Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala
HomeWorldശത്രുകൾ വേണ്ട, ഞങ്ങൾ ഞങ്ങളെത്തന്നെ തോൽപ്പിച്ചോളാം! സ്വന്തം നിഴലിനോട് യുദ്ധം...

ശത്രുകൾ വേണ്ട, ഞങ്ങൾ ഞങ്ങളെത്തന്നെ തോൽപ്പിച്ചോളാം! സ്വന്തം നിഴലിനോട് യുദ്ധം ചെയ്ത ഓസ്ട്രിയൻ സൈന്യം; ബാറ്റിൽ ഓഫ് കാരൻസെബെസ് | Battle of Karansebes

🎙️ Latest Podcast

യുദ്ധം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് വീരപരാക്രമങ്ങളും യുദ്ധതന്ത്രങ്ങളുമാണ്. എന്നാൽ മദ്യം കാരണം സ്വന്തം സൈന്യത്തെ തന്നെ കൊന്നുതള്ളിയ, ശത്രുവിന് വിയർപ്പൊഴുക്കാതെ വിജയം സമ്മാനിച്ച ഒരു യുദ്ധത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? 1788-ൽ നടന്ന ‘ബാറ്റിൽ ഓഫ് കാരൻസെബെസ്'(Battle of Karánsebes) അത്തരമൊരു യുദ്ധമാണ്.

യുദ്ധക്കളത്തിൽ എതിരാളികൾ നേർക്കുനേർ വരുമ്പോൾ വെടിയുണ്ടകൾ പായുന്നത് സ്വാഭാവികമാണ്. എന്നാൽ എതിരാളി എത്തുന്നതിന് മുൻപേ സ്വന്തം നിഴലിനെ പേടിച്ച്, സ്വന്തം കൂട്ടുകാരെ വെടിവെച്ച് കൊന്ന് തോറ്റോടിയ ഒരു സൈന്യത്തിന്റെ കഥ കേട്ടാൽ ആരും ചിരിച്ചുപോവും. അത്തരത്തിൽ ഓസ്ട്രിയൻ സാമ്രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണക്കേടായി ഇന്നും അറിയപ്പെടുന്ന ഒന്നാണ് ബാറ്റിൽ ഓഫ് കാരൻസെബെസ്.

മണ്ടത്തരങ്ങളുടെ യുദ്ധത്തിന്റെ തുടക്കം

1788 സെപ്റ്റംബർ 17. ഓസ്ട്രിയയും ഓട്ടോമൻ സാമ്രാജ്യവും (തുർക്കി) തമ്മിൽ യുദ്ധം നടക്കുകയാണ്. കാരൻസെബെസ് എന്ന നഗരത്തിന് സമീപം ഏകദേശം ഒരു ലക്ഷത്തോളം വരുന്ന ഓസ്ട്രിയൻ സൈന്യം തമ്പടിച്ചു. ശത്രുക്കളായ തുർക്കി സൈന്യം എപ്പോൾ വേണമെങ്കിലും അക്രമിക്കാം എന്ന ഭീതിയിലായിരുന്നു അവർ.
രാത്രിയിൽ കുറച്ച് കുതിരപ്പടയാളികൾ (Hussars) പുഴ കടന്ന് അപ്പുറത്തെ കരയിൽ ശത്രുക്കൾ ഉണ്ടോ എന്ന് നോക്കാൻ പോയി. അവിടെ അവർക്ക് ശത്രുക്കളെ കണ്ടുകിട്ടിയില്ല, പകരം കണ്ടത് ഒരു കൂട്ടം ജിപ്സികളെയാണ്. അവരുടെ കൈവശം ധാരാളം ‘ഷനാപ്സ്’ (ഒരുതരം മദ്യം) ഉണ്ടായിരുന്നു. കുതിരപ്പടയാളികൾ ജിപ്സികളിൽ നിന്നും മദ്യം വാങ്ങി കുടിക്കാൻ തുടങ്ങി. തങ്ങൾ എന്തിനു വേണ്ടി വന്നു എന്നും പോലും ആ കൂട്ടർ ശെരിക്കും മറന്നു.

