
ഒരു മനുഷ്യന്റെ ജീവിതത്തിൽ ഏറ്റവും വിലപ്പെട്ടത് സമയമാണ്. കടന്നുപോകുന്ന ഓരോ സെക്കൻഡിനും അതിന്റേതായ മൂല്യമുണ്ട്. നഷ്ടപ്പെട്ട സമ്പത്ത് വീണ്ടും നേടാം, നഷ്ടപ്പെട്ട ബന്ധങ്ങൾ വീണ്ടെടുക്കാം, പക്ഷേ നഷ്ടപ്പെട്ട സമയം ഒരിക്കലും തിരികെ വരില്ല. സമയത്തെ പോലെ ഏറെ വിലപ്പെട്ടതാണ് സമയം കാട്ടിത്തരുന്ന വാച്ചുകളും. ഇന്ന്, ആഭരണവും ആഡംബരവുമായി വാച്ചുകൾ മാറിക്കഴിഞ്ഞു. ആഡംബരം എന്ന് പറയുമ്പോൾ, ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള ആഡംബര വസ്തുക്കളിൽ ഒന്നാണ് വാച്ചുകൾ. എങ്കിൽ പിന്നെ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള പത്തു വാച്ചുകൾ ഏതൊക്കെയാണ് എന്ന് നോക്കിയാലോ. (10 Most Expensive Watches In The World)
1. ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ - 480 കോടി
ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള വാച്ചുകളിൽ ഒന്നാം സ്ഥാനത്താണ് ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ വാച്ച്. 55 മില്യൺ ഡോളർ ആണ് ഈ വാച്ചിന്റെ മൂല്യം അതായത് ഇന്ത്യ രൂപ 480 കോടിയോളം വരും. 1960 ൽ ലണ്ടനിലാണ് ഗ്രാഫ് ഡയമണ്ട്സ് സ്ഥാപിതമായത്. 2014-ൽ ഗ്രാഫ് ഡയമണ്ട്‌സിൻ്റെ ചെയർമാൻ ലോറൻസ് ഗ്രാഫാണ് ഗ്രാഫ് ഡയമണ്ട്സ് ഹാലൂസിനേഷൻ നിർമ്മിച്ചത്. 110 കാരറ്റിലധികം ഭാരമുള്ള അപൂർവവും വർണ്ണാഭമായ വജ്രങ്ങളുടെ ഒരു കലൈഡോസ്കോപ്പിക് ശ്രേണി ഉൾക്കൊള്ളുന്ന ഈ വാച്ച് ആഡംബരത്തിന്റെയും കരകൗശലത്തിന്റെയും ഉത്തമ ഉദാഹരണമാണ്. ഫാൻസി പിങ്ക്, ഫാൻസി യെല്ലോ, ഫാൻസി ഗ്രീൻ, ഫാൻസി ബ്ലൂ എന്നിവയുൾപ്പെടെ എല്ലാ നിറങ്ങളിലുമുള്ള വജ്രങ്ങളും, എമറാൾഡ്, ഹാർട്ട്, പിയർ, മാർക്വിസ്, റൗണ്ട് എന്നിവയുൾപ്പെടെയുള്ള കട്ടുകളും സംയോജിപ്പിച്ചാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്.
2. ഗ്രാഫ് ഡയമണ്ട്സ് ദി ഫാസിനേഷൻ - 349 കോടി
ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള രണ്ടാമത്തെ വാച്ചും ഗ്രാഫ് ഡയമണ്ട്സിന്റേത് തന്നെ. ചെയർമാൻ ലോറൻസ് ഗ്രാഫ് തന്നെയാണ് ഈ വാച്ചിന്റെയും പിന്നിൽ. 2015 ലാണ് ഈ വാച്ച് നിർമ്മിക്കുന്നത്. 38 കാരറ്റ് പിയർ ആകൃതിയിലുള്ള വജ്രമാണ് ദി ഫാസിനേഷനിൽ ഉള്ളത്. പ്ലാറ്റിനം ബ്രേസ്‌ലെറ്റിൽ സജ്ജീകരിച്ചിരിക്കുന്ന 152.96 കാരറ്റ് വെളുത്ത വജ്രങ്ങൾ കൊണ്ട് നിറഞ്ഞതാണ് ഈ വാച്ച്. ഇത് ഒരു വച്ചായും ഒരു മോതിരമായും ധരിക്കുവാൻ സാധിക്കുന്നു. 30 മില്യൺ ഡോളറാണ് ഈ വാച്ചിന്റെ വില, അതായത് 349 കോടി രൂപ.
3. പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം റഫ. 6300A-010 - 270 കോടി
47.4mm വ്യാസവും 16.1mm കനവുമുള്ള സ്റ്റെയിൻലെസ്-സ്റ്റീൽ കേസ് ഉപയോഗിച്ച് രൂപകൽപ്പന ചെയ്തിരിക്കുന്ന പാടെക് ഫിലിപ്പ് ഗ്രാൻഡ്മാസ്റ്റർ ചൈം റഫ. 6300A-010 ആണ് ലോകത്തിലെ ഏറ്റവും വിലപ്പിടിപ്പുള്ള മൂന്നാമത്തെ വാച്ച്. 2019 ൽ നിർമ്മിച്ച ഈ വാച്ചിന്റെ മൂല്യം ഏകദേശം 31 മില്യൺ ഡോളറാണ്, ഇന്ത്യൻ മൂല്യം 270 കോടിയോളം വരും. ഈ വാച്ച് രൂപകൽപന ചെയ്തിരിക്കുന്നത് ഡ്യുവൽ ഫേസ് ഡിസൈനിലാണ്. രണ്ട് വ്യത്യസ്ത ഡയലുകളാണ് വാച്ചിനുള്ളത്. ഒരു വശത്ത് കൈകൊണ്ട് നിർമ്മിച്ച ഗില്ലോച്ചെ ഹോബ്‌നെയിൽ പാറ്റേണുള്ള റോസ് ഗോൾഡ് ഡയലും മറുവശത്ത് സ്വർണ്ണത്തിൽ തീർത്ത ബ്രെഗറ്റ് അക്കങ്ങളും പ്രദർശിപ്പിക്കുന്നു.
4. ബ്രെഗേറ്റ് ഗ്രാൻഡെ കോംപ്ലിക്കേഷൻ മേരി ആൻ്റോനെറ്റ് - 250 കോടി
'ക്വീൻ' അല്ലെങ്കിൽ 'ബ്രെഗറ്റ് നമ്പർ 160' എന്നും അറിയപ്പെടുന്നു ബ്രെഗറ്റ് ഗ്രാൻഡെ കോംപ്ലിക്കേഷൻ മേരി ആന്റോനെറ്റ്. 30 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വാച്ചിന്റെ ഇന്ത്യൻ മൂല്യം 250 കോടിയോളം വരും. അസാധാരണമായ ചരിത്രമുള്ള ഒരു അസാധാരണ വാച്ച്, ഈ വാച്ചിനെ ലോകം വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. സ്വിസ് വാച്ച് നിർമ്മാതാവായ അബ്രഹാം-ലൂയിസ് ബ്രെഗറ്റാണ് ഈ വാച്ചിന്റെ സ്രഷ്ടാവ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഫ്രഞ്ച് രാജ്ഞി മേരി ആൻ്റോനെറ്റിന് വേണ്ടി നിർമ്മിച്ചതാണ് ഈ സ്വർണ്ണ വാച്ച്. രാജ്ഞിയുടെ കാമുകൻ എന്ന് കരുതപ്പെടുന്ന കൗണ്ട് ഹാൻസ് ആക്സൽ വോൺ ഫെർസൺ ആണ് ഈ വാച്ച് രാജ്ഞിക്കായി പണിയുവാൻ അബ്രഹാം-ലൂയിസിനോട് ആവശ്യപ്പെടുന്നത്.
