

ലണ്ടൻ: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും യുഎസ് സൈന്യം കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മേഖലയിൽ സൈനിക നീക്കം ശക്തമാക്കി അമേരിക്ക. ഇതിന്റെ ഭാഗമായി വൻതോതിലുള്ള യുഎസ് യുദ്ധവിമാനങ്ങളും സായുധ ഹെലികോപ്റ്ററുകളും ബ്രിട്ടനിലെ വിവിധ സൈനിക താവളങ്ങളിൽ ഇറങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(A large number of US warplanes have landed in Britain, Is the target a Russian tanker?)
കഴിഞ്ഞ ശനിയാഴ്ച മുതൽ ബ്രിട്ടനിലെ വ്യോമതാവളങ്ങളിൽ അസാധാരണമായ സൈനിക വിന്യാസമാണ് ദൃശ്യമാകുന്നത്. 14 സി-17 ഗ്ലോബ്മാസ്റ്റർ-3 (C-17 Globemaster-III): വൻതോതിൽ ചരക്കുകളും സൈനികരെയും വഹിക്കാൻ ശേഷിയുള്ള കാർഗോ ജെറ്റുകൾ, 2 എസി-130ജെ ഗോസ്റ്റ്‌റൈഡർ (AC-130J Ghostrider): പീരങ്കികൾ, ബോംബുകൾ, മിസൈലുകൾ എന്നിവ വഹിക്കാൻ ശേഷിയുള്ള അത്യാധുനിക ഗൺഷിപ്പുകൾ, 5 എംഎച്ച്-60എം ബ്ലാക്ക് ഹോക്ക് (MH-60M Black Hawk): അത്യാധുനിക സായുധ ഹെലികോപ്റ്ററുകൾ, ഒരു എംഎച്ച്-47ജി ചിനൂക്ക് (MH-47G Chinook): ഭാരമേറിയ യുദ്ധോപകരണങ്ങൾ എത്തിക്കാൻ ഉപയോഗിക്കുന്ന ഹെലികോപ്റ്റർ എന്നിവയാണ് എത്തിയിട്ടുള്ളത്.
നിലവിലെ സൈനിക നീക്കങ്ങൾ വെനസ്വേലൻ വിഷയത്തിന് പുറമെ മറ്റൊരു ലക്ഷ്യം കൂടി മുന്നിൽ കാണുന്നതായാണ് സൂചന. ബുധനാഴ്ച വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിൽ വെച്ച് റഷ്യൻ പതാകയുള്ള 'മരിനീര' എന്ന എണ്ണ ടാങ്കർ പിടിച്ചെടുക്കാൻ വേണ്ടിയാണ് ഈ തയാറെടുപ്പുകളെന്നും റിപ്പോർട്ടുകളുണ്ട്.
യുഎസിന്റെ പ്രധാന പ്രതിരോധ പങ്കാളിയായ ബ്രിട്ടനിൽ 'നാറ്റോ സ്റ്റാറ്റസ് ഓഫ് ഫോഴ്‌സ് എഗ്രിമെന്റ്', 'വിസിറ്റിങ് ഫോഴ്‌സ് ആക്റ്റ്' തുടങ്ങിയ അന്താരാഷ്ട്ര കരാറുകളുടെ അടിസ്ഥാനത്തിലാണ് യുഎസ് സൈനിക താവളങ്ങൾ പ്രവർത്തിക്കുന്നത്. മഡുറോയുടെ അറസ്റ്റിന് പിന്നാലെ ലാറ്റിനമേരിക്കൻ മേഖലയിലും അറ്റ്ലാന്റിക് സമുദ്രത്തിലും പിരിമുറുക്കം വർദ്ധിച്ചിരിക്കുകയാണ്. ഇത് ഒരു വലിയ സൈനിക ഏറ്റുമുട്ടലിലേക്ക് നീങ്ങുമോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.