അധികം വൈകിയില്ല കാൽനടപ്പടയാളികളും മദ്യം ചോദിച്ചു aഅവിടേക്കെത്തി. എന്നാൽ കുതിരപ്പടയാളികൾ മദ്യം പങ്കുവെക്കാൻ തയ്യാറായില്ല. തർക്കം മുറുകി. ഇതിനിടയിൽ ആരോ ഒരു തമാശയ്ക്ക് ഉറക്കെ വിളിച്ചു പറഞ്ഞു: “Turks! Turks!” (തുർക്കികൾ വരുന്നു!) മദ്യലഹരിയിലായിരുന്ന സൈനികർ ഇത് കേട്ട് പരിഭ്രാന്തരായി. ശരിക്കും തുർക്കികൾ വന്നതാണെന്ന് കരുതി അവർ അങ്ങോട്ടും ഇങ്ങോട്ടും വെടിവെക്കാൻ തുടങ്ങി. ഇരുട്ടായതുകൊണ്ട് ആരാണ് ശത്രുവെന്നോ മിത്രമെന്നോ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല.

ഭാഷാപ്രശ്നം വരുത്തിവെച്ച വിന

ഓസ്ട്രിയൻ സൈന്യത്തിൽ പല രാജ്യങ്ങളിൽ നിന്നുള്ളവരും വിവിധ ഭാഷകൾ സംസാരിക്കുന്നവരും ഉണ്ടായിരുന്നു. പരിഭ്രാന്തിയിലായ സൈനികർക്ക് ഉന്നത ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശങ്ങൾ മനസ്സിലായില്ല. ഓസ്ട്രിയൻ ഓഫീസർമാർ പട്ടാളക്കാരെ ശാന്തരാക്കാൻ “Halt! Halt!” (നിൽക്കൂ!) എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു. എന്നാൽ ജർമ്മൻ ഭാഷ അറിയാത്ത മറ്റു പട്ടാളക്കാർ കരുതിയത് അവർ “Allah! Allah!” എന്ന് വിളിച്ചു പറയുകയാണെന്നാണ്. തുർക്കി സൈന്യം അക്രമം തുടങ്ങിയെന്ന് ഉറപ്പിച്ച അവർ സർവ്വശക്തിയും എടുത്ത് തിരിച്ചടിച്ചു.

ക്യാമ്പിൽ ഉണ്ടായിരുന്ന ബാക്കി സൈനികർ വിചാരിച്ചത് ശത്രുക്കൾ തങ്ങളുടെ ഉള്ളിൽ കടന്നെന്നാണ്. ആ പരിഭ്രാന്തിയിൽ അവർ സ്വന്തം പീരങ്കികൾ പ്രവർത്തിപ്പിച്ചു. പീരങ്കിയുണ്ടകൾ ചെന്നു വീണത് സ്വന്തം ആൾക്കാരുടെ ഇടയിലേക്കായിരുന്നു. ആയിരക്കണക്കിന് സൈനികർ ജീവനും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഓടി. ഓസ്ട്രിയൻ ചക്രവർത്തി ജോസഫ് രണ്ടാമൻ പോലും കുതിരപ്പുറത്ത് നിന്ന് പുഴയിൽ വീണ് കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

രണ്ട് ദിവസത്തിന് ശേഷം യഥാർത്ഥ തുർക്കി സൈന്യം കാരൻസെബെസിൽ എത്തിയപ്പോൾ അവർ കണ്ട കാഴ്ച അതിശയിപ്പിക്കുന്നതായിരുന്നു. യുദ്ധം ചെയ്യാൻ അവിടെ ആരുമില്ല! ഏകദേശം 10,000 ഓളം ഓസ്ട്രിയൻ സൈനികർ മരിച്ചും പരിക്കേറ്റും അവിടെ കിടക്കുന്നു. അങ്ങനെ ഒരൊറ്റ വെടിയുണ്ട പോലും ഉതിർക്കാതെ തുർക്കികൾ ആ പ്രദേശം കീഴടക്കി.

ചരിത്രകാരന്മാർക്കിടയിൽ ഈ യുദ്ധത്തിന്റെ വ്യാപ്തിയെക്കുറിച്ച് തർക്കങ്ങൾ ഉണ്ടെങ്കിലും, മദ്യവും തെറ്റിദ്ധാരണയും ഒരു വലിയ സൈന്യത്തെ എങ്ങനെ ഇല്ലാതാക്കും എന്നതിന് ഇതിലും മികച്ച ഉദാഹരണം വേറെയില്ല. യുദ്ധം ജയിക്കാൻ ആയുധം മാത്രം പോരാ, അല്പം വിവേകം കൂടി വേണമെന്ന് കാരൻസെബെസ് നമ്മളെ ഓർമ്മിപ്പിക്കുന്നു.

 

Summary: The Battle of Karánsebes (1788) remains one of history’s most bizarre military blunders. In a drunken brawl over alcohol, Austrian soldiers mistook their own comrades for the Ottoman enemy. Amidst language barriers and pure panic, they fired upon each other, resulting in thousands of casualties before the actual enemy even arrived.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.