14 രാജ്യങ്ങൾ, രണ്ടര ലക്ഷം മരണങ്ങൾ, 23,000 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ഭൂകമ്പം; ഓർമ്മകളിൽ ഇന്നും അലയടിക്കുന്ന 2004-ലെ സുനാമി ദുരന്തത്തിന് 21 വയസ്സ് | 2004 Indian Ocean Tsunami

ഭീകര തിരമാലകളിൽ അമർന്ന തീരങ്ങളും തീരാനോവായി മാറിയ 21 വർഷങ്ങളും
 2004 Indian Ocean Tsunami
Updated on

ലോകമനഃസാക്ഷിയെ നടുക്കിയ സുനാമി ദുരന്തത്തിന് ഇന്ന് 21 വയസ്സ് തികയുന്നു. 2004, ഡിസംബർ 26, ആർക്കും അത്ര പെട്ടന്ന് മറക്കുവാൻ സാധിക്കാത്തൊരു ദിനം. ക്രിസ്തുമസ് ആഘോഷങ്ങൾ കഴിഞ്ഞ് തീരം ഉണരുന്നതെ ഉണ്ടായിരുന്നുള്ളു. ആരും കരുതിയിരുന്നില്ല ക്രിസ്തുമസിന്റെ പ്രതീക്ഷകളിൽ നിന്നും കണ്ണുതുറന്ന് ഉണരുന്നത് ദുരന്തത്തിലേക്കാണെന്ന്. ക്രിസ്തുമസിന്റെ ആലസ്യത്തിൽ അമർന്ന തീരത്തേക്ക് ആഞ്ഞടിച്ച തിരമാലകൾ കണ്ണിൽ കണ്ടതിനെയൊക്കെയും തുടച്ചു നീക്കി. 14 രാജ്യങ്ങളിലായി കടൽ കവർന്നത് രണ്ടര ലക്ഷത്തിൽ അധികം ജീവനുകൾ. ( 2004 Indian Ocean Tsunami)

ഇന്തോനേഷ്യയിലെ സുമാത്രയിലുണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ് സുനാമി രൂപപ്പെട്ടത്. സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി ഏഷ്യയുടെ തെക്ക്, തെക്ക്–കിഴക്കൻ പ്രദേശങ്ങളിലുണ്ടാക്കിയത് കനത്ത നാശനഷ്ടമായിരുന്നു. ഡിസംബർ 26, 2004, 07:58, ഇന്തോനേഷ്യയിലെ സുമാത്രയുടെ പടിഞ്ഞാറൻ തീർത്ത് 9.1 തീവ്രത രേഖപ്പെടുത്തി ഭൂചലനം ഉണ്ടായി.

ഇന്ത്യാ പ്ലേറ്റിനും ബർമ്മ മൈക്രോപ്ലേറ്റിനും ഇടയിൽ 750 മൈൽ നീളമുള്ള ഫോൾട്ട് ലൈനിലാണ് വൻ ഭൂകമ്പം ഉണ്ടായത്. സുമാത്ര തീരത്ത് നിന്ന് 150 മൈൽ അകലെ ഭൂമിക്കടിയിൽ നിന്ന് ഏകദേശം 18.6 മൈൽ ആഴത്തിലാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം. ഈ ശക്തമായ ഭൂകമ്പം വിനാശകരമായ സുനാമിക്ക് കാരണമായി തീർന്നു.100 അടിയിലധികം ഉയരത്തിൽ എത്തിയ തിരമാലകൾ വ്യാപകമായ നാശത്തിനും ജീവഹാനിക്കും കാരണമായി. ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയ ഭൂചലനങ്ങളിൽ ഏറ്റവും തിവ്രതയേറിയെ ഒന്നായി ഇതിനെ കണക്കാക്കുന്നു. റെക്ടർ സ്കെയിലിൽ ആദ്യം ഭൂചലനത്തിന്റെ തീവ്രത 8.8 ആണ് രേഖപ്പെടുത്തിയിരുന്നു പിന്നീട് ഭൂചലനത്തിന്റെ തീവ്രത 9.1 ആയി പുതുക്കി. 23,000 ഹിരോഷിമ അണുബോംബുകൾക്ക് തുല്യമായ ഉർജ്ജമായിരുന്നു ഭൂചലനം പുറപ്പെടുവിച്ചത്.

