ഇസ്ലാമാബാദ് : പാകിസ്താനില്‍ ചാവേറാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടു. സ്‌ഫോടനത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകൾ. ഇസ്ലാമാബാദ് കോടതി സമുച്ചയത്തിന് സമീപത്തായി കാർ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.30ഓടെയാണ് ആക്രമണമുണ്ടായത്. സംഭവസ്ഥലത്ത് നിന്നും ആറ് കിലോമീറ്റര്‍ അകലെ വരെ സ്‌ഫോടന ശബ്ദം കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രവൃത്തി ദിവസമായതുകൊണ്ട് തന്നെ കോടതി പരിസരത്ത് നിരവധി അഭിഭാഷകരും ഉണ്ടായിരുന്നു.സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടായി.
സംഭവത്തില്‍ അഫ്ഗാനിസ്ഥാനെ കുറ്റപ്പെടുത്തി പാക് പ്രതിരോധ മന്ത്രി ഖവാജ ആസിഫ് രംഗത്തെത്തി. ജില്ലാ കോടതി ആക്രമിക്കാന്‍ ചാവേറാക്രമണത്തിലൂടെ ശ്രമിച്ചെങ്കിലും കോടതിക്കുള്ളിലേക്ക് ഇവര്‍ക്ക് കടക്കാന്‍ സാധിച്ചില്ലെന്ന് പാകിസ്താന്‍ ആഭ്യന്തര മന്ത്രി മുഹ്‌സിന്‍ നഖ്‌വി അറിയിച്ചു.