5. ജെയ്‌ഗർ-ലെകോൾട്രെ ജോയ്‌ലറി 101 മാഞ്ചെറ്റ് - 226 കോടി
വെളുത്ത സ്വർണ്ണം കൊണ്ട് നിർമ്മിച്ച ജെയ്ഗർ-ലെകൂൾട്രെ ജോയിലറി 101 മാഞ്ചെറ്റ് ലോകത്തിലെ വിലപ്പിടിപ്പുള്ള വാച്ചുകളിൽ ഒന്നാണ്. പൂർണമായും കൈകൾ കൊണ്ട് പണിത ഈ വാച്ച് എലിസബത്ത് രാജ്ഞിയുടെ 60 വർഷത്തെ ഭരണത്തിന്റെ ഓർമ്മയ്ക്കായി ഒരു പ്രത്യേക സമ്മാനം എന്ന രീതിയിൽ രൂപകൽപ്പന ചെയ്തതാണ്. 576 വജ്രങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു ഈ വാച്ചിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത ഇതിന്റെ മെക്കാനിക്കൽ ചലനമാണ്. ഏറ്റവും ചെറിയ മെക്കാനിക്കൽ ചലനമായ കാലിബർ 101 ചലനമാണ് വാച്ചിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 26 മില്യൺ ഡോളർ വിലയുള്ള ഈ വാച്ചിന്റെ ഇന്ത്യയിലെ മൂല്യം 226 കോടിയാണ്.
6. പാടെക് ഫിലിപ്പ് ഹെൻറി ഗ്രേവ്സ് സൂപ്പർ കോംപ്ലിക്കേഷൻ - 226 കോടി
1933-ൽ അമേരിക്കൻ ബാങ്കർ ഹെൻറി ഗ്രേവ്സിനായി നിർമ്മിച്ച ഒരു സ്വർണ്ണ പോക്കറ്റ് വാച്ചാണ് പാടെക് ഫിലിപ്പ് ഹെൻറി ഗ്രേവ്സ് സൂപ്പർകോംപ്ലിക്കേഷൻ. ഏഴു വർഷം കൊണ്ടാണ് ഈ വാച്ചിന്റെ നിർമ്മാണം പൂർത്തിയാക്കുന്നത്. 18 കാരറ്റ് സ്വർണ്ണം കൊണ്ടാണ് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും സങ്കീർണ്ണമായ മെക്കാനിക്കൽ ടൈംപീസുകളിൽ ഒന്നാണിത്. 1932 ൽ നിർമ്മിച്ച ഈ മാനുവൽ മൂവ്മെന്റ് ടൈംപീസിന്റെ വില 26 മില്യൺ ഡോളറാണ്.
7. ചോപാർഡ് 201-കാരറ്റ് - 217 കോടി
874 വജ്രങ്ങൾ അടങ്ങുന്നു ചോപാർഡ് 201 കാരറ്റ് വാച്ചിൽ. 25 മില്യൺ ഡോളർ വിലമതിക്കുന്ന ഈ വാച്ചിന് ഏകദേശം 217 കോടിയാണ് ഇന്ത്യൻ വിപണിയിലെ മൂല്യം. 2000-ൽ നിർമ്മിച്ച ഈ വാച്ചിൽ 11 കാരറ്റ് വെള്ള വജ്രം, 12 കാരറ്റ് നീല വജ്രം, 15 കാരറ്റ് പിങ്ക് വജ്രം, മഞ്ഞയും വെള്ളയും വജ്രങ്ങളുടെ 163 കാരറ്റ് സംയോജനം അടങ്ങിയിരിക്കുന്നു. വാച്ചിന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന് സ്പ്രിംഗ്-ലോഡഡ് മെക്കാനിസമാണ്.
