നഖങ്ങള്‍ പറിച്ചെടുത്തു, വിരലുകള്‍ മുറിച്ച് മാറ്റി, ക്രൂരമായി തല്ലിച്ചതച്ച ശേഷം ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി; അര്‍ജന്റീനയില്‍ യുവതികളെ കൊന്ന് ലഹരിസംഘം; പ്രതിഷേധവുമായി തെരുവിലിറങ്ങിയത് ആയിരങ്ങൾ
ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍,യുവതികലെ മയക്കുമരുന്ന് സംഘം ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം കത്തുന്നു. യുവതികള്‍ക്ക് നീതി ആവശ്യപ്പെട്ട് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. ദാരുണമായി കൊല്ലപ്പെട്ട മൂന്ന് യുവതികളുടെയും പേരുകള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് ബന്ധുക്കളുള്‍പ്പെടെയുള്ളവര്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. 'ഇതൊരു നാര്‍ക്കോ-ഫെമിനിസൈഡ് ആണ്' എന്ന മുദ്രാവാക്യങ്ങളോടെ പാര്‍ലമെന്റിലേക്കും പ്രതിഷേധക്കാര്‍ഇരച്ചു കയറിയതായാണ് റിപ്പോർട്ട്.
നിയമലംഘനം നടത്തിയെന്ന് ആരോപിച്ച്, മൊറേന വെര്‍ഡി (20), ബ്രെന്‍ഡ ഡെല്‍ കാസ്റ്റില്ലോ (20), ലാര ഗുട്ടിയറസ് (15) എന്നിവരെയാണ് മയക്കുമരുന്ന് മാഫിയ കൊലപ്പെടുത്തിയത്. കഴിഞ്ഞ ബുധനാഴ്ച്ച ബ്യൂണസ് ഐറിസിലെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട നിലയിലാണ് മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കാണാതായി അഞ്ച് ദിവസത്തിന് ശേഷമായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
റിപ്പോർട്ടുകൾ പ്രകാരം. സെപ്റ്റംബര്‍19-ന് പാര്‍ട്ടിക്ക് പോവുകയാണെന്ന വ്യാജേനെ ഇവരെ ഒരു സംഘം വാനില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. തുടർന്ന് വിരലുകള്‍ മുറിച്ചും, നഖങ്ങള്‍ പറിച്ചു മാറ്റിയും, ക്രൂരമായി മര്‍ദിച്ചശേഷം, ശ്വാസംമുട്ടിച്ച്, അതി ക്രൂരമായാണ് മൂവരെയും കൊലപ്പെടുത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ സ്വകാര്യമായി പങ്കുവെക്കുകയും ചെയ്തിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു..
അതേസമയം , സത്യം പുറത്തുകൊണ്ടുവരണമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ ആവശ്യപ്പെട്ടു. കേസില്‍, ഇതിനോടകം മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടക്കം അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുഖ്യപ്രതിയായ 20 കാരനായ ഒരു പെറുവിയന്‍ യുവാവ് ഇപ്പോഴും ഒളിവിലാണ്. ഇയാൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.