വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപിന്റെ വിവിധ നയങ്ങൾക്കെതിരെ മുദ്രവാക്യങ്ങളുമായി ആയിരക്കണക്കിനാളുകൾ തെരുവിലിറങ്ങി. നാടുകടത്തൽ, ഗാസയ്ക്കെതിരായ യുദ്ധത്തിൽ ഇസ്രയേലിനെ പിന്തുണയ്ക്കൽ, പ്രധാനപ്പെട്ട വകുപ്പുകളുടെ അടച്ചുപൂട്ടൽ, ജീവനക്കാരെ പുറത്താക്കൽ, എൽജിബിടിക്യൂവിനെതിരായ നിയമങ്ങൾ എന്നിവയിൽ പ്രതിഷേധിച്ചാണ് യുഎസ് ജനത തെരുവിലിറങ്ങിയത്.
വാഷിങ്ടൻ, ന്യൂയോർക്ക്, സാൻ ഫ്രാൻസിസ്കോ, ബോസ്റ്റൺ തുടങ്ങി യുഎസിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം അരങ്ങേറി. മിഡ്‌ടൗൺ മാൻഹട്ടനിലൂടെയും വൈറ്റ് ഹൗസിനു മുന്നിലൂടെയും പ്രതിഷേധക്കാര്‍ മാര്‍ച്ച് നടത്തി. 50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, ഒരു മുന്നേറ്റം എന്ന അർഥത്തിൽ 50501 എന്ന പേരിലാണ് പ്രതിഷേധം അരങ്ങേറുന്നത്. ട്രംപിന്‍റെ ഉപദേഷ്‌ടാവ് ഇലോൺ മസ്‌കിനെതിരെ ടെസ്‌ല കാർ ഡീലർഷിപ്പുകൾക്ക് പുറത്തും പ്രതിഷേധങ്ങൾ നടന്നു. ന്യൂയോർക്കിലെ പ്രതിഷേധക്കാർ പ്രശസ്തമായ സെൻട്രൽ പാർക്കിലേക്കും ട്രംപ് ടവറിലേക്കും മാർച്ച് നടത്തി.
‘അമേരിക്കയിൽ രാജാക്കന്മാരില്ല’, ‘സ്വേച്ഛാധിപത്യത്തെ ചെറുക്കുക’, ‘കുടിയേറ്റക്കാർക്ക് സ്വാഗതം’ എന്നീ മുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകളേന്തിയാണ് പ്രതിഷേധം നടക്കുന്നത്. ‘തൊഴിലാളികൾക്ക് കൂടുതൽ അധികാരം’, ‘രാജാധികാരം വേണ്ട’ എന്നീ മുദ്രാവാക്യങ്ങളും ഉയർന്നുകേൾക്കാം. സാൻ ഫ്രാൻസിസ്കോയിൽ ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് എഴുതിയ വലിയ മണൽ ചിത്രമാണ് ഉയർന്നത്. യുഎസിന്റെ ദേശീയ പതാക തലതിരിച്ച് പിടിച്ചും പ്രതിഷേധമുണ്ടായി. നാസി ഭരണകാലത്ത് ജർമനിയിൽ നടന്നതാണ് യുഎസിൽ ഇപ്പോൾ നടക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞു.