
ടോക്കിയോ: ജപ്പാനിൽ ജൂൺ 21 മുതൽ ഇന്ന് പുലർച്ചെ വരെ രേഖപ്പെടുത്തിയത് 1,582 ഭൂകമ്പങ്ങളെന്ന് റിപ്പോർട്ട്(earthquake). കടലിനടിയിലുള്ള അഗ്നിപർവ്വത സ്ഫോടനമാണ് ഇതിന് കാരണമെന്നാണ് ഭൂകമ്പ വിദഗ്ദ്ധ ശാസ്ത്രജ്ഞർ വെളിപ്പെടുത്തിയത്. ഭൂചലനം എത്ര നാൾ തുടരുമെന്ന് പറയാനാവില്ലെന്നും ശാസ്ത്രജ്ഞർ വ്യക്തമാക്കി. ഭൂകമ്പങ്ങളെ തുടർന്ന് തെക്കൻ ജപ്പാനിലെ വിദൂര ദ്വീപുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ചിട്ടുണ്ട്. ഭൂചലനങ്ങൾ ജനങ്ങളിൽ കടുത്ത സമ്മർദ്ദം സൃഷ്ടിച്ചതായും പലർക്കും ഉറക്കം നഷ്ടപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, ലോകത്തിലെ ഏറ്റവും ഭൂകമ്പ സജീവമായ രാജ്യങ്ങളിലൊന്നായ ജപ്പാനിൽ ഒരു വർഷം ഏകദേശം 1,500 ഓളം ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. മാത്രമല്ല; ലോകത്തിലെ ഭൂകമ്പങ്ങളുടെ 18% വും ജപ്പാനിലാണ് സംഭവിക്കുന്നത്. എന്നാൽ ദിവസങ്ങൾ കൊണ്ട് ജപ്പാനിൽ 1,582 ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.