
എല്ലാ സ്ത്രീയും ഒരു അമ്മയാണ്. അമ്മ എന്ന വാക്കിന് അർത്ഥതലങ്ങൾ ഏറെയാണ്. സ്നേഹത്തിന്റെയും കരുണയുടെയും പ്രതീകങ്ങളായ അമ്മമാരെ ഓർക്കുവാൻ ഒരു പ്രതേക ദിനത്തിന്റെ ആവശ്യമുണ്ടോ ? നിസ്വാർത്ഥ സ്നേഹത്തിലൂടെ മാനവികതയെ തഴുകി ഉണർത്തുന്ന അമ്മമാർക്കായി ഒരു ദിനം, ഇന്ന് ലോക മാതൃദിനം (Mother's Day).
അമ്മമാരുടെ നിരുപാധികമായ സ്‌നേഹത്തെ ആദരിക്കാനും ആഘോഷിക്കുവാനും വേണ്ടിയാണ് എല്ലാ വർഷവും ലോക മാതൃദിനം ആചരിച്ചു പോരുന്നത്. അമ്മമാരുടെ സ്‌നേഹം അടയാളപ്പെടുത്താനായി ഒരുദിനം ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരിക്കലുമില്ല. വർഷത്തിൽ ഏത് ദിനവും അവർക്ക് ഒരുപോലെയാണ്. എന്നാൽ, നമുക്ക് വേണ്ടി അവർ ചെയുന്ന ത്യാഗത്തെയും നിസ്വാർത്ഥ സേവനത്തെ ഓർക്കുവാനും അവരെ സ്‌മരിക്കുവാനും ഒരുദിനം ആവശ്യമാണ്, അതാണ് മാതൃദിനം.
മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയെയാണ് ലോകം മുഴുവൻ മാതൃദിനമായി ആചരിക്കുന്നത്. പല രാജ്യങ്ങളിലും വ്യത്യസ്തമായ ദിനങ്ങളിലാണ് മാൃതദിനം ആചരിക്കുന്നത്. തിരക്കിട്ട് ജീവിതങ്ങൾക്കിടയിൽ അമ്മയെ ഓർക്കാൻ ഒരു ദിനം ഏറെ പ്രധാനമാണ്. പുരാതന ഗ്രീസിലും റോമിലും റിയ, സൈബെലെ തുടങ്ങിയ മാതൃദേവികൾക്കായുള്ള പൂജാരീതികളും ഉത്സവങ്ങളും നടത്തി വന്നിരുന്നു. മാതൃത്വത്തിനുവേണ്ടി സമര്‍പ്പിക്കുന്നതായിരുന്നു ഈ ഉത്സവങ്ങൾ. അവിടെ നിന്നുമാണ് മാതൃദിനം എന്ന ആശയം വളരാൻ തുടങ്ങിയതെന്ന് ചരിത്രം പറയുന്നു. പിന്നീട്, അമേരിക്കയിലെ അന്ന ജാർവിസ് എന്ന സാമൂഹ്യ പ്രവർത്തകയാണ് ആധുനിക മാതൃദിനത്തിൻ്റെ ഉത്ഭവത്തിന് തുടക്കം കുറിച്ചത്. 1905-ൽ മാതാവിന്റെ മരണംശേഷം എല്ലാ അമ്മമാരെയും ആദരിക്കുന്ന ഒരു ദേശീയ അവധി ആവശ്യപ്പെട്ട് അവർ ആരംഭിച്ച ക്യാമ്പയിനുകൾ പിന്നീട് വലിയൊരു പ്രസ്ഥാനമായി മാറി. 1914-ൽ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസൺ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയെ ഔദ്യോഗികമായി മാതൃദിനമായി പ്രഖ്യാപിച്ചു. അതിനുശേഷം നിരവധി രാജ്യങ്ങൾ ഇത് ആചരിക്കാൻ തുടങ്ങി.
അമ്മമാർ നമ്മൾക്ക് നൽകുന്ന സ്നേഹത്തിനും അവർ ചെലവഴിക്കുന്ന ജീവിതത്തിനും നന്ദി പ്രകടിപ്പിക്കുന്നതിനുമായാണ് ഈ ദിവസം. മാതൃദിനം എന്നത് വെറും ആഘോഷമല്ല, മറിച്ച് നമുക്ക് ജീവൻ നൽകിയവരോടുള്ള ആദരവ് പ്രകടിപ്പിക്കേണ്ട ദിനം. ഈ മനോഹര ദിനത്തില്‍ എല്ലാ അമ്മമാരെയും നമുക്ക് സ്‌നേഹത്തോടെ ഓര്‍ക്കാം, എല്ലാ അമ്മമാര്‍ക്കും മാതൃദിന ആശംസകള്‍ നേരം.