എതിരാളിയുടെ വലുപ്പത്തിൽ വീണ് തോൽവി സമ്മതിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ കഴിഞ്ഞ ദിവസം എഎഫ്പി ന്യൂസ് ഏജൻസി തങ്ങളുടെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച ഒരു വീഡിയോ കാഴ്ചക്കാരുടെ ശ്രദ്ധനേടി. പോളണ്ടിലെ റോക്ലോ മൃഗശാലയിൽ വെറും 13 കിലോഗ്രാം ഭാരമുള്ള ഒരു മാൻ 1.7 ടൺ ഭാരമുള്ള ഒരു കാണ്ടാമൃഗത്തെ ധൈര്യത്തോടെ നേരിടുന്നതായിരുന്നു വീഡിയോയിൽ ഉണ്ടായിരുന്നത്. എന്നിട്ടും പരിക്കേൽക്കാതെ മാൻ പുറത്ത് വന്നു. മാനിന്‍റെ ധൈര്യത്തെ സമൂഹ മാധ്യമ ഉപയോക്താക്കൾ പുകഴ്ത്തി. (Deer)
മൃഗശാല അധികൃതർ മരുസ്ക എന്ന് വിളിക്കുന്ന കൂറ്റൻ കാണ്ടാമൃഗത്തെ തീരെ ചെറിയൊരു മാൻ എതിരിടുന്നതായിരുന്നു വീഡിയോയിൽ. കണ്ടാമൃഗം മാനുമായുള്ള പോരാട്ടത്തെ ഒരു കളിയായോ തമാശയായോ മാത്രമാണ് കണ്ടതെന്ന് അതിന്‍റെ കളിയിൽ നിന്നും വ്യക്തമാണ്. എന്നാൽ തന്‍റെ ശത്രുവിന്‍റെ വലുപ്പത്തിൽ ഭയക്കാതെ കണ്ടാമൃഗത്തിന്‍റെ നെറ്റി നോക്കി ഇടിക്കുന്നതും വീഡിയോയിൽ കാണാം. വലുപ്പത്തിലെ വ്യത്യാസം കണ്ട് കാഴ്ചക്കാർ സ്തബ്ധരായി. ഹോർമോണുകളുടെ വർദ്ധനവാണ് ഈ പെരുമാറ്റത്തിന് കാരണമെന്ന് മൃഗശാല അധികൃതർ പിന്നീട് വിശദീകരിച്ചു. മാനിന്‍റെ ഇണയുമായി അല്പം പ്രശ്നത്തിലായതിനാൽ ആൺ മാൻ "ടെസ്റ്റോസ്റ്റിറോൺ' ഹോർമോണ്‍ പമ്പ് ചെയ്യുന്നുണ്ടെന്നായിരുന്നു മൃഗശാല അധികൃതരുടെ വിശദീകരണം.
തെക്കുകിഴക്കൻ ചൈനയിലും തായ്‌വാനിലും കാണപ്പെടുന്ന ചെറുതും ചുവപ്പ് കലർന്ന തവിട്ടുനിറത്തിലുള്ളതുമായ ഒരു ഇനം റീവ്‌സ് മുണ്ട്ജാക്ക് എന്ന ഇനം മാനാണ് അത്. നായയെപ്പോലെയുള്ള വ്യത്യസ്തമായ ശബ്ദങ്ങൾ കാരണം പലപ്പോഴും "കുരയ്ക്കുന്ന മാൻ" എന്ന് വിളിക്കപ്പെടുന്ന മുണ്ട്ജാക്കുകൾ അവയുടെ ഇടപെടലിന് പേരുകേട്ടതാണ്, മഞ്ഞുമൂടിയ മിതശീതോഷ്ണ വനങ്ങൾ മുതൽ ഉപ ഉഷ്ണമേഖലാ കാടുകൾ വരെയുള്ള പരിതസ്ഥിതികളിൽ ഇവ അതിജീവിക്കുന്നു. മൃഗങ്ങൾ തമ്മിൽ പൊതുവെ അകലം പാലിക്കാറുണ്ടെന്നും അവയുടെ പ്രദേശം അടയാളപ്പെടുത്താൻ വ്യത്യസ്ത രീതികൾ ഉപയോഗിക്കുന്നതിനാൽ അത്തരം ഏറ്റുമുട്ടലുകൾ അപൂർവമാണെന്നും ഒകുപ്നിക് പോളിഷ് മൃഗശാല മാധ്യമങ്ങളോട് പറഞ്ഞു.