

ഫൈസലാബാദ്: പാകിസ്ഥാനിലെ (Pakistan) ഫൈസലാബാദിൽ ഗ്യാസ് ചോർച്ചയെ തുടർന്ന് വൻ ദുരന്തം. ഫൈസലാബാദിലെ മാലിക്പൂർ പ്രദേശത്തുള്ള ഒരു ഫാക്ടറിയിൽ ഉണ്ടായ ഗ്യാസ് ചോർച്ചയെ തുടർന്നുള്ള സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിൽ ഫാക്ടറിയുടെ കെട്ടിടവും സമീപത്തെ മറ്റ് കെട്ടിടങ്ങളും തകർന്നു വീഴുകയായിരുന്നു. സ്ഫോടനത്തിന് കാരണം ബോയിലർ പൊട്ടിത്തെറിച്ചതാണെന്ന് റെസ്ക്യൂ 1122 ആദ്യം റിപ്പോർട്ട് ചെയ്തിരുന്നെങ്കിലും, പിന്നീട് ഇത് ഗ്യാസ് ചോർച്ച മൂലമാണെന്ന് ഫൈസലാബാദ് കമ്മീഷണറുടെ ഓഫീസ് സ്ഥിരീകരിച്ചു. ഫാക്ടറിയിൽ ബോയിലർ സ്ഥാപിച്ചിട്ടില്ലായിരുന്നെന്നും കമ്മീഷണറുടെ ഓഫീസ് വ്യക്തമാക്കി.
ഗ്യാസ് ചോർച്ചയെ തുടർന്ന് ഒരു ഫാക്ടറിയിൽ തീപിടിത്തം ഉണ്ടാവുകയും അത് മറ്റ് ഫാക്ടറികളിലേക്ക് പടരുകയുമായിരുന്നു. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ ഏഴ് വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 15 മൃതദേഹങ്ങൾ പുറത്തെടുത്തതായി കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. അപകടത്തിൽ പരിക്കേറ്റ 10 പേരെ ആശുപത്രിയിലേക്ക് മാറ്റുകയും, മൂന്ന് പേരെ പ്രഥമശുശ്രൂഷ നൽകിയ ശേഷം വിട്ടയക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ രൂപീകരിക്കുന്നുണ്ടെന്ന് കമ്മീഷണർ രാജാ ജഹാംഗീർ അൻവർ വ്യക്തമാക്കി.
അപകടകരമായ തൊഴിൽ സാഹചര്യങ്ങളുടെ മറ്റൊരു ഉദാഹരണമാണിതെന്ന് നാഷണൽ ട്രേഡ് യൂണിയൻ ഫെഡറേഷൻ (NTUF) അഭിപ്രായപ്പെട്ടു. ഫാക്ടറികൾ തൊഴിലാളികൾക്ക് "മരണക്കെണികൾ" ആയി മാറിയെന്നും, അധികൃതരുടെ "ക്രിമിനൽ അനാസ്ഥ" യാണ് ഇതിന് കാരണമെന്നും NTUF സെക്രട്ടറി ജനറൽ നാസിർ മൻസൂർ ആരോപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 3 മില്യൺ PKR നഷ്ടപരിഹാരവും, പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും നൽകണമെന്ന് NTUF ആവശ്യപ്പെട്ടു.
A gas leak explosion at a factory in Faisalabad's Malikpur area, Pakistan, caused the structure to collapse, resulting in the deaths of at least 15 people and injuring several others.