ അല്ലെങ്കിൽ ആശുപത്രിയിലുടനീളം രോഗികളെ മാറ്റുന്നതിൽ സഹായിക്കുന്ന ക്ലിനിക്കിന്റെ ലോജിസ്റ്റിക്സ് യൂണിറ്റിലേക്ക് മാറുകയോ ചെയ്യണമെന്ന് നിർദ്ദേശിച്ചു കൊണ്ട് പിന്നെയും ഒരു യോഗം കൂടി ചേരുന്നു.

2002 ഒക്ടോബർ 10-ന്, ഹൂഗളിന് ഒള്ഡൻബർഗ് ക്ലിനിക്കിന്റെ നഴ്‌സിങ് ഡയറക്ടർ നൽകിയ ഒരു റെഫറൻസ് ലേഖനം ലഭിക്കുന്നു. അതിൽ ഹൂഗളിന്റെ "ശ്രദ്ധാപൂർവവും, തൊഴിൽനിഷ്ഠയോടെയും സ്വതന്ത്രവുമായ ജോലി സമീപനം" വിശദമായി പ്രശംസിക്കപ്പെട്ടിരുന്നു. അതോടെ അന്ന് വരെ ഹൂഗളിന് നേരെ ഉയർന്നിരുന്ന എല്ലാ ആരോപണങ്ങളും കെട്ടടങ്ങുവാൻ തുടങ്ങി. ഓരോ ദിവസം കഴിയും തോറും അയാൾ സഹപ്രവർത്തകർക്കിടയിൽ പ്രിയങ്കരനായി മാറി.

ഹൂഗൽ പിന്നീട് ഡെൽമെൻഹോഴ്‌സ്റ്റിലെ ഒരു ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുന്നു. 2005-ൽ, ഒരു രോഗിക്ക് ആവശ്യമില്ലെങ്കിൽ പോലും അജ്മലിൻ കുത്തിവയ്ക്കുന്നത് മറ്റൊരു നഴ്‌സ് കാണുകയുണ്ടായി. അധികം വൈകാതെ ആ രോഗി മരണപ്പെടുന്നു. അതോടെ വിവരം മറ്റു ഡോക്ടർമാരെ അറിയുന്നു. ആശുപത്രി അധികൃതർ ഹൂഗലിന് എതിരെ പോലീസ് പരാതിപ്പെടുന്നു. പിന്നീട് ആശുപത്രിയിലെ സിസിടിവി ക്യാമറകൾ പരിശോധിച്ചതോടെ ഹൂഗലിന്റെ കള്ളക്കളികൾ പുറത്തു വരുന്നു. ഒടുവിൽ, ഒരു രോഗിയുടെ മരണം സംശയാസ്പദമായി കണക്കാക്കപ്പെട്ടതിനെ തുടർന്ന്, ഹൂഗലിനെ 2005 ജൂൺ 22-ന് അറസ്റ്റ് ചെയ്യുകയുണ്ടായി.

പോലീസ് ഹൂഗലിനെതിരെ വിശദമായ അന്വേഷണം നടത്തുന്നു. അതോടെ ഒന്നിന് പിറകെ ഒന്നായി തെളിഞ്ഞത് ഹൂഗൽ നടത്തിയ നരവേട്ടയുടെ കഥകളായിരുന്നു, മൂന്നൂറോളം രോഗികളെ കൊലപ്പെടുത്തിയ നഴ്സിന്റെ നീച കഥകൾ. എങ്ങനെയാണ് താൻ നടത്തിയ കൊലപാതകങ്ങളെപ്പറ്റി അയാൾ ഒടുവിൽ തുറന്നു പറയുന്നു. ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് അമിതമായ അളവിൽ മരുന്നുകൾ കുത്തിവയ്ക്കുന്നു. അജ്മാലീൻ കാൽസ്യം ക്ലോറൈഡ് എന്നിങ്ങനെ അഞ്ചിനം മരുന്നുകൾ കുത്തിവച്ചാണ് ഇരകളെ നിഷ്കരുണം കൊലപ്പെടുത്തിയിരുന്നത്. രക്ത സമ്മർദ്ദം താണും ഹൃദയാഘാതത്തിലൂടെയും ഇരകൾക്ക് ജീവൻ നഷ്ടമാകുന്നു. പൊതുവെ രക്ത സമ്മർദ്ദം താണ രോഗികളാണ് മരണപ്പെടുന്നതെങ്കിൽ ആരും തന്നെ അതൊരു കൊലപാതകമാണ് എന്ന് ചിന്തിക്കില്ല എന്ന വ്യക്തമായ ബോധ്യം ഹൂഗലിന് ഉണ്ടായിരുന്നു.

