പാപ്പിരി: നൈജീരിയയിലെ നൈജർ സ്റ്റേറ്റിലുള്ള കത്തോലിക്കാ സ്കൂളിൽ നിന്ന് സായുധ സംഘം തട്ടിക്കൊണ്ടുപോയ 130 വിദ്യാർത്ഥികളെക്കൂടി മോചിപ്പിച്ചു. നൈജറിലെ പാപ്പിരിയിലുള്ള സെന്റ് മേരീസ് കത്തോലിക്കാ സ്കൂളിലെ വിദ്യാർത്ഥികളാണ് ആഴ്ചകൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ സുരക്ഷിതരായി പുറത്തെത്തിയത്. ആശ്വാസകരമായ ഉജ്ജ്വല നേട്ടമെന്നാണ് നൈജീരിയൻ ഫെഡറൽ ഗവൺമെന്റ് ഈ നടപടിയെ വിശേഷിപ്പിച്ചത്.(130 more students kidnapped by armed group in Nigeria freed)
നവംബർ 21-നാണ് സ്കൂളിൽ അതിക്രമിച്ചു കയറിയ സായുധ സംഘം ഏകദേശം 250 കുട്ടികളെ തട്ടിക്കൊണ്ടുപോയത്. ഡിസംബർ ആദ്യവാരത്തിൽ 100 കുട്ടികളെ മോചിപ്പിച്ചിരുന്നു. ഇപ്പോൾ 130 പേരെക്കൂടി വിട്ടയച്ചതോടെ പിടിയിലുണ്ടായിരുന്ന 230 കുട്ടികളും പുറത്തെത്തിയതായി പ്രസിഡന്റിന്റെ വക്താവ് അറിയിച്ചു.
അക്രമം നടന്ന സമയത്ത് തന്നെ 50 കുട്ടികൾ ഓടി രക്ഷപ്പെട്ടിരുന്നുവെന്ന് നൈജീരിയയിലെ ക്രിസ്ത്യൻ അസോസിയേഷൻ വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികളെ വിട്ടയയ്ക്കാൻ സായുധ സംഘത്തിന് മോചനദ്രവ്യം നൽകിയോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത നൽകിയിട്ടില്ല. സാധാരണയായി ഇത്തരം സംഭവങ്ങളിൽ ഭീമമായ തുക മോചനദ്രവ്യമായി ആവശ്യപ്പെടാറുണ്ടെങ്കിലും, സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മോചിതരായ കുട്ടികൾ തിങ്കളാഴ്ചയോടെ മിന്നയിൽ എത്തുമെന്നാണ് റിപ്പോർട്ട്.
നൈജീരിയയിൽ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾ വർധിച്ചുവരികയാണ്. നവംബർ 18-ന് ക്വാരയിലെ ക്രൈസ്റ്റ് അപോസ്തലിക് പള്ളിയിൽ നിന്ന് 38 പേരെ തട്ടിക്കൊണ്ടുപോയിരുന്നു. ആ സംഭവത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തു.