8. റോളക്സ് പോൾ ന്യൂമാൻ ഡേറ്റോണ റഫ. 6239 - 162 കോടി
റോളക്സ് “പോൾ ന്യൂമാൻ” ഡേറ്റോണ റഫ്. 6239 ലോകത്തിലെ ഏറ്റവും പ്രശസ്തമായ വാച്ചുകളിൽ ഒന്നാണ്. സ്റ്റൈൻലെസ്സ് സ്റ്റീലിൽ നിർമ്മിച്ച ഈ വാച്ച് പ്രശസ്ത ഹോളിവുഡ് നടൻ പോൾ ന്യൂമാന്റെ ഭാര്യ അദ്ദേഹത്തിന് സമ്മാനിച്ചതായിരുന്നു. 2017 ൽ ലേലത്തിൽ ഈ വാച്ച് വിൽക്കുന്നത് 17.8 മില്യൺ ഡോളറിനായിരുന്നു.
9. ജേക്കബ് & കോ ബില്യണയർ വാച്ച് - 156 കോടി
പേര് പോലെ തന്നെ കോടിശ്വരന്മാർക്ക് വേണ്ടിയുള്ള വാച്ച്. 18 കാരറ്റ് വെള്ള സ്വർണ്ണത്തിൽ നിർമ്മിച്ച വാച്ച് ഒരു ബ്രേസ്ലെറ്റ് പോലെയാണ്. ഇതിൽ 260 കാരറ്റിലധികം എമറാൾഡ് കട്ട് ഡയമണ്ടുകൾ കൊണ്ട് അലങ്കരിച്ച മനോഹരമായ സ്കെലറ്റൺ ഡയലാണ് വാച്ചിന്റെത്. ഏകദേശം 18 മില്യൺ ഡോളറിന് അടുത്തയാണ് ബില്യണയർ വാച്ചിന്റെ വില. 189 കാരറ്റ് അശോക വജ്രങ്ങളാണ് ജേക്കബ് & കോ ബില്യണയർ വാച്ചിന്റെ ഏറ്റവും ആകർഷകമായ ഘടകം. സാധാരണ എമറാൾഡ് കട്ട് ഡയമണ്ടുകളേക്കാൾ 30 ശതമാനം വലുതായി തോന്നുന്ന വിധത്തിലാണ് ഇവയെ വാച്ചിൽ ഒരുക്കിയിരിക്കുന്നത്.
10. പാടെക് ഫിലിപ്പ് സ്റ്റെയിൻലെസ് സ്റ്റീൽ റഫ. 1518 – 100 കോടി
പാടെക് ഫിലിപ്പ് സ്റ്റെയിൻലെസ് സ്റ്റീൽ റെഫ. 1518, ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും അപൂർവവും വിലപ്പെട്ടതുമായ വാച്ചുകളിൽ ഒന്ന്. 12 ദശലക്ഷം ഡോളർ വിലമതിക്കുന്ന ഈ വാച്ച് ഏകദേശം 100 കോടി ഇന്ത്യൻ രൂപയോളം വരും. ലോകത്തിലെ ആദ്യത്തെ സീരിയലായി നിർമ്മിച്ച പെർപെച്വൽ കലണ്ടർ ക്രോണോഗ്രാഫ് റിസ്റ്റ് വാച്ചായിരുന്നു ഇത്. മഞ്ഞ, റോസ് ഗോൾഡ് നിറങ്ങളിൽ വരുന്ന മിക്ക പാടെക് ഫിലിപ്പ് വാച്ചുകളിൽ നിന്ന് വ്യത്യസ്തമായി സ്റ്റെയിൻലെസ് സ്റ്റീൽ കേസ് ഉണ്ട് ഈ വാച്ച് നിർമ്മിച്ചിരിക്കുന്നത്. സ്റ്റീൽ സ്വർണ്ണത്തേക്കാൾ ആഡംബരം കുറഞ്ഞതായി തോന്നുമെങ്കിലും ഉയർന്ന നിലവാരത്തിൽ നിർമ്മിച്ചത് കൊണ്ട് തന്നെ ഈ വാച്ചിനെ പൊന്നിനേക്കാൾ വിലയുള്ളതാകുന്നു.