കാഠ്മണ്ഡു: നേപ്പാളിലെ ഗൂർഖ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഏഴ് ഇന്ത്യൻ തീർത്ഥാടകർ മരിച്ചു. പ്രശസ്തമായ മനകമന ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർത്ഥാടകരാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച രാത്രി എട്ട് മണിയോടെ ഷാഹിദ് ലഖൻ ഗ്രാമപഞ്ചായത്തിലെ കാന്താറിലാണ് അപകടമുണ്ടായത്.(7 Indian Pilgrims Killed After Bus Plunges Into Gorge In Nepal)
അപകടത്തിൽ അഞ്ച് പുരുഷന്മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. മരിച്ചവരെല്ലാം തമിഴ്‌നാട് സ്വദേശികളാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുത്തുകുമാർ (58), ആനമാലിക് (58), മീനാക്ഷി (59), ശിവഗാമി (53), വിജയൽ (57), മീന (58), തമിളരസി (60) എന്നിവരാണ് മരിച്ചതെന്ന് നേപ്പാൾ പോലീസ് സ്ഥിരീകരിച്ചു.
അപകടത്തിൽ ഒൻപത് പേർക്ക് പരിക്കേറ്റു. ഇവരിൽ എട്ട് പേർ ഇന്ത്യൻ തീർത്ഥാടകരും ഒരാൾ നേപ്പാൾ സ്വദേശിയായ ബസ് ക്ലീനറുമാണ്. പരിക്കേറ്റ ഏഴ് പേരെ താനുൻ ജില്ലയിലെ ആംബുഖൈരേനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില ഗുരുതരമായ ഒരാളെ ചിത്വാൻ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്. നേപ്പാളി ഡ്രൈവർ അത്ഭുതകരമായി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

