

സെമറാങ്: ഇന്തോനേഷ്യയിലെ (Indonesia) സെൻട്രൽ ജാവ പ്രവിശ്യയിൽ അതിവേഗത്തിൽ വന്ന യാത്രാബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ സെമറാങ് നഗരത്തിന് സമീപമുള്ള ക്രാപ്യാക് ഹൈവേ ഇന്റർചേഞ്ചിലായിരുന്നു അപകടം നടന്നത്. തലസ്ഥാനമായ ജക്കാർത്തയിൽ നിന്ന് യോഗ്യാകാർട്ടയിലേക്ക് പോവുകയായിരുന്നു ബസ്.
അമിതവേഗതയിൽ വന്ന ബസ് ഹൈവേയിലെ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ ബാരിയറിൽ ഇടിക്കുകയും ഒരു വശത്തേക്ക് മറിയുകയുമായിരുന്നുവെന്ന് രക്ഷാപ്രവർത്തകർ അറിയിച്ചു. 34 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 15 പേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ മറ്റ് യാത്രക്കാരെ സെമറാങ്ങിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ.
രക്ഷാസേനയും പോലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം പൂർത്തിയാക്കി. അപകടത്തെക്കുറിച്ച് അധികൃതർ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കാലപ്പഴക്കമുള്ള വാഹനങ്ങളും ട്രാഫിക് നിയമങ്ങളുടെ ലംഘനവും കാരണം ഇന്തോനേഷ്യയിൽ ഇത്തരം വാഹനാപകടങ്ങൾ പതിവാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
At least 16 people were killed when a high-speed passenger bus overturned on a highway in Indonesia's Central Java province. The bus was traveling from Jakarta to Yogyakarta when it lost control at a curved ramp near Semarang city and hit a roadside barrier. While 15 victims died at the scene, one more succumbed to injuries at the hospital, and an investigation into the cause of the crash is currently underway.