ഭൂചലനത്തിന് പിന്നാലെ 100 അടിയോളം ഉയരത്തിൽ തിരമാലകൾ ആഞ്ഞടിച്ച് സുമാത്രയിലെ തീരപ്രദേശങ്ങളൾ തുടച്ചുനീക്കി. ബുള്ളറ്റ് ട്രെയിനിനേക്കാൾ ഇരട്ടി വേഗതയിൽ തിരമാലകൾ മണിക്കൂറുകള്‍ക്കകം മാലിദ്വീപ്, മൗറീഷ്യസ്, ആഫ്രിക്കയുടെ കിഴക്കൻ തീരങ്ങളെ വിഴുങ്ങി. ഇന്ത്യോനേഷ്യയിൽ മാത്രം 1,67000 ജനങ്ങൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്. ശ്രീലങ്കയിൽ 35,000 പേർ മരണപ്പെട്ടു, ഇന്ത്യയിൽ മാത്രം 10,000 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഇന്ത്യയിൽ കേരളം, കന്യാകുമാരി, ചെന്നൈ, ആന്ധ്ര, പുതുച്ചേരി, ആൻ്റമാൻ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലാണ് കടൽ കലിതുള്ളിയത്. ആൻഡമാൻ നിക്കോബാറിലായിരുന്നു (3,513) ഏറ്റവും അധികം മനുഷ്യർക്ക് ജീവൻ നഷ്ടമായത്.

കേരളത്തെയും സുനാമി അകെ തളർത്തികളഞ്ഞിരുന്നു. 170 ഓളം മനുഷ്യർ മരണപ്പെട്ടു. നിരവധി തീരദേശ ഗ്രാമങ്ങൾ തീരത്തു നിന്നും തുടച്ചു നിക്കപ്പെട്ടു. പലയിടത്തും അരക്കിലോമീറ്റർ മുതൽ 2 കിലോമീറ്റർ വരെ കടൽ കരയിലേക്കു കയറി. കേരളത്തിലെ ആറ് ജില്ലകളിൽ നിന്നായി മൂന്ന് ലക്ഷത്തോളം ജനങ്ങളെ സുനാമി ബാധിച്ചു. അഞ്ച് ലക്ഷത്തിലധികം ആളുകള്‍ ഭവനരഹിതരായി. സുനാമിയുണ്ടാക്കിയ ആഘാതത്തിൽ നിന്നും കരകയറുവാനായി ഒരുപാടു വർഷങ്ങൾ വേണ്ടി വന്നു. അന്ന് വരെ സുനാമിയെ കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന ഇന്ത്യയെ പോലുളള രാജ്യത്തിന് താങ്ങാവുന്നതിനും അപ്പുറമായിരുന്നു സുനാമിയുടെ നേർ കാഴ്ച്ചകൾ. ഇരുപത്തൊന്ന് വർഷങ്ങൾക്ക് ഇപ്പുറവും ആഞ്ഞടിച്ച തിരമാലകൾ ഉണ്ടാക്കിയ മുറിവ് ആഴത്തിലുള്ള വൃണങ്ങളായി ഇപ്പോഴും നീറുന്നു.

Summary

On the 21st anniversary of the 2004 Indian Ocean Tsunami, we remember the catastrophic event triggered by a 9.1 magnitude earthquake in Sumatra that unleashed 100-foot waves across 14 nations. This unprecedented disaster claimed over 250,000 lives worldwide, with heavy casualties reported in Indonesia, Sri Lanka, and coastal India. Two decades later, the memories of the lives lost and the villages erased remain a deep wound for survivors, especially in regions like Kerala and Andaman, which were severely impacted by the surge.

Related Stories

No stories found.
Times Kerala
timeskerala.com