 കുത്തിവയ്ക്കുന്ന ഇൻജെക്ഷൻ കാരണം രോഗി മരണത്തോട് മല്ലടിക്കുമ്പോൾ രക്ഷകനായി അവർക്ക് മുന്നിൽ ഹൂഗല്‍ അവതരിക്കുന്നു. മരണത്തെ മുഖാമുഖം കാണുന്ന രോഗിയെ രക്ഷിക്കാൻ എന്ന വ്യാജേനെ ഹൂഗല്‍ പ്രകടനങ്ങൾ നടത്തുന്നു. അയാൾക്ക് ചുറ്റിലും കണ്ടു നിൽക്കുന്നവർ അതൊക്കെ വിശ്വസിക്കുന്നു. രോഗികളുടെ രക്ഷക്കായി അവതരിക്കുന്ന ഹൂഗളിന് സഹപ്രവർത്തകർ റാംബോ എന്ന വിളിപ്പേര് പോലും നൽകിയിരുന്നു.

എന്തിനു വേണ്ടിയാണ് എത്രയും അധികം രോഗികളെ കൊലപ്പെടുത്തിയത് എന്ന ചോദ്യത്തിന് അയാൾ നൽകിയ മറുപടി, വെറും നേരമ്പോക്കിനും ബോറടി മാറ്റാനുമായിയാണ് രോഗികളെ കൊലപ്പെടുത്തിയത് എന്നാണ്. അമിത അളവിൽ മരുന്ന് കുത്തിവെച്ച് കൊലപ്പെടുത്തിയെന്ന് തെളിഞ്ഞതിനാൽ 2008 ൽ ഇയാളെ ഏഴര വർഷത്തെ തടവിനും ശിക്ഷിച്ചു. ഹൂഗലിന്റെ ചികിത്സയിലിരിക്കെ കൊല്ലപ്പെട്ട ചിലരുടെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് 2015 ൽ പുതിയ അന്വേഷണം ആരംഭിച്ചു. 2018 ജനുവരിയില്‍ 97 പേരെ കൊലപ്പെടുത്തിയതിന് ഹൂഗലിനെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കപ്പെട്ടു. നൂറു പേരെ കൊലപ്പെടുത്തിയതായി 2018 ഒക്ടോബർ 30ന്, വിചാരണയുടെ ആദ്യ ദിവസം തന്നെ, ഹൂഗൽ മൊഴിനൽകിയിരുന്നു. എന്നാൽ, തനിക്കെതിരെ ചുമത്തിയിട്ടുള്ള കേസുകളിൽ അഞ്ചു പേരെ താനല്ല കൊന്നതെന്നും ഇയാൾ വധിച്ചിരുന്നു. ഹൂഗലിനുമേൽ ചാർത്തപ്പെട്ട 85 കൊലപാതകങ്ങൾക്ക് അയാൾ കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയിരുന്നു. എന്നാൽ 15 കേസുകളിൽ അയാളെ കുറ്റവിമുക്തനാക്കി. അനൗദ്യോഗിക രേഖകൾ പ്രകാരം അയാൾ 300-ൽ അധികം ജീവനുകൾ ഹൂഗൽ കവർന്നതായി കണക്കാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com