
ഒസ്‌ലോ: വെനിസ്വേലയിലെ പ്രതിപക്ഷ നേതാവും ജനാധിപത്യ പ്രവർത്തകയുമായ മരിയ കൊറീന മചാഡോയ്ക്ക് ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്‌കാരം.
"വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുള്ള അവരുടെ അക്ഷീണ പ്രയത്‌നത്തിനും, സ്വേച്ഛാധിപത്യത്തിൽനിന്ന് ജനാധിപത്യത്തിലേക്ക് നീതിയുക്തവും സമാധാനപരവുമായ ഒരു മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ്" മചാഡോയ്ക്ക് പുരസ്‌കാരം നൽകുന്നതെന്ന് നൊബേൽ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. വളർന്നുവരുന്ന അന്ധകാരത്തിനിടയിൽ ജനാധിപത്യത്തിൻ്റെ ദീപശിഖ അണയാതെ കാക്കുന്ന, ധീരയും പ്രതിബദ്ധതയുമുള്ള സമാധാനത്തിൻ്റെ വക്താവാണ് 2025-ലെ പുരസ്‌കാര ജേതാവെന്നും കമ്മിറ്റി വ്യക്തമാക്കി.
ട്രംപിന് നിരാശ; മചാഡോയുടെ നേട്ടങ്ങൾ
സമാധാന നൊബേലിന് തനിക്കാണ് ഏറ്റവും കൂടുതൽ അർഹതയെന്ന യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നിരന്തരമായ വാദങ്ങൾക്കിടയിലാണ് മചാഡോയുടെ ഈ പ്രഖ്യാപനം വന്നിരിക്കുന്നത്. അധികാരത്തിലേറി ഏഴുമാസത്തിനകം ഏഴ് അന്താരാഷ്ട്ര സംഘർഷങ്ങൾ/യുദ്ധങ്ങൾ താൻ പരിഹരിച്ചതായി ട്രംപ് വാദിച്ചിരുന്നു.
കഴിഞ്ഞ വർഷം, യൂറോപ്യൻ യൂണിയൻ അവരുടെ പരമോന്നത മനുഷ്യാവകാശ പുരസ്‌കാരം മരിയ കൊറീന മചാഡോയ്ക്കും മറ്റൊരു വെനിസ്വേലൻ പ്രതിപക്ഷ രാഷ്ട്രീയക്കാരനായ എഡ്മുണ്ടോ ഗോൺസാലസ് ഉറൂട്ടിയയ്ക്കും സംയുക്തമായി സമ്മാനിച്ചിരുന്നു. ജനാധിപത്യത്തിനു വേണ്ടിയുള്ള മചാഡോയുടെ പോരാട്ടങ്ങൾക്ക് ലഭിക്കുന്ന ഏറ്റവും വലിയ ആഗോള അംഗീകാരമാണിത്.