
വാഷിംഗ്ടൺ ഡി.സി.: ജോലി സ്ഥലത്തെ ലാപ്‌ടോപ്പിൽ ഒരു ലക്ഷത്തിലധികം അശ്ലീല ചിത്രങ്ങൾ സൂക്ഷിച്ചതിനെ തുടർന്ന് യു.എസ്. ഡിപ്പാർട്‌മെന്റ് ഓഫ് എനർജിയിലെ (U.S. Department of Energy) ഒരു ജീവനക്കാരന്റെ സുരക്ഷാ അനുമതി (Security Clearance) റദ്ദാക്കി. 1,87,000 അശ്ലീല ചിത്രങ്ങളാണ് ഇയാൾ ലാപ്‌ടോപ്പിൽ അപ്‌ലോഡ് ചെയ്തിരുന്നത്.
വിവരം ലഭിച്ചതിനെ തുടർന്ന് 2023 മാർച്ചിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ലാപ്‌ടോപ്പിൽ ചിത്രങ്ങളുടെ വലിയ ശേഖരം കണ്ടെത്തിയത്. ന്യൂക്ലിയർ വിവരങ്ങൾ ഉൾപ്പെടെയുള്ള ഓഫീസ് രേഖകൾ കൈകാര്യം ചെയ്യാനുള്ള സുരക്ഷാ അനുമതിയാണ് ഇതോടെ ജീവനക്കാരന് നഷ്ടപ്പെട്ടത്.
30 വർഷത്തെ ശേഖരം; ന്യായീകരണം വിചിത്രം
കഴിഞ്ഞ 30 വർഷമായി താൻ ശേഖരിച്ച ചിത്രങ്ങളാണ് ലാപ്‌ടോപ്പിൽ ഉണ്ടായിരുന്നതെന്നാണ് ജീവനക്കാരൻ സമ്മതിച്ചത്. എന്നാൽ, ഇതിനെ ന്യായീകരിക്കാൻ ഇയാൾ വിചിത്രമായ വാദങ്ങളാണ് നിരത്തിയത്. ഇമേജ് ജനറേറ്റർ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് (AI) വേണ്ടിയുള്ള ഡാറ്റയായി ഉപയോഗിക്കാൻ വേണ്ടിയാണ് ഇത് ശേഖരിച്ചത്. താൻ വിഷാദരോഗത്താൽ ബുദ്ധിമുട്ടുകയായിരുന്നു. ഈ വിഷാദകാലത്തെ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാൻ വേണ്ടിയാണ് എ.ഐ. ടൂളുകൾ ഉപയോഗിച്ചു തുടങ്ങിയത്.
മാനസികാരോഗ്യ പ്രശ്‌നം
തുടർന്ന്, ഡിപ്പാർട്‌മെന്റ് ഓഫ് എനർജിയുടെ കരാറിലുള്ള ഒരു സൈക്കോളജിസ്റ്റ് ഇയാളെ പരിശോധിച്ചു. ജീവനക്കാരൻ കടുത്ത വിഷാദത്തിലൂടെയാണ് കടന്നുപോകുന്നതെന്നും, ഇത് നിയമങ്ങളും നയങ്ങളും പാലിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ ബാധിച്ചുവെന്നും സൈക്കോളജിസ്റ്റ് വിലയിരുത്തി.മാനസികാരോഗ്യക്കുറവാണ് തന്റെ പ്രവൃത്തിക്ക് കാരണമെന്ന് തെളിയിക്കുന്ന രേഖകളും ജീവനക്കാരൻ വിചാരണ സമയത്ത് ഹാജരാക്കി. ഇനി ഇത്തരം പ്രവൃത്തികൾ ആവർത്തിക്കില്ലെന്നും അതിനായുള്ള ചികിത്സകൾ നടത്തുന്നുണ്ടെന്നും ഇയാൾ കോടതിയെ അറിയിച്ചു.