വാഷിങ്ടൺ: നിശ്ചിത സമയത്തിനകം ആണവക്കരാറിൽ ഒപ്പുവെച്ചില്ലെങ്കിൽ ഇറാനെതിരെ പരിമിതമായ സൈനിക നീക്കം നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കരാറിനായി 15 ദിവസത്തെ സമയം മാത്രമാണ് നൽകിയിട്ടുള്ളതെന്നും അല്ലാത്തപക്ഷം അത് ഇറാന് ‘ദൗർഭാഗ്യകരമായ’ ഫലങ്ങൾ ഉണ്ടാക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.(15 days for deal, otherwise there will be unfortunate consequences, Trump threatens attack on Iran)
10 മുതൽ 15 ദിവസത്തിനകം അർഥവത്തായ കരാർ ഉണ്ടായില്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകുമെന്ന് ബോർഡ് ഓഫ് പീസ് സമ്മേളനത്തിലും ട്രംപ് വ്യക്തമാക്കി. 2003-ലെ ഇറാഖ് യുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സേനാവിന്യാസമാണ് അമേരിക്ക പശ്ചിമേഷ്യയിൽ നടത്തിയിരിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ ‘ജെറാൾഡ് ആർ ഫോർഡ്’ മെഡിറ്ററേനിയൻ തീരത്തെത്തിക്കഴിഞ്ഞു. ‘എബ്രഹാം ലിങ്കൺ’ എന്ന വിമാനവാഹിനി നേരത്തെ തന്നെ മേഖലയിലുണ്ട്.
ഇറാനെ ആക്രമിക്കാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോ ഗാർഷ്യ ഉൾപ്പെടെയുള്ള ബ്രിട്ടീഷ് താവളങ്ങൾ യുഎസ് ഉപയോഗിച്ചേക്കുമെന്ന് ട്രംപ് സാമൂഹിക മാധ്യമങ്ങളിലൂടെ സൂചിപ്പിച്ചു. യുഎസ് ആക്രമണമുണ്ടായാൽ പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങൾ തകർക്കുമെന്ന് യുഎന്നിലെ ഇറാൻ സ്ഥാനപതി അമീർ സയിദ് ഇറാവാനി പ്രഖ്യാപിച്ചു. പ്രത്യാക്രമണം നടത്താൻ ഇറാനു നിയമപരമായ അവകാശമുണ്ടെന്ന് കാണിച്ച് യുഎൻ സെക്രട്ടറി ജനറലിനും രക്ഷാസമിതി അധ്യക്ഷനും ഇറാൻ കത്തയച്ചു.
സമാധാനപരമായ ആണവ പ്രവർത്തനമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും നയതന്ത്ര പരിഹാരങ്ങൾക്ക് സന്നദ്ധമാണെന്നും ഇറാൻ ആവർത്തിച്ചു. അമേരിക്കയുടെ സഖ്യകക്ഷിയായ ഇസ്രയേലിനുനേരെ ഇറാൻ ആക്രമണം നടത്തിയാൽ ‘ചിന്തിക്കാൻ പോലുമാകാത്ത’ തിരിച്ചടി നൽകുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഭീഷണി മുഴക്കി. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ സൈന്യത്തിന് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

