
കോർബ: കാമുകിയോടുള്ള പ്രണയം തെളിയിക്കുന്നതിൻ്റെ ഭാഗമായി വിഷാംശമുള്ള പദാർത്ഥം കഴിച്ചതായി പറയപ്പെടുന്ന 20 വയസ്സുകാരന് ദാരുണാന്ത്യം. ഛത്തീസ്ഗഢിലെ കോർബ ജില്ലയിലാണ് സംഭവം. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് മരണപ്പെട്ടത്. ഒരു യുവതിയുമായി പ്രണയത്തിലായിരുന്ന കൃഷ്ണ കുമാറിൻ്റെ ബന്ധം പെൺകുട്ടിയുടെ വീട്ടുകാർ അറിഞ്ഞതിനെത്തുടർന്ന് യുവാവിനെ വീട്ടിലേക്ക് വിളിപ്പിച്ചു.
സെപ്റ്റംബർ 25-നാണ് കൃഷ്ണ കുമാർ യുവതിയുടെ വീട്ടിലെത്തിയത്. തങ്ങളുടെ മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായാണ് ആരോപണം.
യുവാവ് ഈ പദാർത്ഥം കഴിച്ചതിനെത്തുടർന്ന് അവശനിലയിലാകുകയും ഉടൻതന്നെ കുടുംബാംഗങ്ങളെ വിവരം അറിയിക്കുകയും ചെയ്തു. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ നിർബന്ധിച്ചുവെന്ന് യുവാവിൻ്റെ കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.