ബെത്‌ലഹേം: യുദ്ധത്തെത്തുടർന്ന് രണ്ട് വർഷമായി നിലച്ചിരുന്ന ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങൾ പ്രത്യാശയുടെ സന്ദേശവുമായി തിരിച്ചെത്തി. ആയിരക്കണക്കിന് വിശ്വാസികളാണ് യേശുക്രിസ്തുവിന്റെ തിരുപ്പിറവി നടന്ന സ്ഥലമെന്ന് വിശ്വസിക്കപ്പെടുന്ന മാംഗർ സ്‌ക്വയറിലേക്ക് ഇത്തവണ ഒഴുകിയെത്തിയത്.(A light of hope again in Bethlehem, The giant Christmas tree is back)
യുദ്ധകാലത്ത് ഒഴിവാക്കിയിരുന്ന ഭീമാകാരമായ ക്രിസ്മസ് ട്രീ ഇത്തവണ മാംഗർ സ്‌ക്വയറിൽ വീണ്ടും സ്ഥാനം പിടിച്ചു. എന്നിരുന്നാലും, യുദ്ധസാഹചര്യങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട് അവശിഷ്ടങ്ങളും മുള്ളുവേലികളും കൊണ്ട് ചുറ്റപ്പെട്ട കുഞ്ഞ് യേശുവിന്റെ ജനനരംഗമാണ് പ്രദർശിപ്പിച്ചത്. സമാധാനത്തിനായുള്ള പോരാട്ടത്തിന്റെ ആദരസൂചകമായാണ് ഇത്തരമൊരു പ്രദർശനം ഒരുക്കിയത്. ജറുസലേമിൽ നിന്ന് ബെത്‌ലഹേമിലേക്കുള്ള പരമ്പരാഗത ഘോഷയാത്രയും ഇത്തവണ നടന്നു.
വിശുദ്ധ നാട്ടിലെ ഉന്നത കത്തോലിക്കാ നേതാവായ കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല ആഘോഷങ്ങൾക്ക് നേതൃത്വം നൽകി. "നമ്മളെല്ലാവരും ഒരുമിച്ച് വെളിച്ചമാകാൻ തീരുമാനിക്കുന്നു. ബെത്‌ലഹേമിന്റെ വെളിച്ചം ലോകത്തിന്റെ വെളിച്ചമാണ്" എന്ന് അദ്ദേഹം പറഞ്ഞു. ഗാസയിലെ ക്രിസ്ത്യൻ സമൂഹത്തിന്റെ ആശംസകൾ നേർന്നുകൊണ്ടാണ് താൻ എത്തിയതെന്നും അദ്ദേഹം വിശ്വാസികളെ അറിയിച്ചു.