
തെൽ അവിവ്: ഗാസയിൽ പട്ടിണിക്കൊല തുടരുന്നു. സ്ഥിതി ഭയാനകമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ആക്രമണം നിർത്തി സഹായം ലഭ്യമാക്കാൻ വൈകരുതെന്ന് യൂറോപ്യൻ യൂണിയൻ നിര്‍ദേശിച്ചു.
സമ്പൂർണ ഉപരോധത്തെ തുടർന്ന് ഗാസയിൽ പട്ടിണിമരണം വർധിക്കുന്ന സാഹചര്യത്തിൽ യുദ്ധം നിർത്തണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. 24 മണിക്കൂറിനിടെ 9 പേർ കൂടി പട്ടിണി കാരണം മരിച്ചതോടെ ആകെ പട്ടിണി മരണം 122 ആയി. പട്ടിണി കിടന്ന് അവശരായ ഫലസ്തീൻ കുട്ടികളുടെ ചിത്രങ്ങൾ നിരവധി പ്രമുഖർ പങ്കുവെച്ചു. ദിവസങ്ങളായി ഭക്ഷണം കഴിക്കാത്ത കുട്ടികളുടെ വിശപ്പ് സഹിക്കാതെയുള്ള കരച്ചിൽ അസഹനീയമാണെന്ന് മാധ്യമ പ്രവർത്തകർ റിപ്പോർട്ട് ചെയ്തു. ഭക്ഷണം കാത്തുനിന്ന 16 പേരെ ഇന്നലെ ഇസ്രായേൽ സേന വെടിവെച്ചു കൊന്നു. ഗാസയിലേക്ക് റഫ അതിർത്തിയിൽ ട്രക്കുകളിൽ എത്തിച്ച ഭക്ഷ്യധാന്യങ്ങൾ ഇസ്രായേൽ സേന നശിപ്പിക്കുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്.
ഫലസ്തീനികളെ പട്ടിണിക്കിട്ട് കൊല്ലാനുള്ള വംശഹത്യാ പദ്ധതിയുടെ ഭാഗമായാണ് നടപടിയെന്ന് ആംനസ്റ്റി ഉൾപ്പെടെ മനുഷ്യാവകാശ സംഘടനകൾ കുറ്റപ്പെടുത്തി. സ്ഥിതി ഭയാനകമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് പ്രതികരിച്ചു. എല്ലാവരുമായും ഏറ്റുമുട്ടുകയാണ് ഹമാസെന്നും ഇസ്രായേലിന്‍റെ പ്രതികരണം എന്താണെന്ന് കാത്തിരിക്കുന്നതായും ട്രംപ് പറഞ്ഞു.
ഉടൻ ആക്രമണം നിർത്തി ഗസ്സയിലേക്ക് സഹായം ലഭ്യമാക്കണമെന്ന് ഫ്രാൻസ്, ബ്രിട്ടൻ, ജർമനി രാജ്യങ്ങൾ സംയുക്തമായി ആവശ്യപ്പെട്ടു. വിശപ്പ് ആയുധമാക്കുന്ന സ്ഥിതി ആപത്കരമാണെന്ന് ഇയു പ്രതികരിച്ചു.